- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒരു ദിവസം ഇറാനുമായി യുദ്ധം ചെയ്യണമെങ്കില്‍ ചെലവ് 7000 കോടിയിലേറെ; യുദ്ധം നീണ്ടുപോയാല്‍ ചെലവ് 18.87 ലക്ഷം കോടി രൂപ വരെ എത്തിയേക്കാം; സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനോടൊപ്പം സാമ്പത്തിക പ്രത്യാഘാതങ്ങളും; ഇറാനുമായുള്ള സംഘര്‍ഷം അമേരിക്കയെ ബാധിക്കുന്നത് എങ്ങനെ?
ഒരു ദിവസം ഇറാനുമായി യുദ്ധം ചെയ്യണമെങ്കില്‍ ചെലവ് 7000 കോടിയിലേറെ

വാഷിങ്ടണ്‍: ഇറാനെതിരെ അമേരിക്ക നടത്തുന്ന യുദ്ധമായ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിലവേറിയ യുദ്ധങ്ങളിലൊന്നാണ്. ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബറുകള്‍, എഫ്-35 യുദ്ധവിമാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ ഉപയോഗം മൂലം പ്രതിദിനം ഏകദേശം 850 ദശലക്ഷം ഡോളര്‍ അതായത് ഏകദേശം 7,000 കോടിയിലധികം രൂപ അമേരിക്കയ്ക്ക് ചിലവാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനോടൊപ്പം തന്നെ, രാജ്യം വലിയൊരു സാമ്പത്തിക പ്രത്യാഘാതവും നേരിടുകയാണ്. ഏകദേശം ഒരു മാസമെങ്കിലും യുദ്ധം നീണ്ടുനില്‍ക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. സൈനിക വിന്യാസത്തിനും മറ്റ് സന്നാഹങ്ങള്‍ക്കുമായി ഭീമമായ തുകയാണ് അമേരിക്ക ഇപ്പോള്‍ നീക്കിവെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് ഉള്‍പ്പെടുന്ന സംവിധാനങ്ങളുടെ ദൈനംദിന ചെലവുകള്‍ക്കായി
ഏകദേശം 6.5 മില്യണ്‍ ഡോളര്‍ ആവശ്യമാണ്.
ആക്രമണത്തിന് മുന്നോടിയായുള്ള സൈനിക വിന്യാസത്തിനും കപ്പലുകളുടെയും വിമാനങ്ങളുടെയും പുനര്‍വിന്യാസത്തിനുമായി മാത്രം ഏകദേശം 630 മില്യണ്‍ ഡോളര്‍ ഇപ്പോള്‍ തന്നെ ചെലവായതായി കണക്കാക്കപ്പെടുന്നു. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലിന് മാത്രം 21.7 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായമാണ് അമേരിക്ക നല്‍കിയത്. യെമന്‍, ഇറാന്‍ എന്നിവിടങ്ങളിലെ മറ്റ് സൈനിക നീക്കങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍, ആകെ ചിലവ് 31.35 ബില്യണ്‍ ഡോളറിനും 33.77 ബില്യണ്‍ ഡോളറിനും ഇടയിലാണെന്ന് ബ്രൗണ്‍ യൂണിവേഴ്സിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇത് ഏകദേശം 3 ലക്ഷം കോടി രൂപയോളം വരും. യുദ്ധം നീണ്ടുപോയാല്‍, മൊത്തം ചെലവ് 18.87 ലക്ഷം കോടി രൂപ വരെ എത്തിയേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഖമേനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇറാനുമായി ഇനി ചര്‍ച്ചകള്‍ക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി കഴിഞ്ഞു. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും അത് വളരെ വൈകിപ്പോയി എന്നാണ് ട്രംപിന്റെ നിലപാട്.
എന്നാല്‍ തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധമാണിതെന്നും, ആക്രമണം അവസാനിക്കുന്നത് വരെ രാജ്യം ശക്തമായ പ്രതിരോധം തുടരുമെന്നുമാണ് ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ പ്രതിനിധി അലി ബഹ്‌റൈനി വ്യക്തമാക്കിയത്. ഏതായാലും അമേരിക്കയില്‍ ഇക്കാര്യത്തില്‍ വലിയ തോതില്‍ വിയോജിപ്പുകള്‍ ഉയരുന്നതായിട്ടാണ് സൂചന. തങ്ങളുടെ നികുതിപ്പണം എടുത്ത് ഇത്രയും വലിയ തോതില്‍ യുദ്ധം ചെയ്തിട്ട് എന്ത് നേടാനാണ് എന്നാണ് അവരുടെ ചോദ്യം.


