- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിര്‍മലാ കോളേജിന് സംരക്ഷണം ഒരുക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്; ആരാധനക്ക് വേണ്ടി സമരം നടത്തിയിട്ടില്ലെന്ന് എസ്.എഫ്.ഐ
കൊച്ചി: മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രാര്‍ത്ഥനാ സൗകര്യം ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ പ്രതികരിച്ച് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരെ സമീപകാലങ്ങളില്‍ ആസൂത്രിതമായ മതവര്‍ഗീയ അധിനിവേശശ്രമങ്ങള്‍ നടക്കുന്നുവെന്നും. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോള്‍ മുവാറ്റുപുഴ നിര്‍മലാ കോളേജില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി ചെറുക്കുമെന്നും നിര്‍മലാ കോളേജിനും അധികാരികള്‍ക്കും സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന സ്വയംഭരണസ്ഥാപനമായ മുവാറ്റുപുഴ നിര്‍മലാ കോളേജില്‍ ഈ കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങള്‍ അക്കാദമിക അന്തരീക്ഷം തകിടംമറിക്കുന്ന തരത്തിലുള്ളതാണ്.
ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് ക്യാമ്പസ്സില്‍ നിസ്കാരം നടത്തുന്നതിന് മുറി വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും മുദ്രാവാക്യം മുഴക്കി സമരം ചെയ്യുകയുമാണ് ഉണ്ടായത്. നിയമ പരമായോ ധാര്‍മികമയോ യാതൊരു സാധുതയുമില്ലാത്ത ഇത്തരമൊരാവശ്യം ഉയര് ത്തിക്കൊണ്ട് കോളേജ് അന്തരീക്ഷം കലുഷിതമാക്കുന്നതിന് കേരളത്തിലെ പ്രബല മായ രണ്ടു വിദ്യാര്‍ത്ഥിസംഘടനകളുടെ യൂണിറ്റുകള്‍ നേതൃത്വം നല്‍കിയെന്ന സാഹചര്യം ആശങ്കയുളവാക്കുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പുറകിലുള്ള ഗൂഡാലോചനയും ലക്ഷ്യങ്ങളും അന്വേഷണവിധേയമാക്കണം. കൂടുതല്‍ അനിഷ്ട സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി നിര്‍മലാ കോളേജിനും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും ആവശ്യമായ സംരക്ഷണം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് ആവശ്യപ്പെടുന്നു.
അതേസമയം മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താന്‍ വേണ്ടി എസ്എഫ്ഐ സമരം നടത്തിയെന്ന വ്യാജപ്രചരണം അവസാനിപ്പിക്കണമെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ വ്യക്തമാക്കി കേരളത്തിലെ ക്യാമ്പസുകള്‍ മതേതരമായി നിലനിര്‍ത്തുന്നതിന് വേണ്ടി എന്നും മുന്നില്‍ നിന്നിട്ടുള്ള സംഘടനയാണ് എസ്എഫ്ഐ. ക്യാമ്പസുകളില്‍ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യാന്‍ അനുവദിച്ചാല്‍ പിന്നീടത് മുഴുവന്‍ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ്എഫ്ഐയെന്നും പ്രസ്താവനയില്‍ പറയുന്നു.
മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി എസ്എഫ്ഐ സമരം സംഘടിപ്പിച്ചിട്ടില്ല. രണ്ട് വിദ്യാര്‍ഥികള്‍ പ്രാര്‍ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പല്‍ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധം എസ്എഫ്ഐയുടെ തലയില്‍ കെട്ടിവെക്കുന്നത് സംഘപരിവാര്‍, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണ്.
എസ്എഫ്ഐ ഏരിയാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആ ക്യാമ്പസില്‍ പഠിക്കുന്ന സംഘടനക്ക് നേതൃത്വം ആരും തന്നെ ആ സമരത്തിന്റെ ഭാഗമായിട്ടില്ല. സംഘപരിവാര്‍, കാസ നുണ ഫാക്ടറികളില്‍ നിന്ന് പടച്ചു വിടുന്ന നുണ സോഷ്യല്‍ മീഡിയയിലെ ഇടത് പ്രൊഫൈലുകള്‍ ഉള്‍പ്പെടെ ഏറ്റെടുക്കുന്നത് ഖേദകരമാണമെന്നും എസ്എഫ്ഐ പ്രസ്താവനയിലൂടെ അറിയിച്ചു.