ഭുവനേശ്വര്‍: പതിറ്റാണ്ടുകളായി സുരക്ഷാസേനയുടെ കണ്‍വെട്ടത്ത് വരാതെ മറഞ്ഞിരുന്ന് മാവോയിസ്റ്റ് ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയ ചലപതിക്ക് (ജയറാം റെഡ്ഡി) കുരുക്കായത് ഭാര്യയുമൊത്തുള്ള ഒരു സെല്‍ഫി. ഛത്തീസ്ഗഡിലെ ഗാരിയാബന്ദ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 മാവോയിസ്റ്റുകളെയാണ് കഴിഞ്ഞ ദിവസം സുരക്ഷാസേന വധിച്ചത്. കൊല്ലപ്പെട്ടവരില്‍ തലയ്ക്ക് ഒരുകോടി രൂപ സുരക്ഷാസേന വിലയിട്ട സെന്‍ട്രല്‍ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗവും മാവോയിസ്റ്റ് നേതാവുമായ ചലപതിയും ഉണ്ടായിരുന്നു.

കുലാരിഘട്ട് റിസര്‍വ് വനത്തിലായിരുന്നു ഏറ്റുമുട്ടല്‍. ഒഡിഷയിലെ നുവാപദ ജില്ലാ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടലുണ്ടായത്. അതിര്‍ത്തി പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ തിങ്കളാഴ്ചയാണു സേന ഓപറേഷന്‍ ആരംഭിച്ചത്. 2008 ഫെബ്രുവരിയില്‍, ഒഡിഷയിലെ നയഗഡ് ജില്ലയില്‍ 13 സുരക്ഷാ ജീവനക്കാരുടെ ജീവന്‍ നഷ്ടപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു ചലപതി. പൊലീസ് ആയുധപ്പുര കൊള്ളയടിച്ച ശേഷമാണ് അന്ന് മാവോയിസ്റ്റുകള്‍ രക്ഷപ്പെട്ടത്. ആയുധപ്പുര കൊളളയടിക്കുമ്പോള്‍ നയഗഡില്‍ പുറത്തുനിന്നുള്ള പൊലീസ് സേന കടക്കുന്നില്ലെന്നും ചലപതി ഉറപ്പാക്കി. പട്ടണത്തിലേക്ക് വരുന്ന എല്ലാ റോഡുകളിലും കൂറ്റന്‍ മരത്തടികള്‍ നിരത്തി വഴിയടച്ചാണ് മാവോയിസ്റ്റുകള്‍ കൊളളയടിച്ച ശേഷം രക്ഷപ്പെട്ടത്.

വര്‍ഷങ്ങളായി വേഷപ്രച്ഛന്നനായാണ് ചലപതി കഴിഞ്ഞത്. എന്നാല്‍, ആന്ധ്ര -ഒഡിഷ അതിര്‍ത്തി പ്രത്യേക മേഖല കമ്മിറ്റി ഡെപ്യൂട്ടി കമാന്‍ഡറായ തന്റെ ഭാര്യ ചെതന്യ വെങ്കട്ട് രവി എന്ന അരുണയും ഒത്തുള്ള ഒരു സെല്‍ഫി ചലപതിയെ ചതിച്ചു. 2016 മെയില്‍ ആന്ധ്രയില്‍ വച്ച് മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട ഒരു സ്മാര്‍ട്ട് ഫോണ്‍ കിട്ടിയതാണ് നിര്‍ണായകമായത്. ആ ഫോണിലാണ് ഇരുവരുടെയും സെല്‍ഫി കണ്ടത്.

തന്റെ തലയ്ക്ക് ഒരു കോടി വിലയിട്ടെന്ന് അറിഞ്ഞതോടെ, എട്ടു മുതല്‍ 10 വരെ പേഴ്‌സണല്‍ ഗാര്‍ഡുമാരുമായിട്ടായിരുന്നു സദാ സഞ്ചാരം. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായിരുന്നു ചലപതി. മാവോയിസ്റ്റുകളുടെ ഏറ്റവും ഉന്നത സമിതിയായ കേന്ദ്ര കമ്മിറ്റിയിലെ മുതിര്‍ന്ന അംഗം. ഛത്തീസ്ഗഡിലെ ബസ്തറില്‍ അബുജ്മദ് കൊടുംവനത്തില്‍ പ്രവര്‍ത്തനം നടത്തിയിരുന്ന ഇയാള്‍ സമീപകാലത്താണ് ഒഡിഷ അതിര്‍ത്തിയില്‍ സുരക്ഷിത മേഖല തേടി ഗരിയാബാദിലേക്ക് തന്റെ താവളം മാറ്റിയത്. സൈനിക യുദ്ധതന്ത്രങ്ങളിലും ഗറില്ല യുദ്ധമുറകളിലും വിദഗ്ധനായിരുന്നു ചലപതി.




കുലാരിഘട്ട് റിസര്‍വ് വനത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് ചലപതി കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളിലെ പൊലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാന്‍ഡോകള്‍, ഒഡീഷ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.

ഛത്തീസ്ഗഡിലെ കുലാരിഘട്ട് റിസര്‍വ് വനത്തില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. തോക്കുകള്‍, ഐഇഡികള്‍, റൈഫിളുകള്‍ ഉള്‍പ്പെടെ ആയുധങ്ങളുടെ വലിയൊരു ശേഖരം ഏറ്റുമുട്ടലുണ്ടായ സ്ഥലത്തുനിന്ന് സുരക്ഷാസേന കണ്ടെടുത്തു.

2024ല്‍ മാത്രം 200ല്‍ അധികം മാവോയിസ്റ്റുകളെ ഛത്തിസ്ഗഡില്‍ സുരക്ഷാ സേന വധിച്ചതായാണ് വിവരം. കൊല്ലപ്പെട്ട 219 മാവോയിസ്റ്റുകളില്‍ 217 പേരും ബസ്തര്‍ മേഖലയില്‍നിന്നാണ്. ബസ്തര്‍, ദണ്ഡേവാഡ, കാംഗര്‍, ബിജാപുര്‍, നാരായണ്‍പുര്‍, കൊണ്ടാഗാവ്, സുക്മ ജില്ലകളിലാണ് ഈ മേഖലയില്‍പ്പെടുന്നത്. 800ല്‍ അധികം മാവോയിസ്റ്റുകള്‍ അറസ്റ്റിലായിട്ടുണ്ട്. 802 പേര്‍ കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മാത്രം 18 സുരക്ഷാ ജീവനക്കാര്‍ ഏറ്റുമുട്ടലില്‍ മരിച്ചു. 65 ജനങ്ങളും മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു.