തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച ചില പ്രയോഗങ്ങള്‍ സിപിഎമ്മിന് മൊത്തത്തില്‍ തിരിച്ചടിയായ ചരിത്രമുണ്ട്. എന്‍ കെ പ്രേമചന്ദ്രനെ ലാക്കാക്കി 'പരനാറി' എന്നു വിളിച്ചതോടെ കൊല്ലം ലോക്‌സഭാ സീറ്റ് എന്നേന്നേക്കുമായി സിപിഎം കൈവിട്ടു. ഇത്രയും കാലം കഴിഞ്ഞിട്ടും ആ സീറ്റ് തിരിച്ചു പിടിക്കാന്‍ സിപിഎമ്മിന് പിന്നീട് സാധിച്ചിട്ടില്ല. ഇങ്ങനെ പിണറായി വിജയന്റെ ഭാഷാ പ്രയോഗങ്ങള്‍ കൊണ്ട് പാര്‍ട്ടിക്ക് കാര്യമായി പരുക്കുപറ്റിയ സംഭവങ്ങലുണ്ട്.

പലപ്പോഴും അദ്ദേഹത്തിന്റെ പരുക്കന്‍ ശൈലിയുടെയും 'ധാര്‍ഷ്ട്യം' എന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്ന പെരുമാറ്റത്തിന്റെയും ഉദാഹരണങ്ങളായി ഇവ ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് വെളുക്കേ ചിരിച്ചുകൊണ്ട് പിണറായി രംഗത്തുവരുറുമുണ്ട്. മാധ്യമപ്രവര്‍ത്തകരോടെ 'കടക്ക് പുറത്ത്' പറഞ്ഞ പിണറായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് പഴയകഥയെന്ന് വരുത്താന്‍ 'കേറിവാടാ മക്കളേ' പ്രയോവുമായി ഒരു പി ആര്‍ അഭിമുഖം നടത്തിയതിന് പിന്നാലെയാണ് ചോദ്യം ഉന്നയിച്ച ആളോട് അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന് പിണറായി പറഞ്ഞത്.

തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായി പറഞ്ഞതാണ് കടക്ക് പുറത്ത് വാക്കുകള്‍. ഇത് അദ്ദേഹത്തിന്റെ മാധ്യമവിരുദ്ധ നിലപാടായി ഇന്നും വിമര്‍ശിക്കപ്പെടുന്നു. കൊച്ചിയില്‍ ഒരു പൊതുപരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോള്‍ രൂക്ഷമായ ഭാഷയില്‍ ആട്ടിയകറ്റിയ സംഭവം. മാറി നില്‍ക്ക് അങ്ങോട്ട് എന്നു പറഞ്ഞായിരുന്നു അന്ന് പിണറായി രംഗത്തുവന്നത്. ഈ തിരഞ്ഞെടുപ്പു കാലത്് വീണ്ടും ചെറ്റ പ്രയോഗവും വാര്‍ത്തകളില്‍ നിറയുന്നു.

മലബാറിന്റെ വാമൊഴി വഴക്കമാണെന്നാണ് പിണറായി ആരാധകര്‍ അദ്ദേഹത്തിന്റെ പ്രയോഗങ്ങളെ കുറിച്ച് പറയാറ്. മലയാള ഭാഷാ പ്രയോഗത്തിലേക്ക് ഏറ്റവും കൂടുതല്‍ ട്രോള്‍ മെറ്റീരിയലുകള്‍ സംഭാവന ചെയ്തിട്ടുള്ള രാഷ്ട്രീയ നേതാവും ഒരുപക്ഷേ അദ്ദേഹം തന്നെയാവും. പിണറായി വിജയന്‍ പലപ്പോഴായി നടത്തിയ മൂര്‍ച്ചയേറിയ ചില പരാമര്‍ശങ്ങള്‍ അറിയാം..

ബോഡി വേസ്റ്റ്

വര്‍ഷം 2012, മുഹമ്മദ് നബിയുടെ തിരുകേശവുമായി ബന്ധപ്പെട്ട വിവാദം കേരളത്തില്‍ കത്തി നില്‍ക്കുന്ന കാലം. പിണറായി വിജയന്‍ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകന് അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെ: ''മുടിയായാലും നഖമായാലും ശരീരത്തില്‍ നിന്ന് മുറിച്ചു മാറ്റിയാല്‍ പിന്നെ അതു വെറും ബോഡി വേസ്റ്റ് മാത്രമാണ്.'' കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ കേരളത്തിലെത്തിച്ച, മുഹമ്മദ് നബിയുടേത് എന്ന് അവകാശപ്പെടുന്ന മുടി ആയിരുന്നു വിവാദ വിഷയം.

പിണറായിയുടെ വിമര്‍ശനത്തിനു പിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കാന്തപുരം യുഡിഎഫിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിണറായിയുടെ അന്നത്തെ പ്രസംഗത്തിന്റെ വീഡിയോ 2020ല്‍ വീണ്ടും വൈറലായി. അപ്പോഴും താന്‍ മുന്‍പ് പറഞ്ഞ ബോഡി വേസ്റ്റ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്.

നികൃഷ്ട ജീവി

2007ലായിരുന്നു പിണറായി വിജയന്റെ കുപ്രസിദ്ധമായ നികൃഷ്ട ജീവി പ്രയോഗം. ഇതിലൂടെ ഉന്നം വച്ചത് താമരശേരി ബിഷപ് ആയിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെയും. ''സത്യം മാത്രം പറയുമെന്നു നാം കരുതുന്ന ഒരു മാന്യന്‍ ഈ രീതിയില്‍ നുണ പറയുകയാണെങ്കില്‍, എന്തുമാത്രം നികൃഷ്ടജീവിയായിരിക്കും അയാള്‍'' എന്നായിരുന്നു പിണറായിയുടെ പ്രയോഗം.

തിരുവമ്പാടി എംഎല്‍എ ആയിരുന്ന മത്തായി ചാക്കോ മരിക്കും മുന്‍പ് അന്ത്യകൂദാശ സ്വീകരിച്ചിരുന്നു എന്നു ബിഷപ് പറഞ്ഞത് നുണയായിരുന്നു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായിയുടെ പ്രതികരണം.

വിവരദോഷി

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണ് പിണറായിയുടെ 'വിവരദോഷി' പ്രയോഗം വന്നത്. നിരണം ഭദ്രാസനത്തിന്റെ മുന്‍ അധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ആയിരുന്നു ഇര. ഇടതുപക്ഷ ആശയങ്ങളോട് പരസ്യമായി തന്നെ അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള കൂറിലോസ്, തെരഞ്ഞെടുപ്പ് പരാജയത്തില്‍നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ കേരളത്തിലെ സിപിഎമ്മിന് ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വരുമെന്ന് അഭിപ്രായപ്പെട്ടതായിരുന്നു പിണറായിയെ പ്രകോപിപ്പിച്ചത്.

കുലംകുത്തി

ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ ഉദ്ദേശിച്ചായിരുന്നു പിണറായി വിജയന്റെ കുലംകുത്തി പ്രയോഗം. ''കുലംകുത്തികള്‍ എന്നും കുലംകുത്തികള്‍ തന്നെ'' എന്ന പരാമര്‍ശം കടന്നുവന്നത് സിപിഎമ്മിന്റെ അണികളെ അഭിസംബോധന ചെയ്യുന്നതിനിടെ. പിന്നീട് ഉപതെരഞ്ഞെടുപ്പ് ദിവസം ടിപിയുടെ ഭാര്യ കെ.കെ. രമയെ കാണാന്‍ വി.എസ്. അച്യുതാനന്ദന്‍ പോയതും അതുമായി ബന്ധപ്പെട്ട കോളിളക്കങ്ങളുമെല്ലാം കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗം.

എന്നാല്‍, ലോക രാഷ്ട്രീയത്തില്‍നിന്നാണ് പിണറായി ഈ പ്രയോഗം അന്നു കടമെടുത്തത്. സോവ്യറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലത്ത് പ്രസിഡന്റ് ജോസഫ് സ്റ്റാലിന്‍ തന്റെ രാഷ്ട്രീയ എതിരാളികളെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പ്രയോഗമായിരുന്നു അത്. വര്‍ഗവഞ്ചകന്‍ എന്നര്‍ഥം. യഥാര്‍ഥത്തില്‍ ടി.പി. ചന്ദ്രശേഖരനെ മാത്രമല്ല, അന്നു പാര്‍ട്ടിയില്‍ തന്റെ മറുപക്ഷത്തായിരുന്ന മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ കൂടി ഉദ്ദേശിച്ചാണ് പിണറായി ഈ കുലംകുത്തി പ്രയോഗം നടത്തിയെന്നും വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു.

കടക്ക് പുറത്ത്

വലിയൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുടെ അതൃപ്തിക്കു കാരണമായ പിണറായി വചനമായിരുന്നു ''കടക്ക് പുറത്ത്''. 2017ല്‍ നടത്തിയ ഈ പരാമര്‍ശം ഇന്നും രാഷ്ട്രീയ ട്രോളുകളിലെ ഹോട്ട് ഫേവറിറ്റുകളില്‍ തുടരുന്നു.

കേരളത്തിലെ അന്നത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരുമായി സമാധാന ചര്‍ച്ചയ്ക്ക് എത്തിയതായിരുന്നു മുഖ്യമന്ത്രി. ചര്‍ച്ച നടക്കുന്ന ഹാളില്‍ മാധ്യമ പ്രവര്‍ത്തകര്‍ അനുവാദമില്ലാതെ പ്രവേശിച്ചതാണ് മുഖ്യമന്ത്രി സ്വതസിദ്ധമായ രീതിയില്‍ ഗെറ്റൗട്ട് അടിക്കാന്‍ കാരണമായത്.

പരനാറി

തെക്കന്‍ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ നിര്‍ണായക സ്ഥാനം തന്നെയുണ്ട് പിണറായി വിജയന്റെ 'പരനാറി' എന്ന പ്രയോഗത്തിന്. അദ്ദേഹത്തിന്റെ ഫാന്‍ ബേസ് എന്നു പറയാവുന്ന വിഭാഗം ആഘോഷമാക്കിയ പ്രയോഗമാണെങ്കിലും, ഇത് സിപിഎമ്മിന് അന്നു രാഷ്ട്രീയമായി ദോഷം ചെയ്തു എന്നാണ് പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടത്.

രാഷ്ട്രീയ നിലപാടുമായി യോജിക്കാന്‍ സാധിക്കില്ലെന്ന പ്രഖ്യാപനവുമായി എല്‍ഡിഎഫ് വിട്ടുപോകുകയും, യുഡിഎഫ് പാളയത്തില്‍ ചേക്കേറുകയും ചെയ്ത ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രനെക്കുറിച്ചായിരുന്നു പരനാറി പ്രയോഗം. എന്നാല്‍, മികച്ച വാഗ്മിയും മികച്ച പാര്‍ലമെന്റേറിയനുമായി പേരെടുത്ത പ്രേമചന്ദ്രന് കക്ഷി രാഷ്ട്രീയത്തിന് അതീതമായി കിട്ടിയ പിന്തുണയ്ക്കു മുന്നില്‍ ഈ പ്രയോഗം ബൂമറാങ് ആയിപ്പോയി.

ഒക്കച്ചങ്ങായി

കോണ്‍ഗ്രസുകാര്‍ ബിജെപിയുടെ 'ഒക്കച്ചങ്ങായി' ആയി നടക്കുകയാണല്ലോ എന്ന് 2018ല്‍ പിണറായി വിജയന്‍ പരിഹസിച്ചപ്പോള്‍, മലബാറിനു തെക്കോട്ടുള്ള മലയാളികളുടെ വൊക്കാബുലറിക്ക് അതൊരു പുതിയ സംഭാവനയായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിവാദവുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം.

മലബാര്‍ മേഖലയിലെ വിവാഹച്ചടങ്ങുകളുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ് ഒക്കച്ചങ്ങായി. വിവാഹത്തിനു പോകുമ്പോള്‍ വരനെ അനുഗമിക്കുന്ന സുഹൃത്ത് എന്നര്‍ഥം. വരനെ ഒരുക്കാനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനുമെല്ലാം ഈ ഒക്കച്ചങ്ങായിക്കാണ് അവകാശം.

പിപ്പിടി വിദ്യ

വിശാല മലയാളം പദാവലിയിലേക്ക് 2022ല്‍ പിണറായി വിജയന്‍ സംഭാവന ചെയ്ത വാക്കാണ് പിപ്പിടി വിദ്യ. ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തുക എന്നിങ്ങനെയുള്ള അര്‍ഥത്തില്‍ മലബാര്‍ മേഖലയില്‍ ഉപയോഗിക്കുന്ന പേപ്പിടി വിദ്യ എന്ന പ്രയോഗത്തിന്റെ ഒരു രൂപമാണ് പിപ്പിടി വിദ്യ. പേടിപ്പിക്കാന്‍ വെറുതേ പറയുന്ന വാക്കുകളെ പിപ്പിടി വാക്കുകള്‍ എന്നു പറയും. കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം പിപ്പിടി വിദ്യ കാട്ടി കേരളത്തിലെ ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു പിണറായിയുടെ വ്യംഗ്യം.

അതുക്കും മേലേ

ഷങ്കര്‍ സംവിധാനം ചെയ്ത് വിക്രം നായകനായ ഐ എന്ന തമിഴ് സിനിമയില്‍ നിന്ന് പിണറായി വിജയന്‍ കടമെടുത്ത പഞ്ച് ഡയലോഗാണ് ''അതുക്കും മേലേ''. ആ സിനിമയെക്കുറിച്ചോ പിണറായിയുടെ രാഷ്ട്രീയത്തക്കുറിച്ചോ അറിയാത്തവര്‍ക്കിടയില്‍ പോലും പച്ച മലയാളം പ്രയോഗമായി പിന്നീടതു മാറി.

ഉഷ ഉതുപ്പിന്റെ ഗാനമേള

2008ല്‍ സിപിഎമ്മിന്റെ കോട്ടയം ജില്ലാ സമ്മേളനത്തിനിടെയാണ്, മദ്യപിച്ചെത്തിയ സ്വന്തം പാര്‍ട്ടി അണികളെ ശാസിക്കാന്‍ പിണറായി വിജയന്‍ ഉഷ ഉതുപ്പിന്റെ ഗാനമേളയെ ഉപമയാക്കിയത്. സമാപനച്ചടങ്ങില്‍ അമിതാവേശം കാട്ടിയ പാര്‍ട്ടി പ്രവര്‍ത്തകരോടു പിണറായി ചോദിച്ചത്, ''ഇതെന്താ, ഉഷ ഉതുപ്പിന്റെ ഗാനമേളയാണോ?'' എന്നായിരുന്നു.

പിന്നാലെ ഉഷ ഉതുപ്പ് ഇതിനെതിരേ പ്രതികരിച്ചതും അന്നു വാര്‍ത്തയായി. തന്റെ പരിപാടി കാണാന്‍ വരുന്നവര്‍ കള്ള് കുടിച്ച് തുള്ളുകയല്ല, പാട്ട് ആസ്വദിച്ച് നൃത്തം ചെയ്യുകയാണു ചെയ്യാറുള്ളതെന്നും, പിണറായി വിജയന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയെന്നുമായിരുന്നു ഗായികയുടെ പ്രതികരണം. ഇക്കാര്യത്തില്‍ ഒരു ഖേദപ്രകടനമെങ്കിലുമുണ്ടാകുമെന്നു താന്‍ പ്രതീക്ഷിച്ചതായും അവര്‍ പറഞ്ഞിരുന്നു.

ബക്കറ്റിലെ വെള്ളം

സിപിഎമ്മില്‍ വിഎസ് പക്ഷവും പിണറായി പക്ഷവും തമ്മില്‍ വിഭാഗീയത രൂക്ഷമായിരുന്ന കാലത്താണ്, ഉര്‍ദുവില്‍നിന്ന് കടം കൊണ്ട 'ബക്കറ്റിലെ വെള്ളം' എന്ന പ്രയോഗം വന്നത്. കടലിലെ വെള്ളത്തിനുള്ള കരുത്ത് ബക്കറ്റിലെ വെള്ളത്തിനില്ല എന്ന് അര്‍ഥം വരുന്ന രീതിയിലായിരുന്നു പരാമര്‍ശം.

എടോ ഗോപാലകൃഷ്ണാ

പ്രമുഖ മലയാളം പത്രത്തിന്റെ എഡിറ്ററെ എടോ ഗോപാലകൃഷ്ണാ എന്ന് അഭിസംബോധന ചെയ്ത് പിണറായി വിജയന്‍ നടത്തിയ പ്രസംഗവും അനുയായികളെ സംബന്ധിച്ച് മാസ് ഡയലോഗ് ആയിരുന്നു. ''കത്തി കണ്ടാല്‍ ഭയപ്പെടുന്നവരല്ല ഞങ്ങള്‍, ഒരുപാട് കത്തികള്‍ പല വഴിക്ക് വരുമ്പോള്‍ ആ വഴി നടന്നവരാണു ഞങ്ങള്‍'' എന്നായിരുന്നു ആ വാക്കുകള്‍.

താനടക്കമുള്ള സിപിഎം നേതാക്കള്‍ കത്തിയും ബോംബുമായി നടക്കുന്നവരാണ് എന്ന ആരോപണമാണ് അന്നു പിണറായിയെ ചൊടിപ്പിച്ചത്.

നല്ല നമസ്‌കാരം

കണ്ണൂര്‍ പയ്യാമ്പലത്തെ നായനാര്‍ സ്മാരക സ്തൂപത്തിനു മുന്നില്‍ പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലാണ് നല്ല നമസ്‌കാരം എന്ന പ്രയോഗം കേരളം ആദ്യമായി ഉച്ചത്തില്‍ കേള്‍ക്കുന്നത്. ''ഇതെല്ലാം ഒറ്റയ്‌ക്കൊരാള്‍ ചെയ്യുന്നതാണെന്നു കരുതുന്നവരുണ്ടെങ്കില്‍ അവര്‍ക്കു നല്ല നമസ്‌കാരം'' എന്നായിരുന്നു വി.എസ്. അച്യുതാനന്ദന്റെ അനുയായികളെ ലക്ഷ്യമിട്ടുള്ള പരാമര്‍ശം. ആ പ്രയോഗം പിന്നീട് രാഷ്ട്രീയ എതിരാളികള്‍ പോലും ഏറ്റെടുക്കുകയായിരുന്നു.

മാധ്യമ സിന്‍ഡിക്കെറ്റ്

കേരളത്തിലെ സിപിഎമ്മില്‍ വിഭാഗീയത കൊടികുത്തി വാണ കാലത്ത് വിരുദ്ധപക്ഷങ്ങളില്‍ നിലയുറപ്പിച്ചവരാണെങ്കിലും, വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ ഒരേ പദം പൊതുവായി ഉപയോഗിച്ചിരുന്നു- മാധ്യമ സിന്‍ഡിക്കെറ്റ്.

വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുന്നവരെ ഉദ്ദേശിച്ച് നടത്തിയ ഈ പ്രയോഗം പിന്നീട് കേരള രാഷ്ട്രീയത്തിലും മാധ്യമ വിമര്‍ശനത്തിലും സജീവമായി മാറി.


ഊരിപ്പിടിച്ച വാളും പ്രത്യേക ആക്ഷനും

തലശേരി ബ്രണ്ണന്‍ കോളെജിലെ പഠന കാലത്തെക്കുറിച്ച് പിണറായി വിജയന്‍ നടത്തിയ രണ്ടു പ്രയോഗങ്ങള്‍ അനുയായികള്‍ക്ക് ആവേശവും എതിരാളികള്‍ക്ക് ട്രോളുമായി മാറിയിട്ടുണ്ട്. ഊരിപ്പിടിച്ച വടിവാളുകള്‍ക്കും കഠാരകള്‍ക്കുമിടയിലൂടെ തലയുയര്‍ത്തി നടന്ന കഥയാണ് ആദ്യത്തേത്. രണ്ടാമത്തേത്, കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെ വിദ്യാഭ്യാസ കാലത്ത് കൈകൊണ്ടുള്ള പ്രത്യേക ആക്ഷന്‍ കാണിച്ച് ശബ്ദമുണ്ടാക്കി പേടിപ്പിച്ചതും.

അമിത് ഷായുടെ 'തടിയും' അട്ടംപരതി ഗോപാലനും

സംസ്ഥാന സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപി കേന്ദ്ര നേതാവ് അമിത് ഷായ്ക്ക് ഈ തടി പോരാ എന്ന പിണറായി വിജയന്റെ പരാമര്‍ശം ബോഡി ഷെയ്മിങ്ങായി വിമര്‍ശിക്കപ്പെട്ടു. എന്നാല്‍, ശരീരം എന്ന അര്‍ഥത്തിലും തടി എന്നു പറയാറുണ്ടെന്ന് അനുയായികള്‍ ന്യായീകരിച്ചു.

ഇത്തരത്തില്‍, പിണറായി വിജയന്‍ വ്യക്തി അധിക്ഷേപത്തിന്റെ അതിരുകള്‍ ലംഘിച്ച മറ്റൊരു പ്രയോഗമായിരുന്നു അട്ടംപരതി ഗോപാലന്റെ കഥ. കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛന്‍ മുല്ലപ്പള്ളി ഗോപാനെക്കുറിച്ചായിരുന്നു പരാമര്‍ശം. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത്, പ്രവര്‍ത്തകര്‍ ഒളിച്ചിരുന്ന വീടുകളുടെ മച്ചുകള്‍ തേടിപ്പിടിച്ച് പൊലീസിന് ഒറ്റുകൊടുത്തതുകൊണ്ടാണ് അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഗോപാലന് 'അട്ടം' (മച്ച്) പരതി എന്നു പേര് വീണതെന്നായിരുന്നു പിണറായി പറഞ്ഞ കഥ.