കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ 'കേരളമെന്താ ഇന്ത്യയില്‍ അല്ലേ' എന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്‌ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസന്‍ എം.പി, കെ.വി സുമേഷ് എം.എല്‍.എ, എന്‍. ചന്ദ്രന്‍ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവര്‍ത്തകരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്.

റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പൊലിസ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേര്‍ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.




റോഡ് ഗതാഗതം തടസപ്പെടുത്തി സി.പി.എം പ്രവര്‍ത്തകര്‍ നഗരഹൃദയമായ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്‍പില്‍ ഉപരോധ സമരം നടത്തുന്നത് നേരത്തെ വിവാദമായിരുന്നു. വ്യാപാരികളില്‍ നിന്നും ജനങ്ങളില്‍ നിന്നും വ്യാപകമായ പരാതി ഇതിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ പൊലിസ് നടപടിയെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് സി.പി.എം നേതൃത്വം ചെയ്തത്.

വഴി തടഞ്ഞതിന് പൊലിസ് നല്‍കിയ നോട്ടീസ് മടക്കി പോക്കറ്റില്‍ ഇട്ടിട്ടുണ്ടെന്ന ഉപരോധ സമരത്തില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ടുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രസംഗവും വിവാദമായിരുന്നു.കണ്ണൂര്‍ നഗരത്തില്‍ റോഡ് ഗതാഗതം തടസപ്പെടുത്തി സി.പി.എം നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധസമരം ഇതോടെ മറ്റൊരു വിവാദത്തിലേക്ക് കൂടി വഴി തുറന്നിരിക്കുകയാണ്. നൂറുകണക്കിന് സ്വകാര്യ ബസുകളും ആയിരത്തിലേറെ സ്വകാര്യ വാഹനങ്ങളും തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന കണ്ണൂര്‍ ഹെഡ്‌പോസ്റ്റോഫിസിന് മുന്‍പിലാണ് പതിനായിരങ്ങള്‍ പങ്കെടുത്ത ഉപരോധ സമരം ഹൈക്കോടതിയെ വെല്ലുവിളിച്ചു കൊണ്ടു നടത്തിയത്.

നാല് വരി റോഡരികില്‍ പന്തല്‍ കെട്ടിയും കസേര നിരത്തിയുമായിരുന്നു സമരം നടത്തിയത്. സമരത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്താല്‍ വഴി തടസപ്പെടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉപരോധ സമരത്തില്‍ പങ്കെടുത്ത് അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

യാത്രക്ക് വഴി വേറെയുണ്ട്, ഹെഡ് പോസ്റ്റൊഫീസ് വേറെയില്ല. കോടതി വിചാരിച്ചാല്‍ സമരം ആവശ്യമില്ല. കേന്ദ്രം കേരളത്തിന് സഹായം നല്‍കണമെന്ന് കോടതി ഉത്തരവിട്ടാല്‍ മതി. മാധ്യമങ്ങള്‍ ജഡ്ജിമാരെ പ്രകോപിപ്പിക്കാന്‍ എല്ലാം പകര്‍ത്തിയിട്ടുണ്ട്. ഇങ്ങനെ ഒന്ന് പറഞ്ഞത് ചാനലുകാര്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്നാണ് ജയിലില്‍ കഴിയേണ്ടി വന്നത്.

ഈ ചൂടുകാലത്ത് ഇനിയും ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നു. വഴി തടഞ്ഞതിന് പൊലീസ് നോട്ടീസ് തന്നിട്ടുണ്ട്. അത് മടക്കി പോക്കറ്റില്‍ ഇട്ടിട്ടുണ്ടെന്നും എം. വി ജയരാജന്‍ പരിഹസിച്ചിരുന്നു. ആറു മാസങ്ങള്‍ക്ക് മുന്‍പ് സി.പി.എം നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരത്തിന്റെ പന്തല്‍ കെട്ടുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് പാഞ്ഞുകയറി പന്തല്‍ നിര്‍മ്മാണ തൊഴിലാളികളായ രണ്ട് ഇതരസംസ്ഥാനക്കാര്‍ക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ പൊലിസ് കേസെടുത്തിരുന്നില്ല.