മുംബൈ: മോഹന്‍ലാല്‍ ചിത്രമായ എമ്പുരാനെതിരെ വിമര്‍ശന ശരങ്ങളുമായി വീണ്ടും ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ ലേഖനം. ചിത്രത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യുമെന്ന് നടന്‍ മോഹന്‍ലാലും മറ്റു അണിയറ പ്രവര്‍ത്തകരും പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ ലേഖനം. മോഹന്‍ലാല്‍ എമ്പുരാന്റെ കഥ മുന്‍കൂട്ടി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ല എന്നാണ് ഓര്‍ഗനൈസറിലെ വിമര്‍ശനം.

എമ്പുരാനില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സയീദ് മസൂദ് ആണെന്നത് യാദൃശ്ചികമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിന്റെയും ലഷ്‌കറെ തയിബ ഭീകരന്‍ ഹാഫിസ് സയീദിന്റെയും പേരുകളുടെ ഒരു സംയോജിത രൂപമാണ് ഇതെന്നും ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഇസ്ലാമിക ഭീകരതയെ വെള്ളപൂശുകയും ഹിന്ദു സമൂഹത്തെ വില്ലന്‍ വേഷത്തില്‍ അവതരിപ്പിക്കുകയും ചെയ്തുവെന്ന് പുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളുടെ ആവര്‍ത്തനം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. സിനിമയുടെ ഫണ്ടിങ് ചോദ്യം ചെയ്യുന്ന ലേഖനം നിര്‍മാതാക്കളില്‍ ഒരാള്‍ പിന്മാറിയതിനെക്കുറിച്ചും സംശയമുന്നയിക്കുന്നുണ്ട്. എമ്പുരാനില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് മസൂദ് സയീദ് ആണെന്നത് യാദൃച്ഛികമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്ന് ചോദിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ജയ്ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിന്റെയും ലഷ്‌കറെ തൊയ്ബ ഭീകരന്‍ ഹാഫിസ് സയീദിന്റെയും പേരുകളുടെ ഒരു കൂട്ടിച്ചേര്‍ക്കലാണിത്.

ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ ഒരു അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടുള്ള ഒരു നീക്കമാണിത്. പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ നിലപാട് നേരത്തെ പ്രകടമാണ്. ഇതൊരു ഒറ്റപ്പെട്ട കേസല്ല, മറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് നയിക്കുന്ന കേരളത്തിലെ ചലച്ചിത്രമേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ്. വളച്ചൊടിച്ച ചരിത്രവും തീവ്രവാദത്തെ വെള്ളപൂശലുമാണ് സിനിമയില്‍ കാണുന്നത്. ഹിന്ദു സമൂഹത്തെ വില്ലന്‍ വേഷത്തില്‍ അവതരിപ്പിച്ചുകൊണ്ട് ഇസ്ലാമിക ഭീകരതയെ വെള്ളപൂശുന്നതാണ് എമ്പുരാനില്‍ കാണുന്നതെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു ദാരുണവും സങ്കീര്‍ണ്ണവുമായ അധ്യായമാണ് ഗുജറാത്ത് കലാപം. അതിനെ വക്രീകരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ വ്യവഹാരത്തിന് അനുയോജ്യമായ രീതിയില്‍ വസ്തുതകളെ വളച്ചൊടിച്ചിരിക്കുന്നു. ഗോധ്രയില്‍ 59 നിരപരാധികളായ രാമഭക്തരുടെ കൂട്ടക്കൊലയെ എമ്പുരാന്‍ അവഗണിച്ചു. വേദനാജനകമായ ഓര്‍മ്മകള്‍ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഐക്യത്തെയും അതിന്റെ ജനാധിപത്യ സ്ഥാപനങ്ങളെയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലാണ് ഈ ചിത്രം ചെയ്തിരിക്കുന്നതെന്നും ഓര്‍ഗനൈസറിലെ പുതിയ ലേഖനത്തില്‍ പറയുന്നു.

ഒരു സിനിമ സൂക്ഷ്മമായി വിഭജനത്തിന്റെ വിത്തുകള്‍ നടുമ്പോള്‍, ഈ വിത്തുകള്‍ വേരുറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നും ഓരോ ദേശസ്നേഹിയായ ഇന്ത്യക്കാരനും കണക്കുചോദിക്കേണ്ട സമയമാണിതെന്നും ലേഖനത്തില്‍ പറയുന്നു. ഇസ്ലാമിക ഭീകരതയെ വെള്ളപൂശുകയും ഹിന്ദു സമൂഹത്തെ വില്ലന്‍ വേഷത്തില്‍ അവതരിപ്പിക്കുകയും ചെയ്തതിന് സിനിമയ്ക്കെതിരെ ജനരോഷമുണ്ട് എന്നാണ് ലേഖനത്തില്‍ അവകാശപ്പെടുന്നത്.

സിനിമയുടെ ആദ്യ ഭാഗമായ ലൂസിഫര്‍, ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അദൃശ്യമായ വിദേശ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന വെറും പാവകളാണെന്ന ആശയം സൂക്ഷ്മമായി അവതരിപ്പിച്ചു. രണ്ടാം ഭാഗമായ എമ്പുരാന്‍, ഇന്ത്യയുടെ അന്വേഷണ ഏജന്‍സികള്‍, നിയമപാലകര്‍, ജുഡീഷ്യറി എന്നിവയെ ലക്ഷ്യം വച്ചുകൊണ്ട് ഇതിനെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും ആണ് ലേഖനത്തിലെ കുറ്റപ്പെടുത്തല്‍.

എമ്പുരാന്‍ പൊതുജനങ്ങളെ തിരഞ്ഞെടുപ്പ് സംവിധാനത്തില്‍നിന്ന് അകറ്റാന്‍ സാധ്യതയുണ്ട്. ദേശീയ പ്രസ്ഥാനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒരു സൂക്ഷ്മമായ ശ്രമമാണ് സിനിമയില്‍. പ്രധാന കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളി നിയമത്തിന്റെ ചട്ടക്കൂടിന് പുറത്തു നിന്നാണ് പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ മാത്രമേ നീതി നടപ്പാക്കാന്‍ കഴിയൂ എന്നു സിനിമയിലൂടെ പറയുന്നു എന്നും ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

'യുവാക്കള്‍ക്ക് അവരുടെ രാജ്യത്തിന്റെ സ്ഥാപനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍, ആത്യന്തിക ഗുണഭോക്താക്കള്‍ ദുര്‍ബലമായ ഭാരതത്തെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന ബാഹ്യശക്തികളാണ്. എമ്പുരാന്‍ സൂക്ഷ്മമായി വളര്‍ത്തിയെടുക്കുന്ന വിഭജനമാണിത്. ദേശീയ ഐക്യത്തെ ഭീഷണിപ്പെടുത്തുന്ന ഒരു വിഭജനം. പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളുടെ ആവര്‍ത്തനം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു,' ലേഖനത്തില്‍ പറയുന്നു.

സിനിമയുടെ ഫണ്ടിംഗ് എവിടെ നിന്നാണ് വന്നത് എന്നും നിര്‍മ്മാതാക്കളില്‍ ഒരാള്‍ എന്തുകൊണ്ടാണ് പദ്ധതിയില്‍ നിന്ന് പിന്മാറിയത് എന്നും ലേഖനം ചോദിക്കുന്നു. സംഘപരിവാര്‍ നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും ചിത്രത്തിനെതിരെ ആക്രമണം ശക്തമായതോടെയാണ് എമ്പുരാനിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യുകയാണ് എന്ന് അറിയിച്ച് ഖേദം പ്രകടിപ്പിച്ച് കൊണ്ട് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

മോഹന്‍ലാലിന്റെ ഈ ഖേദപ്രകടനം പൃഥ്വിരാജ് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനം വന്നിരിക്കുന്നത്. എമ്പുരാന്‍ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയ്ക്കെതിരെയുള്ള ലേഖനം നേരത്തെ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചിരുന്നു.