ലേ: ലഡാക്കില്‍ പൊടുന്നനെ പ്രക്ഷോഭം പുറപ്പെടാന്‍ കാരണമെന്ത് ? നാലുപേര്‍ കൊല്ലപ്പെടുന്നതിലേക്കും, 70 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുന്നതിലേക്കും നയിച്ച അക്രമത്തിന് പിന്നില്‍ എന്താണ്? ബിജെപി ഓഫീസ് കത്തിക്കാന്‍ മാത്രം രോഷം കത്തിജ്ജ്വലിച്ചത് എന്തുകൊണ്ട്? നേപ്പാളിലെ പോല ജെന്‍സി പ്രക്ഷോഭമാണോ ലഡാക്കില്‍ അരങ്ങേറിയത്? ചിലര്‍ പ്രക്ഷോഭത്തെ ജെന്‍സി പ്രതിഷേധമെന്ന് വിശേഷിപ്പിക്കുമ്പോള്‍, ബിജെപി, ലേയിലെ കുഴപ്പങ്ങള്‍ക്ക് കോണ്‍ഗ്രസിനെയാണ് പഴിക്കുന്നത്.

നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന 15 പേരില്‍, രണ്ടുപേരുടെ ആരോഗ്യനില മോശമാവുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതിന് പിന്നാലെയാണ് ഒരുകൂട്ടം യുവാക്കള്‍ അക്രമത്തിലേക്ക് തിരിഞ്ഞത്. കല്ലെറിഞ്ഞ യുവാക്കള്‍ക്ക് നേരേ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും, ലാത്തി ചാര്‍ജ്ജ് നടത്തുകയും ചെയ്തു.

എന്തിനാണ് പ്രക്ഷോഭം?

ലേയില്‍, സോനം വാങ്ചുക് എന്ന പരിസ്ഥിതി പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍, സെപ്റ്റംബര്‍ 10 മുതല്‍ നിരാഹാര സമരം അനുഷ്ഠിച്ചുവരികയായിരുന്നു. ലഡാക്കിന് സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക എന്നിവയാണ് മുഖ്യആവശ്യങ്ങള്‍. ഇതുസംബന്ധിച്ച് കേന്ദ്ര പ്രതിനിധികളും, ലേ അപക്‌സ് ബോഡി( എല്‍ എ ബി), കാര്‍ഗില്‍ ഡമോക്രാറ്റിക് അലയന്‍സ്( കെ ഡി എ) എന്നിവയടക്കമുള്ള ലഡാക് പ്രതിനിധികളും തമ്മില്‍ ഒക്ടോബര്‍ ആറിന് ചര്‍ച്ച നിശ്ചയിച്ചിരുന്നു. എന്നാല്‍, ലഡാക്കിന്റെ രാഷ്ട്രീയഭാവിയെ കുറിച്ച് ആശങ്ക ഉയരുകയും, നിരാഹാര സമരം വീണ്ടുപോകുകയും ചെയ്തതോടെ, ചര്‍ച്ചാ തീയതി നേരത്തെയാക്കണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍, അസം, മേഘാലയ, ത്രിപുര, മിസോറം എന്നിവിടങ്ങളിലെ ഗോത്രവര്‍ഗ്ഗ മേഖലകളുടെ ഭരണം വ്യവസ്ഥ ചെയ്യുന്നു. ഈ പ്രത്യേക വ്യവസ്ഥ, മേഖലകളിലെ സ്വയംഭരണ ജില്ല കൗണ്‍സിലുകള്‍ വഴി സ്വയംഭരണാധികാരം നല്‍കുന്നു. ഭൂമി, വനം, പ്രാദേശിക ഭരണം എന്നിവയില്‍ ജില്ല കൗണ്‍സിലുകള്‍ വഴി നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്നു. ഗോത്രാവകാശങ്ങളും ആചാരങ്ങളും സംരക്ഷിക്കാനും സ്വയംഭരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണിത്.

ലഡാക്കില്‍ പട്ടികവര്‍ഗ്ഗ ജനസംഖ്യ 97 ശതമാനത്തോളം വരും. ലേ- 66.8 %, നുബ്ര-73.35%, ഖല്‍സ്തി-97.05%, കാര്‍ഗില്‍-83.49%, സാങ്കു-89.96%, സന്‍സ്‌കാര്‍-99.16% എന്നിങ്ങനെയാണ് പട്ടികവര്‍ഗ്ഗക്കാരുടെ ജനസംഖ്യാനുപാതം.



ആരാണ് പ്രക്ഷോഭത്തിന് പിന്നില്‍?

2019ല്‍ ജമ്മു കശ്മീരിന്റെ പുനഃസംഘടനയിലൂടെയാണ് ലഡാക്ക് ഒരു പ്രത്യേക കേന്ദ്രഭരണ പ്രദേശമായത്. എന്നാല്‍, ജമ്മു കശ്മീരിന് വിപരീതമായി ലഡാക്കിന് നിയമസഭയില്ല. ഇത് മേഖലയെ നേരിട്ടുള്ള കേന്ദ്ര ഭരണത്തിന് കീഴിലാക്കി. അന്നു മുതല്‍, ലഡാക്ക് സംസ്ഥാന പദവിക്കും, തനതായ ഗോത്രവര്‍ഗ്ഗ സ്വത്വവും ദുര്‍ബലമായ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ സംരക്ഷണത്തിനും (ആറാം ഷെഡ്യൂള്‍), കൂടുതല്‍ പ്രാദേശിക സ്വയംഭരണത്തിനും വേണ്ടി നിരവധി പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കില്‍ പ്രതിഷേധം ശക്തമാണ്. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ (എല്‍.എ.ബി) യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂള്‍ പദവിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലാണ്. ഈ സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രതിഷേധം അക്രമാസക്തമായതോടെ സോനം വാങ്ചുക്ക് നിരാഹാര സമരത്തില്‍ നിന്നും പിന്മാറി. എന്നാല്‍ പ്രക്ഷോഭകര്‍ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു.

കാര്‍ഗില്‍ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് സജാദ് കാര്‍ഗിലി, ലേയിലെ സംഭവവികാസങ്ങളെ നിര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിച്ചു. സര്‍ക്കാരിന്റെ പരാജയപ്പെട്ട കേന്ദ്രഭരണ പ്രദേശ പരീക്ഷണമാണ് ഒരുകാലത്ത് സമാധാനപരമായിരുന്ന ലഡാക്കിലെ അരക്ഷിതാവസ്ഥയ്ക്കും നിരാശയ്ക്കും കാരണമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ചര്‍ച്ചകള്‍ പുനരാരംഭിച്ച് വിവേകത്തോടെ പ്രവര്‍ത്തിക്കണമെന്നും ലഡാക്കിന്റെ സംസ്ഥാന പദവി, ആറാം ഷെഡ്യൂള്‍ എന്നീ ആവശ്യങ്ങള്‍ കാലതാമസം കൂടാതെ നിറവേറ്റണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമാധാനം പാലിക്കാനും സ്ഥിരതയോടെ നിലകൊള്ളാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു

ലഡാക്കിലെ രാഷ്ട്രീയ ശക്തികളായ ലേ അപെക്‌സ് ബോഡി (എല്‍.എ.ബി.), കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (കെ.ഡി.എ.) എന്നിവയുടെ നേതൃത്വത്തില്‍ ദീര്‍ഘനാളായി തുടരുന്ന പ്രതിഷേധങ്ങളെത്തുടര്‍ന്ന്, 2023 ജനുവരി 2-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു ഉന്നതാധികാര സമിതിയെ രൂപീകരിച്ചിരുന്നു. ലഡാക്കിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.

സമിതിയും എല്‍.എ.ബി., കെ.ഡി.എ. എന്നിവയുടെ സംയുക്ത നേതൃത്വവും തമ്മിലുള്ള അവസാനഘട്ട ചര്‍ച്ച മെയ് 27-ന് നടന്നിരുന്നു. അതിനുശേഷം ചര്‍ച്ചകള്‍ നടന്നിരുന്നില്ല. എന്നാല്‍, സെപ്റ്റംബര്‍ 20-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഡാക്ക് നേതൃത്വവുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും അടുത്ത ഘട്ട ചര്‍ച്ച ഒക്ടോബര്‍ 6-ന് ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

വിവിധ മത,സാമൂഹിക, രാഷ്ട്രീയ ഗ്രൂപ്പുകളുടെ കൂട്ടായ്മയാണ് ലേ അപക്‌സ് ബോഡി. പരിസ്ഥിതി പ്രവര്‍ത്തകനായ സോം വാങ്ചുക്കും ഈ കൂട്ടായ്മയില്‍ അംഗമാണ്. ലഡാക്കിന്റെ അവകാശങ്ങള്‍ക്കും വികസനത്തിനുമായി ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം എന്നാല്‍, അദ്ദേഹത്തിന് അക്രമസമരത്തോട് യോജിപ്പില്ല.




ലേയിലെ ബിജെപി ഓഫീസിന് മുന്നില്‍ കൂടിയ എല്‍ എ ബി പ്രതിഷേധ മാര്‍ച്ചാണ് അക്രമത്തില്‍ കലാശിച്ചത്. ഓഫീസിന് പ്രക്ഷോഭകര്‍ തീയിട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു. കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ പിന്തുണയും പ്രക്ഷോഭത്തിനുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി ഇരുസംഘടനകളും സംയുക്തമായി പ്രക്ഷോഭം നയിച്ചുവരികയാണ്.

ബിജെപി കോണ്‍ഗ്രസിനെ പഴിക്കുന്നതിന് പിന്നില്‍

'അപ്പര്‍ ലേ വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഫുന്‍ട്‌സോങ് സ്്റ്റാന്‍സിന്‍ സേപാഗ് ആണ് ലഡാക്കിലെ പ്രക്ഷോഭത്തിന് പിന്നില്‍. ബിജെപി ഓഫീസിനും ഹില്‍ കൗണ്‍സില്‍ ഓഫീസിനും നേരേ അക്രമം അഴിച്ചുവിടാന്‍ ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചത് അയാളാണ്'-ബിജെപി നേതാവ് അമിത് മാളവ്യ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇത്തരത്തിലൊരു കലാപമാണോ രാഹുല്‍ ഗാന്ധി സ്വപ്‌നം കണ്ടതെന്നും അദ്ദേഹം ചോദിച്ചു

നേപ്പാളില്‍, ജെന്‍സി പ്രക്ഷോഭത്തെ തുടര്‍ന്ന് വോട്ട് ചോരി ആരോപണം ഉന്നയിച്ച രാഹുല്‍ ജനാധിപത്യം സംരക്ഷിക്കണമെന്ന് രാജ്യത്തെ യുവാക്കളോടും ജെന്‍സിയോടും ആഹ്വാനം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ആരോപണം.

ജെന്‍സി പ്രക്ഷോഭമോ?

ലഡാക്കില്‍ പ്രക്ഷോഭത്തിനിറങ്ങിയത് ജെന്‍സികളാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 'ലഡാക്കിലെ തെരുവുകളില്‍ ജെന്‍സികള്‍ പ്രക്ഷോഭത്തിനിറങ്ങി'- എക്‌സില്‍ ഒരാള്‍ കുറിച്ചു. ജെന്‍ സികള്‍ ബിജെപി ഓഫീസിന് തീയിട്ടു. സമ്പൂര്‍ണ അരാജകത്വം- മറ്റൊരാള്‍ കുറിച്ചു.

ചിലരൊക്ക നേപ്പാളിലെ കലാപവുമായി താരതമ്യം ചെയ്തു. എന്നാല്‍, ഇത് നേപ്പാളല്ല, ലഡാക് ആണെന്ന് മറ്റുചിലര്‍ കുറിച്ചു. അതേസമയം, നേപ്പാളില്‍, വളരെ സങ്കടകരമായ സംഭവങ്ങളാണ് നടക്കുന്നതെന്ന് സോനം വാങ്ചുക് പ്രതികരിച്ചു. സമാധാനപരമായ പ്രതിഷേധം എന്ന എന്റെ സന്ദേശം പരാജയപ്പെട്ടു. ഈ അസംബന്ധം നിര്‍ത്താന്‍ ഞാന്‍ യുവാക്കളോട് അഭ്യര്‍ഥിക്കുന്നു. ഇത് നമ്മുടെ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും നിരവധി മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷത്തിന് ശേഷം കൂടുതല്‍ സുരക്ഷാ സേനയെ ഇറക്കി അധികൃതര്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. നഗരത്തില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ലേയില്‍ അഞ്ചിലധികം പേര്‍ ഒത്തുകൂടുന്നത് തടയാന്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.