മുനമ്പം: എറണാകുളം മുനമ്പം നിവാസികളുടെ വഖഫ് പ്രശ്‌നത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുനമ്പം നിവാസികളുടെ ഭൂസമരത്തിന് പരസ്യ പിന്തുണയുമായാണ് സുരേഷ് ഗോപി എത്തിയത്. മുനമ്പത്തിന് ഒപ്പം താനും ബിജെപിയും ഉണ്ടാകുമെന്ന് സുരേഷ് ഗോപി സമരവേദിയില്‍ പ്രഖ്യാപിച്ചു. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളിയ സമര സമിതി, സര്‍ക്കാരും പ്രതിപക്ഷവും തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നും ആരോപിച്ചു

മുനമ്പത്തെ 600 ഓളം കുടുംബങ്ങളാണ് കുടിയിറക്ക് ഭീക്ഷണി നേരിടുന്നത്. റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് 2021 മുതല്‍ സമര രംഗത്താണ് മുനമ്പം നിവാസികള്‍. 1902ല്‍ ഫാറൂഖ് കോളേജില്‍ നിന്ന് പണം കൊടുത്തു വാങ്ങിയ ഭൂമി, വഖഫ് ബോര്‍ഡിന്റെതാണെന്ന വാദമാണ് നിലവിലെ തര്‍ക്കത്തിന് കാരണം. വിശ്വസിച്ച പാര്‍ട്ടിപോലും ചതിച്ചെന്ന് പറഞ്ഞ സമരക്കാര്‍ സ്ഥലം എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തിരിഞ്ഞു നോക്കിയില്ലെന്നും ആരോപിച്ചു.

ഇതിനിടെയാണ് മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയത്. പുതിയ വാഗ്ദാനങ്ങള്‍ നല്‍കാന്‍ അല്ല താന്‍ വന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി പാര്‍ലമെന്റില്‍ നിരന്തരം താന്‍ ഈ വിഷയം ഉന്നയിക്കാറുണ്ടെന്ന് വ്യക്തമാക്കി. മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജനപ്രതിനിധികളെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദ്രോഹികളെ വച്ചു പൊറുപ്പിക്കരുത്. രാജിവച്ച് പോകാന്‍ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു.

മുനമ്പത്ത് നടക്കുന്ന അധമം ചെറുക്കുമെന്നും താനും കേന്ദ്ര സര്‍ക്കാരും ഒപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പുനല്‍കി. നിങ്ങളുടെ വിഷമങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. പുതിയ വാഗ്ദാനം ഒന്നും നല്‍കേണ്ടതില്ല. ലോക്‌സഭയില്‍ വിഷയം സംസാരിക്കും. എത്ര പ്രമേയമാണ് കേരളം നിയമസഭയില്‍ പാസാക്കിയത്. പൗരത്വ ഭേദഗതി ബില്ലിലടക്കം പ്രമേയം പാസാക്കി. ലോക്‌സഭയിലും രാജ്യസഭയിലും ഇതു സംബന്ധിച്ച് കത്ത് നല്‍കും.മുനമ്പം മാത്രമല്ല രാജ്യത്തൊട്ടാകെ ഇത്തരത്തില്‍ പിച്ചിച്ചീന്തപ്പെടുന്നവര്‍ക്കായാകണം ഈ സമരമെന്നും സുരേഷ് ഗോപി പറഞ്ഞു.

മുനമ്പത്തിന് വേണ്ടി എന്ന് പറഞ്ഞ് ഈ സമരത്തെ കുറച്ച് കാണരുത്. രാജ്യത്ത് സമാനരീതിയില്‍ പിച്ചിച്ചീന്തപ്പെടുന്നവര്‍ക്ക് വേണ്ടിയാകണം സമരം. അധമ്മത്തിനെതിരെയാകണം സമരം. പുതിയ ജനാധിപത്യ രചനകള്‍ കുറിച്ചാല്‍ ഉറപ്പായിട്ടും അത് സംഭവിക്കും. ഒരു ബോര്‍ഡിന്റെയും നാടാവില്ല ഇത്. ദേവസ്വം ബോര്‍ഡിന്റെയും നാടാവില്ല. ആ നിശ്ചയങ്ങളിലേക്ക് നിങ്ങള്‍ വരണം.

ഒരു എംപി എന്ന നിലയ്ക്ക് മാത്രമാണ് ഇവിടെ വന്നു സംസാരിക്കുന്നത്. ദ്രോഹികളെ വച്ചുപൊറുപ്പിക്കരുത്. ഒരു രാഷ്ട്രീയത്തിന്റെയും ചായ്വോടെയല്ല പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കണ്ണീരിന്റെ നിറം ചുവപ്പാണെന്ന് അവരെ അറിയിക്കണം. നിങ്ങള്‍ക്കൊപ്പം നരേന്ദ്രമോദി സര്‍ക്കാരുണ്ടെന്നും സുരോഷ് ഗോപി ഉറപ്പുനല്‍കി.

ജനാധിപത്യത്തിലാണ വിശ്വസിക്കുന്നതെങ്കില്‍ പുനര്‍ചിന്തിനം വേണ്ടിവരും. പൗരത്വം ഭേദഗതിയുടെ പേരില്‍ കോലാഹലം സൃഷ്ടിച്ചവരാണ് ഇവിടെയുള്ളത്. പല നിയമങ്ങളും മണ്ണിന്റെയും ജനങ്ങളടെയും നല്ലതിനാണ്. നോര്‍ത്ത് ഇന്ത്യയില്‍ പോയി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് തെറ്റായി പോയെന്ന് വാര്‍ത്താ സമ്മേളനം നടത്താമോയെന്ന് ഇന്നലെ ഒരു ട്രോളന്‍ ചോദിക്കുന്നത് കണ്ടു, സൗകര്യമില്ലെന്നേ പറയൂ. അന്ന് അത് പിന്‍വലിച്ചപ്പോള്‍ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. രാഷ്ട്രീയത്തില്‍ ബലക്കുറവ് സൃഷ്ടിക്കാനുള്ള അവസരത്തിനായാണ് എല്ലാവരും നോക്കി നില്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

''മാധ്യമങ്ങളെ ആരും കുറ്റം പറയേണ്ട. അവര്‍ക്ക് എന്താണോ തീറ്റ, അതു മാത്രമേ അവരെടുക്കൂ. കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ആ പ്രസ്ഥാനങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്. അത് അവര്‍ക്ക് തിരിച്ചുപിടിച്ചേ പറ്റു. പക്ഷേ ജനങ്ങളുടെ കണ്ണീര്‍ തീറ്റയാക്കുന്ന പ്രസ്ഥാനത്തിന്റെ ദഹനശക്തി നഷ്ടപ്പെടും. ഞാന്‍ അവരുടെ ശത്രുവല്ല. അവര്‍ എന്റെയും ശത്രുവല്ല. എന്താണ് ശുദ്ധമായ മാധ്യമ പ്രവര്‍ത്തനം എന്നതിനെപ്പറ്റി നിശ്ചയം വേണം'' സുരേഷ് ഗോപി പറഞ്ഞു.

ഭരണ-പ്രതിപക്ഷ നേതാക്കള്‍ മുനമ്പത്തേക്ക് വരാറില്ലെന്ന സമരക്കാരുടെ ആക്ഷേപത്തെ കൂട്ടുപിടിച്ചായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി മുനമ്പം വിഷയത്തില്‍ പ്രതികരണം നടത്തിയത്. സുരേഷ് ഗോപിയുടെ പ്രസംഗത്തിന് സമരക്കാര്‍ കൈയ്യടിച്ചു. സര്‍ക്കാരില്‍ നിന്നും കോടതിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പള്ളി വികാരി ആന്റണി തറയില്‍ പറഞ്ഞു. ഭൂസംരക്ഷണ സമതിയുടെ നേത്യത്വത്തില്‍ നടക്കുന്ന റിലേ സത്യഗ്രഹ സമരം 18 ദിവസം പിന്നിട്ടു.