തിരുവനന്തപുരം: സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും. സര്‍ക്കാരിനെയോ സര്‍ക്കാരിന്റെ നയങ്ങളെയോ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നാണ് പ്രശാന്തിന്റെ നിലപാട്. അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി. ഇതു മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കിടയാക്കിയെന്നുമാണ് കുറ്റാരോപണം. കടുത്ത അച്ചടക്കലംഘനവും പരാമര്‍ശങ്ങള്‍ ഭരണസംവിധാനത്തിന്റെ പ്രതിഛായ മോശമാക്കിയെന്നും ആരോപണമുണ്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നിപ്പും അതൃപ്തിയുമുണ്ടാക്കാന്‍ കഴിയുന്ന പരാമര്‍ശങ്ങളാണു പ്രശാന്തിന്റേത്. അവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ പദവിക്കു ചേര്‍ന്നതല്ലെന്ന് സര്‍ക്കാര്‍ പറയുന്നു.

എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കാനുള്ളതല്ല സ്വാതന്ത്ര്യമെന്ന നിലപാടാണ് പ്രശാന്തിന്റേത്. സംസാരിക്കാനുള്ള സ്വാതന്ത്ര്യം എന്നാല്‍ എല്ലാവരെയും സുഖിപ്പിച്ചു സംസാരിക്കാനുള്ളതല്ല, എതിര്‍ക്കാനുള്ള അവകാശം കൂടിയാണത്. സസ്പെന്‍ഷനുമായി ബന്ധപ്പെട്ട ഉത്തരവു കണ്ടിട്ടില്ല. നടപടിക്കു മുന്‍പു വിശദീകരണം ചോദിക്കാത്തതില്‍ പരാതിയില്ല. ജീവിതത്തില്‍ ആദ്യമായി കിട്ടിയ സസ്പെന്‍ഷനാണ്. ഭരണഘടനയുടെ മാഹാത്മ്യത്തിലാണു വിശ്വസിക്കുന്നത്. ശരിയെന്നു തോന്നുന്നതു പറയുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം. ഞാനിതുവരെ ഒരു ചട്ടവും ലംഘിച്ചിട്ടില്ല. മലയാളത്തില്‍ ഒരുപാട് പ്രയോഗങ്ങളുണ്ട്. അതു ഭാഷാപരമായ സംഭവമാണ്. പ്രത്യേകിച്ചു സിനിമയുമായി ബന്ധപ്പെട്ടൊക്കെ പ്രയോഗങ്ങളുണ്ട്. (മാടമ്പള്ളിയിലെ ചിത്തരോഗി പ്രയോഗത്തെക്കുറിച്ച്). ഉത്തരവ് കിട്ടിയ ശേഷം മറ്റു കാര്യങ്ങള്‍ സംസാരിക്കാം. സത്യം പറയാന്‍ അവകാശമുണ്ട്. ആദ്യം പോയി വാറോല കൈപ്പറ്റട്ടെ-എന്നായിരുന്നു പ്രശാന്തിന്റെ പ്രതികരണം. ഉത്തരവ് കൈപ്പറ്റിയ ശേഷം പ്രതികരിച്ചുമില്ല. ചില വസ്തുതകള്‍ ഉയര്‍ത്തി നിയമപോരാട്ടം നടത്താനാണ് നീക്കം.

ഐഎഎസ് ചേരി പോര് വിവാദത്തിന് പുതിയ തലം നല്‍കി 'വാറോല വിവാദവും' എത്തിയിട്ടുണ്ട്. ഏകപക്ഷീയമായ നടപടിയെ എന്‍ പ്രശാന്ത് ഐഎഎസ് ഫാസിസം എന്ന് വിളിച്ചതും സര്‍ക്കാരിന് തലവേദനയാണ്. ചട്ടം തെറ്റിച്ചില്ലെന്നും ഞാന്‍ ഇവിടെയുണ്ടെന്നും പ്രശാന്ത് പറഞ്ഞത് വെല്ലുവിളിയായി സര്‍ക്കാര്‍ കാണുന്നുണ്ട്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ പോലും പറഞ്ഞിട്ടും പ്രശാന്ത് ഉറച്ച നിലപാടിലാണ്. സാമാന്യ നീതി നിഷേധിച്ചതില്‍ പ്രശാന്ത് പരസ്യ നിലപാടുമായി മുമ്പോട്ട് പോയാല്‍ അത് സമാനതകളില്ലാത്ത വെല്ലുവിളി സര്‍ക്കാരിനുണ്ടാകും. പ്രശാന്ത് വിഷയത്തില്‍ ഐഎഎസുകാരും രണ്ട് വിഭാഗമായി മാറിയിട്ടുണ്ട്. ഐപിഎസ് തലത്തിലെ തമ്മിലടി സര്‍ക്കാരിന് തലവേദനയായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎഎസിലും തമ്മിലടി. ഇതിന് പലവിധമാനങ്ങള്‍ പ്രശാന്ത് നിയമപോരാട്ടത്തിന് പോയാല്‍ കൈവരും.

ബോധപൂര്‍വം ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം തനിക്കുമുണ്ടെന്നും പ്രശാന്ത് വിശദീകരിച്ചിട്ടുണ്ട്. വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല. ഭാഷാപ്രയോഗം നടത്താന്‍ അവകാശമുണ്ട്. ജീവിതത്തില്‍ ലഭിച്ച ആദ്യ സസ്‌പെന്‍ഷനാണ് ഇതെന്നും പ്രശാന്ത് പറഞ്ഞു. പ്രശാന്തിനെതിരെ ജയതിലക് കള്ള റിപ്പോര്‍ട്ട് നല്‍കിയെന്ന് തെളിയിക്കാന്‍ കഴിയുന്ന രേഖകള്‍ പുറത്തു വന്നു കഴിഞ്ഞു. വാട്സാപ്പിലെ മതാടിസ്ഥാനത്തിലെ ഗ്രൂപ്പിനെ ഐഎഎസ് ഗ്രൂപ്പുകളില്‍ ചോദ്യം ചെയ്തുവെന്നും അതിന്റെ പകയാണ് തനിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നിലുള്ളതെന്നും പ്രശാന്ത് ആരോപിക്കുന്നു.

ഈ വിഷയം കോടതിയില്‍ എത്തിയാല്‍ ഫയല്‍ മുക്കല്‍ റിപ്പോര്‍ട്ടില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കുടുങ്ങും. അഡീഷനല്‍ ചീഫ് സെക്രട്ടറി ജയതിലകിനെ പരസ്യമായി അധിക്ഷേപിച്ചതിനാണ് എന്‍ പ്രശാന്തിനെതിരെ നടപടിയെടുത്തത്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്തിനെയും വ്യവസായ വകുപ്പ് ഡയരക്ടര്‍ കെ ഗോപാലകൃഷ്ണനെയും സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കിയത്. ഗുരുതര അച്ചടക്ക ലംഘനവും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധമുള്ള പ്രവര്‍ത്തനവുമാണ് നടപടിക്ക് ആധാരമായി ഉത്തരവില്‍ പറയുന്ന കാര്യങ്ങള്‍. ഈ രണ്ട് സംഭവങ്ങളും പരസ്പര പൂരകങ്ങളാണെന്നതാണ് ഉയരുന്ന വിലയിരുത്തല്‍.

പ്രശാന്ത് മുക്കിയെന്ന് ആരോപിച്ച ഉന്നതിയിലെ ഫയല്‍ മന്ത്രിയുടെ ഓഫീസില്‍ നല്‍കിയെന്നതിന് സ്ഥിരീകരണം വരുമ്പോള്‍ ഉയരുന്നത് ഗൂഡാലോചനാ സംശയം. ഈ ഫയലുകള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസും സ്വീകരിച്ചിരുന്നു. എന്നിട്ടും പ്രശാന്തിനെതിരെ സര്‍ക്കാരിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ജയതിലക് റിപ്പോര്‍ട്ട് നല്‍കിയത് എന്തിനെന്ന ചോദ്യം പ്രസക്തമാണ്. ഇതോടെ പ്രശാന്തിന്റെ ആരോപണങ്ങളിലേക്കും സര്‍ക്കാരിന് അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ട്. ഭാവി ചീഫ് സെക്രട്ടറിയായി പരിഗണിക്കുന്ന ജ്യോതിലാലിന് ഈ വിവാദം കരിയറില്‍ വലിയ വെല്ലുവിളിയുമാകും. എല്ലാ ഫയലും പ്രശാന്ത് കൈമാറിയെന്ന് തെളിയിക്കുന്ന ഒന്നിലധികം രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. ഇതില്‍ പ്രശാന്ത് കൈമാറിയ രേഖകള്‍ ഏറ്റുവാങ്ങണമെന്ന് ആവശ്യപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് പ്രശാന്തിന്റെ പിന്‍ഗാമിയായി ഉന്നതി സിഇഒ കെ ഗോപാലകൃഷ്ണന് തന്നെ കത്ത് നല്‍കിയിരുന്നു. എന്നിട്ടും രേഖകിട്ടിയില്ലെന്ന റിപ്പോര്‍ട്ട് എന്തിനാണ് മുകളിലേക്ക് ജയതിലക് നല്‍കിയെന്നതാണ് ഉയരുന്ന ചോദ്യം.

ഡോ ജയതിലകിനെതിരെ പരസ്യ പ്രതികരണങ്ങള്‍ നടത്തിയ പ്രശാന്തിനെ കുറ്റപ്പെടുത്തുന്നവര്‍ പോലും ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന നിലപാടിലാണ്. ഇതുമായി പ്രശാന്ത് കോടതിയെ സമീപിച്ചാല്‍ പ്രശ്നം ഗുരുതരമാകുമെന്ന ഉപദേശവും സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. ഇതോടെ ഐഎഎസ് ചേരിപ്പോരിന് എങ്ങനേയും ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന ചിന്ത സര്‍ക്കാരിലുമുണ്ട്. പക്ഷേ ഉറച്ച നിലപാടുമായി പ്രശാന്ത് നിലയുറപ്പിക്കുന്നത് ഇത്തരം ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ്. വിശദീകരണം ചോദിക്കാതെ പ്രശാന്തിനെ പുറത്താക്കിയതിന് പിന്നിലും ജയതിലകിനെതിരായ ആക്ഷേപം സര്‍ക്കാരിന് മുന്നിലേക്ക് വരാതിരിക്കാനുള്ള തന്ത്രമായും ചില കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.