- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'പരനാറിയോടുള്ള പക തീരുന്നില്ല'! പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും നേരിട്ട് ബന്ധപ്പെട്ടിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കടുംപിടുത്തം തുടര്‍ന്നു; പ്രേമചന്ദ്രന് പേരു കിട്ടാതിരിക്കാന്‍ ആ 600 കോടിയുടെ സുവര്‍ണ്ണവാസരം കേരളം വേണ്ടെന്ന് വച്ചു; എയിംസ് കിട്ടാത്തിനെ കുറ്റപ്പെടുത്തുന്നവര്‍ കൊല്ലത്ത് ഇ എസ് ഐ മെഡിക്കല്‍ കോളേജ് സാധ്യത തകര്‍ത്തു; അട്ടിമറിക്ക് പിന്നില്‍ സിപിഎം ആശുപത്രിയുടെ താല്‍പ്പര്യമോ?

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിക്കുന്നുവെന്നു നിരന്തരം പരാതിപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി. രാഷ്ട്രീയമായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് ഇതിന്റെ നേട്ടം ലഭിക്കുമെന്ന ഭയവും കൊല്ലത്തെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ബിസിനസ് താല്‍പ്പര്യവുമാണ് പദ്ധതി അട്ടിമറിക്കാന്‍ കാരണമെന്ന ആരോപണം ശക്തമാകുന്നു. ഒരിക്കല്‍ മുഖ്യമന്ത്രി 'പരനാറി' എന്നു വിളിച്ച പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍ ഇപ്പോഴും ഫയലുകളില്‍ തുടരുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എയിംസ് കേരളത്തിന് അനുവദിച്ചില്ലെന്ന് പറയുന്നവരാണ് ഈ നീക്കങ്ങള്‍ നടത്തുന്നത്.
കൊല്ലം ആശ്രാമത്തെ ഇഎസ്‌ഐ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താന്‍ ഫെബ്രുവരി മൂന്നിനകം നല്‍കേണ്ടിയിരുന്ന 'എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്' നല്‍കാതെ സര്‍ക്കാര്‍ മുഖം തിരിച്ചു. ഇതോടെ 2026-27 അധ്യയന വര്‍ഷത്തില്‍ ക്ലാസ് തുടങ്ങാനിരുന്ന പത്ത് മെഡിക്കല്‍ കോളേജുകളുടെ ദേശീയ പട്ടികയില്‍ നിന്ന് കേരളം പുറത്തായി. 600 കോടി രൂപയുടെ നിക്ഷേപവും 50 എംബിബിഎസ് സീറ്റുകളുമാണ് ഇതോടെ കൊല്ലത്തിന് നഷ്ടമാകുന്നത്. ഇതില്‍ 20 ശതമാനം സീറ്റുകള്‍ ഇഎസ്‌ഐയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്കുള്ളതായിരുന്നു. കൊല്ലത്തിന് വലിയ നഷ്ടമാണ് ഈ വേണ്ടെന്ന് വയ്ക്കല്‍ നല്‍കുന്നത്. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിന്റെ സ്വന്തം ജില്ലയിലാണ് ഈ നഷ്ടം.
സംസ്ഥാന സര്‍ക്കാര്‍ അനുകൂലിക്കാഞ്ഞതിനാല്‍ കൊല്ലം ഇ.എസ്.ഐ. ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നതിനുള്ള സാധ്യത ഇല്ലാതാകുന്നുവെന്നതാണ് വസ്തുത. കൊല്ലം ആശ്രാമത്തെ ആശുപത്രി മെഡിക്കല്‍ കോളേജാക്കാനായിരുന്നു ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ തീരുമാനം. ഫെബ്രുവരി മൂന്നിനുമുന്‍പ്, സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സംസ്ഥാനത്തിന് അത്യാവശ്യമാണെന്ന സര്‍ട്ടിഫിക്കറ്റ് (എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്) നല്‍കണം. എന്നാല്‍, നടപടിയുണ്ടായില്ല. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനം വരുന്നത് രാഷ്ട്രീയമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍ മുഖം തിരിച്ചതെന്നാണ് ആരോപണം. ഇതിനൊപ്പമാണ് പ്രേമചന്ദ്രനോടുള്ള പകയും ചര്‍ച്ചയാകുന്നത്.
അപേക്ഷ നല്‍കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സമയം നീട്ടി നല്‍കിയിട്ടും, സൗകര്യങ്ങളുടെ കുറവുണ്ടെന്ന മുടന്തന്‍ ന്യായമുയര്‍ത്തി ആരോഗ്യമന്ത്രി ഫയല്‍ വച്ചുതാമസിപ്പിക്കുകയായിരുന്നു. കുറവുകള്‍ നികത്താമെന്ന് ഇഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ നേരിട്ട് ഉറപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ മനഃപൂര്‍വം ഫയല്‍ മടക്കി. കേന്ദ്ര പദ്ധതിയുടെ ക്രെഡിറ്റ് പ്രേമചന്ദ്രന് ലഭിക്കുമെന്ന പേടിയാണ് അട്ടിമറിക്ക് പിന്നിലെ പ്രധാന ഘടകമെന്നാണ് വിവരം. കൂടാതെ, കൊല്ലത്ത് സ്വകാര്യ ആശുപത്രികള്‍ക്ക് തുല്യമായ ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയെ സംരക്ഷിക്കാനാണ് ഈ നീക്കമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.
മുന്‍പ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് നഗരത്തില്‍ നിന്ന് അകലെയായിരുന്നതിനാല്‍ അത് സിപിഎം ആശുപത്രിയുടെ വരുമാനത്തെ ബാധിച്ചിരുന്നില്ല. എന്നാല്‍ ആശ്രാമത്ത് മെഡിക്കല്‍ കോളേജ് വന്നാല്‍ അത് വലിയ കച്ചവട നഷ്ടമുണ്ടാക്കുമെന്ന് കണ്ടാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ചുവപ്പുനാട കുരുക്കിയതെന്നാണ് ആക്ഷേപം. പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും നേരിട്ട് ബന്ധപ്പെട്ടിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കടുംപിടുത്തം തുടര്‍ന്നു. മറുപടി പറയാതെ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി, ഒടുവില്‍ വികസനത്തെ രാഷ്ട്രീയത്തിന് പണയം വയ്ക്കുകയായിരുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്.
600 കോടിയാണ് മെഡിക്കല്‍ കോളേജിനും ആശുപത്രിക്കുമായി ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ മുടക്കുക. 50 എം.ബി.ബി എസ്. സീറ്റാണുണ്ടാകുക. ഇതില്‍ 20 ശതമാനം സീറ്റ് ഇ.എസ്.ഐ.യില്‍ രജിസ്റ്റര്‍ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്യും. ആദ്യവിജ്ഞാപനപ്രകാരം നാഷണല്‍ മെഡിക്കല്‍ കമ്മിഷനില്‍ അപേക്ഷ നല്‍കേണ്ട അവസാനദിവസം ജനുവരി 28 ആയിരുന്നു. ജനുവരി ഒമ്പതിന് ഇ.എസ്.ഐ. കോര്‍പ്പറേഷന്‍ സര്‍ക്കാരിന്റെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നല്‍കി. സര്‍ട്ടിഫിക്കറ്റ് അപ്പോള്‍ത്തന്നെ നല്‍കാമെങ്കിലും സൗകര്യം പരിശോധിക്കാന്‍ ഡി.എം.ഇ.യെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജിനുവേണ്ട സൗകര്യങ്ങളുടെ കുറവുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. 25-ന് കുറവ് നികത്തി റിപ്പോര്‍ട്ട് നല്‍കണമെന്നുകാണിച്ച് കത്തുനല്‍കി.
കോളേജ് പ്രവര്‍ത്തനം തുടങ്ങുന്നതിനുമുന്‍പ് കുറവുകളെല്ലാം നികത്താമെന്ന് ജനുവരി 28-ന് രാവിലെ ഇ.എസ്.ഐ. ഡയറക്ടര്‍ ജനറല്‍ നേരിട്ട് അണ്ടര്‍ടേക്കിങ് നല്‍കി. 27-ന് ഫയല്‍ മന്ത്രിയുടെ അടുത്തെത്തിയെങ്കിലും തീരുമാനം നീണ്ടു. ഇതിനിടെ അപേക്ഷ നല്‍കേണ്ട തീയതി ഫെബ്രുവരി മൂന്നു വരെ നീട്ടി. മന്ത്രി മൂന്നാംതീയതിവരെ ഫയല്‍ കൈവശംവെച്ച ശേഷം വൈകീട്ട് സമഗ്രമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോര്‍പ്പറേഷന് ഫയല്‍ മടക്കി. മറ്റ് ഒമ്പത് സംസ്ഥാനങ്ങളും എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും കേരളം ഇത് നഷ്ടപ്പെടുത്തരുതെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ആരോഗ്യ, തൊഴില്‍ മന്ത്രിമാരെയും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. കണ്ടു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായും സംസാരിച്ചു. പക്ഷേ, ഫലമുണ്ടായില്ല. ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്ന് എം.പി. പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി തോമസുമായും ഇക്കാര്യം സംസാരിച്ചു. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് ദുരൂഹമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞു. കൊല്ലത്ത് സ്വകാര്യ ആശുപത്രികള്‍ക്ക് തുല്യമായ ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന സി.പി.എം നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ കച്ചവടതാത്പര്യമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


