മോസ്‌കോ: യൂറോപ്പില്‍ എവിടെയും പതിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉപയോഗിക്കാന്‍ മടിയില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രെയിന് നേരേ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് വിട്ട് റഷ്യ. ആണവേതര പോര്‍മുന ഘടിപ്പിച്ച ബാലിസ്റ്റിക് മിസൈല്‍ പായിച്ചത് യുക്രെയിനും പാശ്ചാത്യ സഖ്യരാഷ്ട്രങ്ങള്‍ക്കെും ഉള്ള മുന്നറിയിപ്പാണ്.

ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളവയാണ് സാധാരണ ഗതിയില്‍ ഐസിബിഎമ്മുകള്‍. എന്നിരുന്നാലും അവയെ ആണവേതര പോര്‍മുനരകള്‍ ഘടിപ്പിക്കാനും ഉപയോഗിക്കാം. ഒരു ആണവായുധ വെല്ലുവിളി ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനുള്ള ആയുധമാണ് ഐസിബിഎം.


ഇതാദ്യമായാണ് റഷ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിക്കുന്നതെന്ന്, യുദ്ധം 1000 ദിവസം പിന്നിടവേ യുക്രെയിന്‍ വ്യക്തമാക്കി. മധ്യ യുക്രെയിന്‍ നഗരമായ നിപ്രോ ലക്ഷ്യമാക്കി ഇന്നുരാവിലെ റഷ്യന്‍ സൈനികര്‍ വിവിധ തരത്തിലുള്ള മിസൈലുകള്‍ അയച്ചു. വിശേഷിച്ചും റഷ്യന്‍ ഫെഡറേഷനിലെ അസ്ട്രകന്‍ മേഖലയില്‍ നിന്ന് ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും പ്രയോഗിച്ചു. യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമാണ് റഷ്യ ഐസിബിഎം തൊടുത്തുവിടുന്നത്.

ഐസിബിഎം പ്രയോഗിച്ചതിനെ കുറിച്ച് പ്രതികരിക്കാന്‍ റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് വിസമ്മതിച്ചു. അതിനിടെ, ഇന്നുരാവിലെ പോളണ്ടിലെ യുഎസ് വ്യോമ താവളങ്ങള്‍ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് റഷ്യ ഭീഷണി മുഴക്കി. യുക്രെയിന് നേരേ ഐസിബിഎം പ്രയോഗിച്ചതിന് പിന്നാലെയാണ് ഭീഷണി.

ബാള്‍ട്ടിക് തീരത്തിന് അടുത്തുള്ള റെഡ്‌സികോവോയിലെ പുതിയ അമേരിക്കന്‍ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ താവളം മൊത്തത്തിലുള്ള ആണവ അപകടം വര്‍ദ്ധിപ്പിക്കുമെന്നാണ് റഷ്യയുടെ നിലപാട്. നവംബര്‍ 13 നാണ് ഈ താവളം തുറന്നത്. നാറ്റോയുടെ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ കൂടി ഭാഗമാണിത്.


കഴിഞ്ഞ ദിവസം യുക്രെയിന്‍ അമേരിക്കയിലും ബ്രിട്ടനിലും നിര്‍മ്മിച്ച മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലേക്ക് ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് യൂറോപ്പില്‍ എവിടെയും പതിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ഉപയോഗിക്കുമെന്ന റഷ്യയുടെ മുന്നറിയിപ്പ്. യുക്രെയിന് നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ അമേരിക്കയും ബ്രിട്ടനും അനുമതി നല്‍കിയ സാഹചര്യത്തിലാണ് യുക്രെയിന്‍ ശക്തമായ തോതില്‍ റഷ്യയിലേക്ക് ചൊവ്വാഴ്ച ആക്രമണം നടത്തിയത്. തെക്കന്‍ റഷ്യയിലെ ഒരു പ്രവിശ്യയിലേക്ക് ഇന്നലെ യുക്രൈന്‍ സൈന്യം പന്ത്രണ്ടോളം സ്റ്റോംഷാഡോ റോക്കറ്റുകള്‍ അയച്ചിരുന്നു.

ബ്രിട്ടനില്‍ നിന്ന് യുക്രെയിന്‍ സ്വന്തമാക്കിയതാണ് ഈ റോക്കറ്റുകള്‍. നേരത്തേ തെക്കന്‍ റഷ്യയിലെ ചില മേഖലകള്‍ യുക്രെയിന്‍ സൈന്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച അമേരിക്ക നല്‍കിയ മിസൈലുകളാണ് യുക്രൈന്‍ റഷ്യയിലേക്ക് തൊടുത്തു വിട്ടത്. ഇതിനെല്ലാം അനുമതി നല്‍കിയത് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍സ്റ്റാമറും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമാണ് എന്നതാണ് പുട്ടിനെ ചൊടിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്.

2022 ല്‍ റഷ്യയും യുക്രൈനും തമ്മില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ റഷ്യ ശക്തമായ പ്രഹരശേഷിയില്ലാത്ത ഇസ്‌ക്കന്തര്‍ മിസൈലുകളാണ് യുക്രെയിന് നേരേ ആക്രമണത്തിനായി ഉപയോഗിച്ചിരുന്നത്. റഷ്യയിലേക്ക് അമേരിക്കയും ബ്രിട്ടനും നല്‍കിയ മിസൈലുകള്‍ അയച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുക്രൈന് പുട്ടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

റഷ്യ ആര്‍എസ് -26 റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയാല്‍ അത് യുക്രൈന് വിനാശകരമായി മാറുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. നിലവില്‍ റഷ്യക്ക് യുക്രെയിന് നേരേ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്നാണ് റഷ്യന്‍ പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ആര്‍.എസ്-26 മിസൈല്‍ പോലെയുള്ള മിസൈലുകള്‍ ഉപയോഗിച്ച് യുക്രെയിന്റെ തലസ്ഥാനമായ കീവ് പോലും ഛിന്നഭിന്നമാക്കാന്‍ റഷ്യക്ക് കഴിയും എന്നാണ് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

യുക്രെയിന്റെ ഏത് മേഖലയിലും കടന്ന് കയറി ആക്രമണം നടത്താന്‍ റഷ്യക്ക് എല്ലാ സംവിധാനങ്ങളും ഉണ്ടെന്ന കാര്യം യുക്രെയിന്‍ ഭരണാധികാരികള്‍ക്ക് തന്നെ അറിയാമെന്നും വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് റഷ്യയുടെ ആണവനയത്തില്‍ ഭേദഗതി വരുത്തുന്ന കാര്യത്തില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ അന്തിമതീരുമാനം എടുത്തത്. ഒരു മൂന്നാം ലോകമഹായുദ്ധത്തിന് പോലും തങ്ങള്‍ തയ്യാറാണ് എന്നാണ് പുട്ടിന്റെ അടുത്ത അനുയായിയായ ദിമിത്രി മെദദേവ് പ്രഖ്യാപിച്ചതും ഈ അവസരത്തില്‍ ശ്രദ്ധേയമാണ്.

റഷ്യയുമായി മെച്ചപ്പെട്ട ബന്ധമാണ് ഡൊണാള്‍ഡ് ട്രംപിനുള്ളത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തില്‍ എത്തുമ്പോള്‍ യുക്രെയിനും റഷ്യയുമായുള്ള യുദ്ധം തീരുമെന്നും കരുതി. ഇതിനെ അട്ടിമറിക്കുന്ന ഇടപെടലുകള്‍ ഇപ്പോള്‍ ബൈഡന്‍ ഭരണകൂടം ചെയ്യുന്നത്.