കോഴിക്കോട്: സമസ്തയിലെ വിവാദങ്ങള്‍ അടങ്ങുന്നില്ല. സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ വിമര്‍ശിച്ച് പ്രസംഗിച്ച ഇ കെ വിഭാഗം മുശാവറ അംഗം എം പി മുസ്തഫല്‍ ഫൈസിക്ക് സസ്പെന്‍ഷന്‍. ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണത്തിന്റെയും കൂടി പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിവരം. ഇന്ന് കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗത്തിന്റേതാണ് നടപടി.

കഴിഞ്ഞ ദിവസം മലപ്പുറത്ത് ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂല പോഷക സംഘടനയായ എസ് എം എഫ് സംഘടിപ്പിച്ച നവോത്ഥാന സമ്മേളനത്തിലായിരുന്നു ജിഫ്രി തങ്ങളെയും ഇ കെ വിഭാഗം പണ്ഡിത സഭയെയും വിമര്‍ശിച്ച് മുസ്തഫല്‍ ഫൈസി പ്രസംഗിച്ചത്. വണ്ടിയില്‍ വൈകിക്കയറിയവരല്ല ദിശ നിര്‍ണയിക്കേണ്ടതെന്നായിരുന്നു ഇ കെ വിഭാഗം പ്രസിഡന്റ് ജിഫ്രി തങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് മുസ്തഫല്‍ ഫൈസിയുടെ പരാമര്‍ശം. ആദ്യം വണ്ടിയില്‍ കയറിയവരുണ്ടാകും. അവര്‍ പറയുന്നിടത്തേക്കാണ് വണ്ടി വിടേണ്ടതെന്ന് പറഞ്ഞ മുസ്തഫല്‍ ഫൈസി, ലീഗിനെ പിന്തുണച്ചില്ലെങ്കില്‍ ഇ കെ സമസ്തക്ക് ഒന്നും ചെയ്യാനാകില്ലെന്ന വിധമാണ് തുടര്‍ന്ന് പ്രസംഗിച്ചത്.

ഇതിനെതിരെ ഇ കെ വിഭാഗത്തിലെ ഒരു വിഭാഗം ശക്തമായ പ്രതിഷേധത്തിലായിരുന്നു. ഇതിനുപുറമെ, തബ്ലീഗ് പ്രവര്‍ത്തകന് ജിഫ്രി തങ്ങള്‍ മയ്യിത്ത് നിസ്‌കരിച്ചു, വനിതാ മാധ്യമ പ്രവര്‍ത്തകക്ക് അഭിമുഖം അനുവദിച്ചു തുടങ്ങിയ ആരോപണങ്ങള്‍ മുസ്തഫല്‍ ഫൈസി വാട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. പലിശ ഇടപാടുമായി ബന്ധപ്പെട്ട തെറ്റായ പരാമര്‍ശങ്ങളടങ്ങിയ പുസ്തകം പുറത്തിറക്കിയ പശ്ചാത്തലത്തില്‍ മുസ്തഫല്‍ ഫൈസി നേരത്തെയും നടപടിക്ക് വിധേയനായിട്ടുണ്ട്.

ഈ നടപടികള്‍ നേതൃത്വത്തിന് എതിരായ നീക്കമാണെന്ന് ആരോപിച്ചാണ് നടപടി എടുത്തിരിക്കുന്നത്. അതേസമയം നടപടിക്കെതിരെ മുശാവറയിലെ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പുന്നയിച്ചു. വിശദീകരണം തേടാതെ നടപടി പാടില്ല എന്നായിരുന്നു ഇവരുടെ വാദം. കടുത്ത നടപടിയിലേക്ക് പോകേണ്ടതില്ല എന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ടായിരുന്നു സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം.

നടപടി ഏകപക്ഷീയമാണ് എന്നാണ് ലീഗ് അനുകൂല വിഭാഗത്തിന്റെ നിലപാട്. ഉമര്‍ ഫൈസിക്കെതിരെ പരാതി ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. മുസ്തഫല്‍ ഫൈസിയോട് വിശദീകരണം തേടാതെയാണ് സസ്പെന്‍ഡ് ചെയ്തത്. മുശാവറ യോഗത്തിന് ശേഷം നടന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ നിന്ന് സാദിഖലി ശിഹാബ് തങ്ങള്‍, ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എം.സി മായിന്‍ ഹാജി, യു. ഷാഫി ഹാജി തുടങ്ങിയ നേതാക്കള്‍ വിട്ടുനിന്നു. ലീഗ് അനുകൂല സുന്നി നേതാക്കളും നടപടിയില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.