തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സര്‍ക്കാരാണെന്നും ഇതേ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തന്നെയായിരിക്കും എല്ലാ വിദ്യാലയങ്ങളിലും തുടര്‍ന്നും പഠിപ്പിക്കാന്‍ പോകുന്നതും അതില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി വെള്ളിയാഴ്ച വിശദീകരിച്ചത്. എന്നാല്‍, പദ്ധതിയുടെ പ്രധാന ലക്ഷ്യം ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണ്ണമായും നടപ്പിലാക്കുക എന്നതാണെന്ന് കേന്ദ്രവുമായുള്ള ധാരണാപത്രത്തില്‍ വ്യക്തമായി വ്യവസ്ഥ ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം.

കേന്ദ്രസര്‍ക്കാരിന്റെ പി.എം.ശ്രീ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച ധാരണാപത്രം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സമഗ്ര ശിക്ഷാ കേരളയുടെ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് പദ്ധതി നടപ്പാക്കണമെന്നും, തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ ഇത് പൂര്‍ണ്ണമായും നടപ്പിലാക്കേണ്ടതുണ്ടെന്നും ധാരണാപത്രം അനുശാസിക്കുന്നു. പദ്ധതി ഒരിക്കല്‍ നടപ്പാക്കി തുടങ്ങിയാല്‍ പിന്നീട് അവസാനിപ്പിക്കാന്‍ സാധ്യമല്ലെന്നും വ്യവസ്ഥയിലുണ്ട്. അഞ്ച് വര്‍ഷം വരെ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായം പി.എം.ശ്രീ സ്‌കൂളുകള്‍ക്ക് ലഭിക്കും. അഞ്ച് വര്‍ഷത്തിന് ശേഷം സ്‌കൂളുകള്‍ സംസ്ഥാനത്തിന് കൈമാറിയാലും പദ്ധതിയുടെ ഭാഗമായി വരുത്തിയ മാറ്റങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ട്.

പദ്ധതി നടപ്പാക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനാണെന്ന് ധാരണാപത്രം പറയുന്നു. വിഭാവനം ചെയ്ത പുതിയ ബോധനരീതി സ്‌കൂളുകളില്‍ നടപ്പിലാക്കണം. മൂല്യനിര്‍ണ്ണയ സമ്പ്രദായത്തിലും ഈ പുതിയ പദ്ധതി പ്രകാരമുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതാണ്.

പി.എം.ശ്രീ സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നത് മറ്റൊരു പ്രധാന വ്യവസ്ഥയാണ്. കൂടാതെ, മറ്റു കേന്ദ്ര പദ്ധതികളുടെ ഗുണഭോക്തൃ പട്ടികയില്‍ പി.എം.ശ്രീ സ്‌കൂളുകളും ഉള്‍പ്പെടേണ്ടതുണ്ട്. സ്‌കൂളുകളുടെ പേരിന് മുന്നില്‍ 'പി.എം.ശ്രീ സ്‌കൂളുകള്‍' എന്ന് ചേര്‍ക്കണമെന്നും, ഇത് പിന്നീട് ഒരിക്കലും മാറ്റാന്‍ കഴിയില്ലെന്നും ധാരണാപത്രത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

ഈ മാസം 16-ാം തീയതിയാണ് ധാരണാപത്രം ഒപ്പിട്ടത്. പി.എം.ശ്രീ സ്‌കൂളുകളുടെ നടത്തിപ്പിനായി ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കേണ്ടതുണ്ട്. പദ്ധതി പ്രകാരം ലഭിക്കുന്ന ഫണ്ട് എങ്ങനെ വിനിയോഗിക്കണം എന്ന് ഈ മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിക്കും. ലഭിക്കുന്ന തുകയുടെ 40 ശതമാനം ഇന്നൊവേറ്റീവ്/ഫ്‌ലെക്‌സിബിള്‍ ഫണ്ടായിരിക്കും. ഈ തുക ഓരോ സ്‌കൂളിന്റെയും സവിശേഷ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിനിയോഗിക്കാമെന്നും കരാറില്‍ പറയുന്നു.പി.എം.ശ്രീ സ്‌കൂളുകളുടെ അധ്യാപക, വിദ്യാര്‍ത്ഥി രജിസ്റ്ററുകള്‍ സൂക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം സമ്പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിടുമ്പോഴും, കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ മതനിരപേക്ഷ, ജനാധിപത്യ, ശാസ്ത്രീയ ഉള്ളടക്കത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് താന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു എന്നാണ് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

'കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സര്‍ക്കാരാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേജ് 17-ലെ സെക്ഷന്‍ നാലില്‍ മുപ്പത്തരണ്ടില്‍ പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് വ്യക്തമായി പറയുന്നുണ്ട്. എന്‍.ഇ.പി വന്നതിന് ശേഷം 1 മുതല്‍ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച ഏക സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത, ശാസ്ത്രചിന്ത, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവയില്‍ ഊന്നിയ പാഠ്യപദ്ധതിയാണ് നാം ഒരു വ്യാഴവട്ട കാലത്തിനുശേഷം പാഠ്യപദ്ധതി പരിഷ്‌കരിച്ചതിലൂടെ നടപ്പിലാക്കിയത്. '- മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയെങ്കിലും ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണ്ണമായും നടപ്പിലാക്കുകയാണ് പിഎം ശ്രീയുടെ മുഖ്യ ലക്ഷ്യമെന്ന് പറയുമ്പോള്‍ പാഠ്യപദ്ധതിയില്‍ മാറ്റം വരില്ലെന്ന വാദത്തിന് ബലം കുറയുകയാണ്.