കൊച്ചി: ഭക്ഷ്യ വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ക്ഷുഭിമതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. നെല്ല് സംഭരണ യോഗത്തില്‍ മില്ലുടമകളെ ക്ഷണിക്കാത്തതിലാണ് പിണറായി ക്ഷുഭിതനായത്. ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു യോഗം. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഭക്ഷ്യ, കൃഷി, വൈദ്യുതി മന്ത്രിമാര്‍ യോഗത്തിന് എത്തിയ ശേഷം മുഖ്യമന്ത്രി യോഗം മാറ്റിവച്ചു. ഇപ്പോള്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനായില്ല.

നാളെ വൈകിട്ട് 4 ന് തിരുവനന്തപുരത്ത് യോഗം ചേരാമെന്നാണ് പുതിയ നിര്‍ദേശം. മില്ലുടമകള്‍ ഇല്ലാതെ എങ്ങനെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. തീരുമാനം എടുത്തിട്ട് മില്ലുടുകളെ വിളിച്ചാല്‍ മതിയല്ലോ എന്ന് മന്ത്രി ജി.ആര്‍ അനില്‍ വിശദീകരിച്ചു. മില്ലുടമകളെ വിളിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി യോഗം തുടങ്ങിയ ഘട്ടത്തില്‍ ഉദ്യോഗസ്ഥരടക്കം ഉള്ള ആളുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് മില്ലുടമകള്‍ യോഗത്തിനില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. മില്ലുടമകളുടെ ഭാഗം കൂടി കേള്‍ക്കേണ്ടെയെന്നും കൂടിയാലോചനകള്‍ക്ക് ശേഷം പൊതുവായ തീരുമാനത്തിലേക്ക് പോകുന്നതല്ലേ നല്ലതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

മന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തനാകാതിരുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗം മാറ്റിവെക്കുന്നതായി അറിയിക്കുകയായിരുന്നു. മില്ലുടമകളുമായി നാളെ ചര്‍ച്ച നടത്തുമെന്നാണ് കൃഷിമന്ത്രി പി പ്രസാദിന്റെ പ്രതികരണം. പിഎം ശ്രീ പദ്ധതി തര്‍ക്കം ഭരണത്തെ ബാധിക്കുന്നില്ല. തര്‍ക്കം ഉണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുമോ എന്നും പി പ്രസാദ് ചോദിച്ചിരുന്നു. സിപിഐ മന്ത്രിമാരുടെ വകുപ്പുകളിലെ പരിപാടിയിലാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത് എന്നത് ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവുമായി കൂട്ടി വായിക്കുന്നുണ്ട്.

പിഎം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറുന്നതിന് കേന്ദ്രത്തിന് കത്തയക്കണമെന്നതില്‍ ഉറച്ച നിലപാടിലാണ് സിപിഐ. ഇതിനിടെ, ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അനാവശ്യ രാഷ്ട്രീയ വിവാദമെന്ന് വ്യക്തമാക്കി സിപിഎം മുഖപത്രമായ ദേശാഭിമാനിയിലും മറ്റു പത്രങ്ങളിലും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ലേഖനവും പ്രസിദ്ധീകരിച്ചു. ഇന്ന് പുറത്തിറക്കിയ പത്രങ്ങളിലാണ് ശിവന്‍കുട്ടിയുടെ ലേഖനമുള്ളത്. ചര്‍ച്ചയില്‍ സിപിഐ തള്ളിയ വാദങ്ങളാണ് വിദ്യാഭ്യാസ മന്ത്രി ലേഖനത്തില്‍ ആവര്‍ത്തിക്കുന്നത്.

പിഎം ശ്രീ പദ്ധതിയുടെ ഭാഗമായാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നും മന്ത്രി ലേഖനത്തില്‍ വിശദീകരിക്കുന്നു. മതനിരപേക്ഷത ഉറപ്പിക്കും എന്നും കുട്ടികളുടെ പക്ഷത്ത് എന്ന തലക്കെട്ടോടെയാണ് ലേഖനം. കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും കരിക്കുലത്തില്‍ കേന്ദ്രം മാറ്റം വരുത്തില്ലെന്നും അത്തരം പ്രചാരണം അവാസ്തവമാണെന്നും മറ്റു സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയെന്നും ഇതിനുശേഷമാണ് കേരളം പദ്ധതിയില്‍ ഒപ്പുവെച്ചതെന്നും മതനിരപേക്ഷതയില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി ലേഖനത്തില്‍ പറയുന്നു.

അതേസമയം,പിഎം ശ്രീയില്‍ കടുത്ത നിലപാട് തുടരുകയാണ് സിപിഐ. കരാറില്‍ നിന്ന് പിന്മാറാതെ പറ്റില്ലെന്ന നിലപാടിലുറച്ച് എന്തിനും തയ്യാറായി നില്‍ക്കുകയാണ് സിപിഐ മന്ത്രിമാര്‍. ആദ്യ ഗഡു വാങ്ങിയശേഷം പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന കത്ത് കേന്ദ്രത്തിന് നല്‍കാമെന്ന പുതിയ സമവായ നിര്‍ദേശവും ഉയരുന്നുണ്ട്. എന്നാല്‍, ഇത് കേന്ദ്രം അംഗീകരിക്കില്ല.നാളത്തെ മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും. അതേസമയം, മുഖ്യമന്ത്രി ഇടപെട്ടിട്ടും സിപിഐ വഴങ്ങാത്തതില്‍ സിപിഎമ്മിലും അതൃപ്തിയുണ്ട്.

തുടര്‍നടപടിയില്‍ മെല്ലെപ്പോക്ക്, വ്യവസ്ഥ പഠിക്കാന്‍ ഉപസമിതി തുടങ്ങിയ ഫോര്‍മുലകള്‍ അംഗീകരിക്കാന്‍ സിപിഐ തയ്യാറായിട്ടില്ല. പദ്ധതി നടപ്പാക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കേരളം കത്തയക്കണം എന്നാണ് സിപിഐയുടെ ആവശ്യം. ഇത് സിപിഎം അംഗീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. നാലാം തീയതി ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കാനാണ് സിപിഐ നീക്കം. ഇതിനിടെ, എല്‍ഡിഎഫ് യോഗത്തിന്റെ തീയതി ഉടന്‍ തീരുമാനിക്കാനാണ് സിപിഎം നീക്കം.