- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'അയാള്‍ വിളിച്ചപ്പോഴെല്ലാം എന്തിനാണ് നിങ്ങള്‍ ആവര്‍ത്തിച്ച് ഹോട്ടലുകളിലേക്ക് പോയത്; വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നിങ്ങള്‍; പക്വതയുള്ള വ്യക്തിയുമാണ്; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടി വരും'; പീഡന പരാതിയില്‍ യുവാവിന്റെ മുന്‍കൂര്‍ ജാമ്യം ശരിവച്ച് സുപ്രീം കോടതി
പീഡന പരാതിയില്‍ യുവാവിന്റെ മുന്‍കൂര്‍ ജാമ്യം ശരിവച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവിന്റെ മുന്‍കൂര്‍ജാമ്യം ശരിവച്ച് സുപ്രീം കോടതി. വിവാഹേതര ബന്ധത്തിനു തയാറായതിലൂടെ യുവതിയാണു കുറ്റകൃത്യം നടത്തിയതെന്ന നിരീക്ഷണത്തോടെയാണ് കോടതി മുന്‍കൂര്‍ജാമ്യം ശരിവച്ചത്. വിവാഹിതയായിരിക്കെ ഭര്‍ത്താവല്ലാതെ മറ്റൊരാളുമായി ശാരീരിക ബന്ധം തുടര്‍ന്നതില്‍ യുവതിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമെന്ന മുന്നറിയിപ്പും കോടതി നല്‍കി. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, എന്‍. കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. യുവാവിനു പട്‌ന ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. ബിഹാര്‍ സ്വദേശികളാണ് ഇരുവരും.
വിവാഹം കഴിക്കാമെന്ന വ്യാജ വാഗ്ദാനം നല്‍കി യുവാവ് തന്റെ കക്ഷിയുമായി ലൈംഗിക ബന്ധം തുടര്‍ന്നുവെന്ന് സ്ത്രീയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇതിനോട് കോടതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, 'വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നിങ്ങള്‍. പക്വതയുള്ള വ്യക്തിയുമാണ്. വിവാഹത്തിന് പുറത്തുള്ള ഒരു ബന്ധം എങ്ങനെയായിരിക്കുമെന്ന ബോധ്യം നിങ്ങള്‍ക്കുണ്ടായിരുന്നു' ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം നല്‍കി അയാള്‍ പലതവണ ഹോട്ടലുകളിലേക്കും റെസ്റ്റ് ഹൗസുകളിലേക്കും ലൈംഗികബന്ധത്തിനായി വിളിച്ചുവരുത്തിയെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അയാള്‍ വിളിച്ചപ്പോഴെല്ലാം എന്തിനാണ് നിങ്ങള്‍ ആവര്‍ത്തിച്ച് ഹോട്ടലുകളിലേക്ക് പോയതെന്ന് ഈ ഘട്ടത്തില്‍ കോടതി ചോദിച്ചു. വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിലൂടെ നിങ്ങളും കുറ്റം ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോയെന്നും കോടതി ചോദിക്കുകയുണ്ടായി.
ഇക്കാര്യം വ്യക്തമാക്കി കൊണ്ട് സുപ്രീംകോടതി സ്ത്രീയുടെ ഹര്‍ജി തള്ളി. യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച പട്ന ഹൈക്കോടതിയുടെ നടപടി ശരിയാണെന്നെന്നും വ്യക്തമാക്കി. സ്ത്രീ ബലാത്സംഗ പരാതി നല്‍കിയതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി അങ്കിത് ബണ്‍വാള്‍ എന്ന യുവാവ് വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയിലെത്തിയാണ് മുന്‍കൂര്‍ ജാമ്യം സ്വന്തമാക്കിയത്.
2016 ല്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് യുവാവും യുവതിയും തമ്മില്‍ പരിചയപ്പെട്ടത്. അന്നുമുതല്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ട്. വിവാഹമോചനം തേടാന്‍ യുവാവില്‍നിന്നു സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും മാര്‍ച്ച് ആറിന് കുടുംബക്കോടതിയില്‍നിന്നു വിവാഹമോചനം ലഭിച്ചെന്നും യുവതി പറയുന്നു. ഇതിനു പിന്നാലെ, വിവാഹം കഴിക്കണമെന്നു യുവതി യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ വിസമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിഹാര്‍ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹമോചനത്തിനുശേഷം യുവതിയുമായി യുവാവ് ശാരീരികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്ന കണ്ടെത്തലില്‍ പട്‌ന ഹൈക്കോടതി ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
വിവാഹം മോചനം ലഭിച്ചതിന് പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അങ്കിതിനെ സമീപിച്ചപ്പോള്‍ അയാള്‍ വിസമ്മതിച്ചുവെന്നാണ് സ്ത്രീ പറയുന്നത്. തുടര്‍ന്നാണ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്.