- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലക്കിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞു വെച്ച 19 ചിത്രങ്ങളില്‍ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങള്‍ക്ക് ഒറ്റ രാത്രി കൊണ്ട് കേന്ദ്രം പ്രദര്‍ശനാനുമതി നല്‍കിയത്; ചലച്ചിത്രമേളയെ താങ്ങി നിര്‍ത്തിയത് 'തരൂരിസം'; രക്ഷകനായത് ശശി തരൂരെന്ന് പൂക്കുട്ടി; രാജ്യ താല്‍പ്പര്യം വലുതെന്നും പ്രഖ്യാപനം; പിണറായിയെ പിണക്കാത്ത 'നയതന്ത്ര' വിശദീകരണവുമായി അക്കാദമി ചെയര്‍മാന്‍
തിരുവനന്തപുരം: ആറു ചിത്രങ്ങളുടെ പ്രദര്‍ശനം ചലച്ചിത്ര അക്കാദമി തന്നെ ഉപേക്ഷിച്ചത് രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങളില്‍ വിള്ളലുണ്ടാവുമെന്ന് കേന്ദ്രം അറിയിച്ചതിനാലാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. വിദേശനയവുമായി ബന്ധപ്പെട്ട് അനുമതി തരാത്തതിനെ എതിര്‍ക്കുന്ന നിങ്ങള്‍ ഇന്ത്യക്കാരനാണോയെന്നും അദ്ദേഹം ചോദിച്ചു. 'ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദേശനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൊണ്ട് സിനിമകള്‍ക്ക് അനുമതി തരുന്നില്ല എന്ന് പറയുമ്പോള്‍ എന്തടിസ്ഥാനത്തിലാണ് എതിര്‍ക്കേണ്ടത്. ആ എതിര്‍ക്കുന്ന നിങ്ങള്‍ ഇന്ത്യക്കാരനാണോ. അങ്ങനെയാണോ നമ്മള്‍ ചെയ്യേണ്ടത്', റസൂല്‍ പൂക്കുട്ടി പറഞ്ഞു. അങ്ങനെയെങ്കില്‍ കേരള സര്‍ക്കാരിന്റെ നിലപാടുകള്‍ പൊള്ളത്തരമായിരുന്നോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. 'അത് രാഷ്ട്രീയ തീരുമാനമാണ്. ഭരണവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. നമ്മള്‍ ആദ്യം ഇന്ത്യക്കാരാണ്, മറ്റെല്ലാം രണ്ടാമത്', എന്നായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍.
30ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ റസൂല്‍ പൂക്കുട്ടി എത്തുമ്പോള്‍ ചര്‍ച്ചകള്‍ പല തലത്തില്‍. എന്തുകൊണ്ടാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കാത്തത് എന്നതിന് ഒരു കാരണവും ഔദ്യോഗികമായി പറഞ്ഞിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി വിശദീകരിച്ചു. പല രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് കേന്ദ്രം അനുമതി തന്നില്ല. അത് വിദേശകാര്യ നിയമവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഏതൊക്കെ രാജ്യമാണെന്ന് പറയുന്നില്ല. അതിന് ശേഷമാണ് സിനിമയുടെ ലിസ്റ്റ് കൊടുക്കുന്നത്. 187 സിനിമകള്‍ക്കും പ്രദര്‍ശനാനുമതി തരുന്നില്ല എന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ഒരുഘട്ടത്തില്‍ ചലചിത്രമേള നടക്കില്ലെന്ന അവസ്ഥ ഉണ്ടായി. മറ്റു പലരുമായും ബന്ധപ്പെട്ടാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്. ശശി തരൂര്‍ ഒരുപാട് സഹായം ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിക്കുന്നത്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിയോടും മുഖ്യമന്ത്രിയോടുമുള്ള ചര്‍ച്ചക്ക് ശേഷമാണ് കേരളം ഒരു രാഷ്ട്രീയ നിലപാട് എടുത്തത്. എന്തുവന്നാലും ഈ സിനിമകള്‍ കാണിക്കും എന്ന നിലപാട് സംസ്ഥാനം എടുത്തത് കൊണ്ട് മാത്രമാണ് 19 സിനിമകളില്‍ 12 സിനിമകള്‍ക്കും അനുമതി തന്നതെന്ന് പൂക്കുട്ടി പറഞ്ഞു. ആറു ചിത്രങ്ങളുടെ പ്രദര്‍ശനം ചലച്ചിത്ര അക്കാദമിതന്നെ ഉപേക്ഷിച്ചത് രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങളില്‍ വിള്ളലുണ്ടാവുമെന്ന് കേന്ദ്രം അറിയിച്ചതിനാലാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റപറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചപ്പോള്‍, രാജ്യതാത്പര്യം കണക്കിലെടുത്താണ് അക്കാദമി തീരുമാനമെടുത്തതെന്നും അക്കാദമി ചെയര്‍മാന്‍ അറിയിച്ചു. വിലക്കിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷമാണ് തടഞ്ഞുവെച്ച 19 ചിത്രങ്ങളില്‍ ഈ ആറെണ്ണം ഒഴികെയുള്ള ചിത്രങ്ങള്‍ക്ക് ഒറ്റ രാത്രികൊണ്ട് കേന്ദ്രം പ്രദര്‍ശനാനുമതി നല്‍കിയതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ചലച്ചിത്രമേള അവസാനിക്കുന്നതിന്റെ തലേദിവസമാണ് റസൂല്‍ പൂക്കുട്ടി ഐഎഫ്എഫ്‌കെയിലെത്തിയത്.
മേളയില്‍ തന്റെ ഭൗതികസാന്നിധ്യം മാത്രമാണ് ഇല്ലാതിരുന്നതെന്നും മേളയുടെ നടത്തിപ്പില്‍ തന്റെ സജീവമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനില്‍ മുമ്പേ നിശ്ചയിച്ച സിനിമയുടെ ഷൂട്ടിങ്ങില്‍ ഭാഗമാകേണ്ടിയിരുന്നതിനാലാണ് മേളയില്‍ നേരിട്ടു പങ്കെടുക്കാനാവാഞ്ഞതെന്നും അക്കാദമി ചെയര്‍മാന്‍ പദവി ഏറ്റെടുക്കുന്ന ഘട്ടത്തില്‍ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായും റസൂല്‍ പൂക്കുട്ടി പറഞ്ഞു. പി.ടി.കുഞ്ഞുമുഹമ്മദിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. കൃത്യസമയത്തുതന്നെ നടപടി സ്വീകരിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ അതിജീവിതയ്‌ക്കൊപ്പമാണ് അക്കാദമി എന്നും നിലകൊണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ചലചിത്രമേളയുടെ സമയത്ത് ഞാന്‍ ഇവിടെ ഉണ്ടാകില്ല എന്നറിയിച്ച് തന്നെയാണ് അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഏറ്റെടുത്തത്. അക്കാദമിയുടെ എല്ലാ പ്രവര്‍ത്തനത്തിലും ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ തീരുമാനം എടുത്തിട്ടുണ്ട്. അതിലൊന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഞാന്‍ ഇവിടെ ഉണ്ടായിരുന്നു എങ്കിലും ഇവിടെയുണ്ടായ പ്രശ്‌നങ്ങള്‍ ഉണ്ടായേനെ. സിനിമകള്‍ക്ക് അനുമതി ലഭിക്കാത്തതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രശ്‌നം' -റസൂല്‍ പൂക്കുട്ടി പറഞ്ഞു.
'ആറ് ചിത്രങ്ങള്‍ക്ക് എക്സംഷന്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. ഏത് രാജ്യത്തിന്റെ സിനിമകളാണെന്ന് ഞാന്‍ പറയുന്നില്ല. ഇന്ത്യയുടെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട കാര്യമാണ്, അത് നിങ്ങള്‍ക്ക് ഇങ്ങനെ വെച്ചുകളിക്കാനുള്ള സാധനമല്ല കേട്ടോ', പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം, ചിത്രങ്ങള്‍ അനുമതിക്കായി അയക്കുന്നതില്‍ ഐഎഫ്എഫ്കെയുടെ ഭാഗത്തോ അക്കാദമിയുടെ ഭാഗത്തോ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




