തിരുവനന്തപുരം: സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും വെട്ടിലാക്കി വീണ്ടും പിവി അന്‍വര്‍ എംഎല്‍എയുടെ പരസ്യ പ്രതികരണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയെ ഉന്നംവയ്ക്കുന്നത് തുടരുകയാണ് അന്‍വര്‍. ഈ സാഹചര്യത്തില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണുന്നത് നിര്‍ണ്ണായകമാകും. വയനാട്ടിലെ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അന്‍വര്‍ ആരോപണങ്ങളിലും മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നതാണ് നിര്‍ണ്ണായകം.

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് പി.വി. അന്‍വര്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ കഴമ്പുണ്ടെന്ന് എസ്ഐടിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ എഡിജിപിയെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തുകയല്ല, സസ്പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. അന്‍വറിന്റെ ഈ ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

എസ്ഐടി നടത്തുന്ന അന്വേഷണത്തിന് സമാന്തരമായി അജിത് കുമാര്‍ നിയമപരമല്ലാത്ത അന്വേഷണം നടത്തുന്നുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. തനിക്ക് ലഭിച്ച തെളിവുകള്‍ എവിടെനിന്ന് കിട്ടിയെന്ന് കണ്ടെത്താനാണ് ഈ സമാന്തര അന്വേഷണം. പോലീസിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് അജിത് കുമാര്‍ ഇതിന് നേതൃത്വം നല്‍കുന്നതെന്നും അന്‍വര്‍ പറഞ്ഞു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തുന്ന പ്രതികരണങ്ങള്‍ അതിനിര്‍ണ്ണായകമാകും. ഇടതു മുന്നണി യോഗത്തില്‍ അന്‍വറിനെ മുഖ്യമന്ത്രി അനുകൂലിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി നടത്തുന്ന പരസ്യ പ്രതികരണം അന്‍വറിനും നിര്‍ണ്ണായകമാണ്.

വിജിലന്‍സ് അന്വേഷണം സംബന്ധിച്ച ഡി.ജി.പിയുടെ ഫയല്‍ ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ മുന്നിലെത്തിയെന്നും അപ്പോള്‍തന്നെ അദ്ദേഹം അന്വേഷണത്തിന് അനുമതി നല്‍കിയെന്നുമാണ് ദേശാഭിമാനി പത്രത്തില്‍ പറയുന്നത്. എന്നാല്‍, ഏഴ് ദിവസം ഈ ഫയല്‍ എവിടെയായിരുന്നു?. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫയല്‍ എത്തേണ്ടതെന്ന വിശദീകരണമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇതായിരിക്കും യാഥാര്‍ഥ്യം-അന്‍വര്‍ പറയുന്നു. ഇതിന് ശേഷമാണ് ശശിയ്‌ക്കെതിരായ കടന്നാക്രമണം.

വിഷയം ഇത്രയധികം ചര്‍ച്ചയായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ഒരു പത്രക്കുറിപ്പ് ഇറക്കിയില്ല? മുഖ്യമന്ത്രിയാണ് അജിത്തിനെതിരായ അന്വേഷണം വൈകിപ്പിക്കുന്നതിന് കാരണക്കാരന്‍ എന്ന ചര്‍ച്ച ഉണ്ടാക്കിയെടുക്കാന്‍ ശശി കൂട്ടുനിന്നു. പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് ഇതിലെല്ലാം പല രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് താന്‍ പറയുന്നതിനുള്ള തെളിവാണിത്. - അന്‍വര്‍ പറഞ്ഞു. വളരെ ഗൗരവമുള്ള ആരോപണമാണ് അന്‍വര്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം നിര്‍ണ്ണായകമാണ്.

എഡിജിപി എം.ആര്‍. അജിത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുന്നതു വരെ പിന്നോട്ടില്ലെന്നു പി.വി. അന്‍വര്‍ പറഞ്ഞിട്ടുണ്ട്. ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണംകൊണ്ടോ എം.ആര്‍. അജിത് കുമാറിനെതിരെ പ്രഖ്യാപിച്ച പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തിലോ തൃപ്തനല്ലെന്നാണ് പി.വി. അന്‍വര്‍ വ്യക്തമാക്കുന്നത്. എം.ആര്‍. അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താതെ നടത്തുന്ന അന്വേഷണത്തിന് വിശ്വാസ്യതയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയുള്ള നിലപാട് ആവര്‍ത്തിക്കുബോള്‍ സിപിഎമ്മുമായി യുദ്ധസന്നദ്ധനാണെന്ന പ്രഖ്യാപനം കൂടിയാണ് പി.വി. അന്‍വര്‍ നടത്തുന്നത്. പി. ശശി മറ്റാരുടെയെങ്കിലും ചാരനാണോയെന്ന് പാര്‍ട്ടി പരിശോധിക്കണമെന്നും അന്‍വര്‍ പറയുന്നു. എ.ഡി.ജി.പി അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട് പി. ശശിക്ക് പല നേട്ടങ്ങളുമുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്താണ്. മറ്റാരുടെയെങ്കിലും ചാരനായിട്ടാണോ പൊളിറ്റിക്കല്‍ സെക്രട്ടറി പ്രവര്‍ത്തിക്കുന്നതെന്ന് പാര്‍ട്ടി പരിശോധിക്കണം -അന്‍വറിന്റെ ആരോപണം അതീവ ഗൗരവ സ്വഭാവമുള്ളതാണ്.