- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡല്‍ഹിയിലെ വേദിയിലും രാഹുല്‍ ഗാന്ധി 'അറിയില്ലെന്ന് നടിച്ചാല്‍ എന്തു ചെയ്യും'! ആ അപമാനം സഹിക്കാന്‍ വിശ്വപൗരനില്ല; കേരളത്തിലെ നേതാക്കളുമായുള്ള ഡല്‍ഹി ചര്‍ച്ചയ്ക്ക് പ്രവര്‍ത്തക സമിതി അംഗം പോകില്ല; കോണ്‍ഗ്രസ് നേതൃത്വവുമായി ഇനി അകല്‍ച്ച പാലിക്കാന്‍ തീരുമാനം; തരൂര്‍ കോണ്‍ഗ്രസിന് പുറത്തേക്കോ?
തരൂര്‍ കോണ്‍ഗ്രസിന് പുറത്തേക്കോ?

തിരുവനന്തപുരം: എഐസിസി വിളിച്ച കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ണ്ണായക യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ പങ്കെടുക്കില്ല. കൊച്ചിയില്‍ നടന്ന മഹാ പഞ്ചായത്ത് സംഗമത്തില്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും കെപിസിസി നേതൃത്വത്തില്‍ നിന്നും നേരിട്ട അവഗണനയിലും അപമാനത്തിലും പ്രതിഷേധിച്ചാണ് തരൂരിന്റെ പിന്‍വാങ്ങല്‍. ഡല്‍ഹിയിലെ യോഗത്തിന് പോയാലും അറിയാ ഭാവം രാഹുല്‍ ഗാന്ധി കാണിച്ചാല്‍ എന്തു ചെയ്യുമെന്ന ചോദ്യമാണ് തരൂര്‍ ക്യാമ്പ് ഉയര്‍ത്തുന്നത്. അതുകൊണ്ട് അങ്ങോട്ടില്ലെന്നതാണ് നിലപാട്.
കൊച്ചിയില്‍ നടന്ന മഹാ പഞ്ചായത്ത് പരിപാടിയില്‍ തനിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും, രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ തഴയപ്പെട്ടെന്നുമാണ് തരൂര്‍ കരുതുന്നത്. കൊച്ചിയിലെ പരിപാടിയില്‍ എല്ലാ പ്രമുഖ നേതാക്കളുടെ പേര് പറഞ്ഞിട്ടും തരൂരിന്റെ പേര് രാഹുല്‍ ഗാന്ധി ഒഴിവാക്കി. വെറുമൊരു വിട്ടുനില്‍ക്കല്‍ എന്നതിലുപരി, അര്‍ഹമായ അംഗീകാരവും പദവിയും നല്‍കിയില്ലെങ്കില്‍ വരുംദിവസങ്ങളില്‍ പാര്‍ട്ടിയുമായി സഹകരിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് തരൂര്‍ ഇതിലൂടെ നല്‍കുന്നത്. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കാനാണ് ഡല്‍ഹിയില്‍ നേതാക്കളുടെ യോഗം വിളിച്ചത്.
നേതൃത്വത്തോടുള്ള അതൃപ്തിയാണ് ബഹിഷ്‌കരണത്തിലൂടെ തരൂര്‍ ചര്‍ച്ചയാക്കുന്നത്. കെപിസിസി നേതൃത്വം തന്നെ ബോധപൂര്‍വ്വം ഒതുക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി തരൂര്‍ ക്യാമ്പിനുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് എഐസിസി യോഗത്തില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ തരൂരിനെപ്പോലൊരു നേതാവ് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായേക്കും. തരൂരിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം അണികള്‍ക്കിടയില്‍ ഈ വാര്‍ത്ത ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.
രാഹുല്‍ ഗാന്ധി നേരിട്ട് പങ്കെടുത്ത പരിപാടിയില്‍ വെച്ച് അപമാനിതനായി എന്ന വികാരം തരൂരിനുണ്ടായതോടെ, ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്നം പരിഹരിക്കുമോ അതോ തരൂര്‍ തന്റെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ പിന്തുണ തരൂരിനുണ്ടെന്നും സൂചനകളുണ്ട്. കെപിസിസി സംഘടിപ്പിച്ച മഹാ പഞ്ചായത്ത് സംഗമത്തില്‍ തരൂരിനോട് നേതൃത്വം കാട്ടിയത് കടുത്ത അവഗണനയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
എഐസിസിയിലെ തന്നെ പ്രമുഖനായ നേതാവിനെ തഴഞ്ഞ നടപടിയില്‍ തരൂര്‍ അതീവ അസംതൃപ്തനാണ്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍ തന്നെ മനപ്പൂര്‍വ്വം അപമാനിക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് തരൂരിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ശശി തരൂരിന് വേദിയില്‍ അര്‍ഹമായ ഇരിപ്പിടം നല്‍കുന്നതില്‍ സംഘാടകര്‍ വീഴ്ച വരുത്തി. മറ്റ് നേതാക്കള്‍ക്ക് നല്‍കിയ പരിഗണന തരൂരിന് ലഭിച്ചില്ല.
പാര്‍ലമെന്ററി രംഗത്തും അന്താരാഷ്ട്ര തലത്തിലും കോണ്‍ഗ്രസിന്റെ മുഖമായ തന്നെ സ്വന്തം നാട്ടിലെ പരിപാടിയില്‍ അവഗണിച്ചതിലൂടെ തനിക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന സന്ദേശമാണ് നേതൃത്വം നല്‍കുന്നതെന്ന് തരൂര്‍ കരുതുന്നു. കൊച്ചിയിലെ ഈ മോശം അനുഭവത്തെത്തുടര്‍ന്നാണ് ഡല്‍ഹി നടക്കുന്ന എഐസിസി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തരൂര്‍ തീരുമാനിച്ചത്. തനിക്ക് അര്‍ഹമായ ആദരവ് നല്‍കാത്ത ഒരു വേദിയുമായും ഇനി സഹകരിക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് അദ്ദേഹം.
ഈ നടപടി വരുംദിവസങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുമെന്നുറപ്പാണ്. തരൂരിനെ അനുകൂലിക്കുന്നവര്‍ നേതൃത്വത്തിന്റെ ഈ ഏകപക്ഷീയമായ നിലപാടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.


