- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സാദിഖലി തങ്ങള്‍ക്കെതിരെ മാപ്പര്‍ഹിക്കാത്ത മഹാപരാധം; തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കണം; നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ തീര്‍ത്തും വ്യാജം; ഏതു മാന്യനേയും മോശമാക്കാന്‍ ഇതുപോലുള്ള വഴികള്‍ സ്വീകരിക്കുന്നത് മഹാപരാധം; ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പമെന്ന് കെ ടി ജലീല്‍
സാദിഖലി തങ്ങള്‍ക്കെതിരെ മാപ്പര്‍ഹിക്കാത്ത മഹാപരാധം

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അജ്ഞാതന്‍ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ചതിനെതിരെ തവനൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ടി. ജലീല്‍. സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതായും ജലീല്‍ വ്യക്തമാക്കി.
'കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഞാന്‍ ഉള്‍കൊള്ളുന്ന തൊഴുവാനൂര്‍ മഹല്ലിന്റെ ഖാദി കൂടിയാണ് ആദരണീയനായ തങ്ങള്‍. അദ്ദേഹത്തെ സമൂഹ മദ്ധ്യത്തില്‍ താറടിച്ചു കാണിക്കാന്‍ നടത്തുന്ന കുല്‍സിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ആരെയും എന്തും ആക്കാന്‍ സാധിക്കും. സാദിഖലി തങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ തീര്‍ത്തും വ്യാജമാണ്. ഏതു മാന്യനേയും മോശമാക്കാന്‍ ഇതുപോലുള്ള വഴികള്‍ സ്വീകരിക്കുന്നവര്‍ ചെയ്യുന്ന മഹാപരാധം മാപ്പര്‍ഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പം' -അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച വൈകീട്ടോടെയാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ വ്യാജ ഫേസ്ബുക് അക്കൗണ്ടിലൂടെ അജ്ഞാതന്‍ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ മുസ്‌ലിം ലീഗ് നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടതായി പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനുപിന്നാലെ, ആരോപണം പോസ്റ്റ് ചെയ്തയാള്‍ അത് പിന്‍വലിക്കുകയും ഫേസ്ബുക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
കെ.ടി. ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
സാദിഖലി തങ്ങളെ അപമാനിക്കാനുള്ള ശ്രമം കരുതിയിരിക്കുക.
കക്ഷി രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്ന വ്യക്തിയാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഞാന്‍ ഉള്‍കൊള്ളുന്ന തൊഴുവാനൂര്‍ മഹല്ലിന്റെ ഖാളി കൂടിയാണ് ആദരണീയനായ തങ്ങള്‍. അദ്ദേഹത്തെ സമൂഹ മദ്ധ്യത്തില്‍ താറടിച്ചു കാണിക്കാന്‍ നടത്തുന്ന കുല്‍സിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ആരെയും എന്തും ആക്കാന്‍ സാധിക്കും.
സാദിഖലി തങ്ങളെ സ്‌കൂള്‍ പഠന കാലം തൊട്ട് വ്യക്തിപരമായി എനിക്കറിയാം. എന്റെ മൂന്നു വര്‍ഷം സീനിയറായി ചേളാരി 'സമസ്താലയ'ത്തില്‍ ഞങ്ങള്‍ ഒരുമിച്ച് പഠിച്ചവരാണ്. അന്ന് മുതല്‍ക്കേ സാദിഖലി തങ്ങളെ എനിക്ക് വളരെ അടുത്തറിയാം. മാന്യമായ പെരുമാറ്റം കൊണ്ടും കുലീനമായ സമീപനം കൊണ്ടും എന്റെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് സാദിഖലി തങ്ങള്‍. രാഷ്ട്രീയമായി ഞാന്‍ അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ട്. ആ വിമര്‍ശനം മേലിലും തുടരും. പക്ഷെ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ല. നടത്തുകയുമില്ല.
സാദിഖലി തങ്ങളുടെ സഹധര്‍മ്മിണി സുല്‍ഫത്ത് ബീവി, പി.എസ്.എം.ഒ കോളേജില്‍ എന്റെ ക്ലാസ്‌മേറ്റാണ്. ഇംഗ്ലീഷിനും അറബിക്കിനും ഞങ്ങള്‍ ഒരേ ക്ലാസിലായിരുന്നു. സാദിഖലി തങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന നിര്‍മ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ തീര്‍ത്തും വ്യാജമാണ്. ഏതു മാന്യനേയും മോശമാക്കാന്‍ ഇതുപോലുള്ള വഴികള്‍ സ്വീകരിക്കുന്നവര്‍ ചെയ്യുന്ന മഹാപരാധം മാപ്പര്‍ഹിക്കാത്തതാണ്. ശക്തമായ നിയമ നടപടി വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സ്വീകരിക്കുമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. പോലീസ് ശക്തമായ ഇടപെടല്‍ നടത്തണം. കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കണം. മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കും. ഇക്കാര്യത്തില്‍ സാദിഖലി തങ്ങള്‍ക്കൊപ്പം.


