- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
2001 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ കൂടെ നിന്ന 10 മണ്ഡലങ്ങള്‍; 2016 ലും ഭരണത്തുടര്‍ച്ചയുടെ 21 ലും ഇടതിനൊപ്പം നിന്നത് 9 ഉം 13 ഉം മണ്ഡലങ്ങള്‍; തലസ്ഥാനത്തെ ജേതാക്കളെ നിശ്ചയിക്കുന്ന നിര്‍ണ്ണായക സ്വാധീനമായി സ്ത്രീ വോട്ടര്‍മാരും; സംസ്ഥാന ഭരണത്തെ നിശ്ചയിക്കുന്ന തലസ്ഥാനത്തെ 8 ന്റെ മാജിക്ക്; നാലുപതിറ്റാണ്ടിന്റെ മാറാത്ത ചരിത്രത്തിലേക്ക് കണ്ണുംനട്ട് മുന്നണികള്‍
സംസ്ഥാന ഭരണത്തെ നിശ്ചയിക്കുന്ന തലസ്ഥാനത്തെ 8 ന്റെ മാജിക്ക്

തിരുവനന്തപുരം: പൊള്ളുന്ന വേനല്‍ചൂടിനെയും അവഗണിച്ച് ജനങ്ങള്‍ പോളിങ്ങ് ബൂത്തിലേക്കൊഴുകിയതോടെ റെക്കോഡ് പോളിങ്ങോടെ കേരളം വിധിയെഴുതി. രാഷ്ട്രീയ പാര്‍ട്ടികള്‍ നാലാഴ്ചയോളം നാടിളക്കി നടത്തിയ പ്രചാരണങ്ങള്‍ക്കും ആരോപണ വിവാദങ്ങള്‍ക്കുമൊടുവിലാണ് കേരള ജനത വിധിയെഴുത്ത് നടത്തിയത്. വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാല്‍ തന്നെ പോളിങ് ശതമാനത്തില്‍ സ്വാഭാവിക വര്‍ധനവുണ്ടാകും. ഈ സവിശേഷത കൊണ്ട് തന്നെ പോളിങ്ങ് ശതമാനം ഏറ്റക്കുറച്ചിലുകള്‍ മാത്രം വച്ചുകൊണ്ട് ഇക്കുറി ട്രെന്‍ഡ് പ്രവചിക്കുകയും അസാധ്യം.
പക്ഷെ കഴിഞ്ഞ നാല് പതിറ്റാണ്ടായി ഭരണത്തെ തീരുമാനിക്കുന്നത് തലസ്ഥാനത്തെ എട്ട് മണ്ഡലങ്ങളാണ്. ഈ മണ്ഡലങ്ങളില്‍ കൂടുതല്‍ ജയം നേടുന്നവരായിരിക്കും ഭരണത്തിലേറുക. ഇക്കുറിയും ഈ കാര്യത്തില്‍ മാത്രം മാറ്റമുണ്ടാകില്ല. തലസ്ഥാനത്തെ 14ല്‍ എട്ടിലേറെ സീറ്റുകള്‍ പിടിക്കുന്ന മുന്നണി തന്നെ ഇക്കുറിയും കേരളം ഭരിക്കും. കഴിഞ്ഞ നാലുപതിറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ 2001 ലെ കണക്കെടുത്താല്‍ ജില്ലയിലെ 10 മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നില്‍ക്കുകയും യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുകയും ചെയ്തു. 2005ലേക്ക് വന്നാല്‍ 9 സീറ്റാണ് എല്‍ഡിഎഫ് പിടിച്ചത്. അക്കുറി ഭരണം കേരളത്തില്‍ എല്‍ഡിഎഫിനായി. തൊട്ടടുത്ത ഘട്ടത്തില്‍ 2011 ല്‍ 8 സീറ്റോടെ ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു. അതേ കാലഘട്ടത്തില്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍.സെല്‍വരാജ് സിപിഎമ്മില്‍ നിന്നു രാജിവച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്തിയപ്പോള്‍ യുഡിഎഫിന്റെ ജില്ലയിലെ അംഗബലം 9 ആവുകയും ചെയ്തു.
2016 ല്‍ 9 എം എല്‍ എമാരോടെ എല്‍ ഡി എഫ് തിരിച്ചുവന്നപ്പോള്‍ ഭരണവും കൂടെപ്പോന്നു. ബിജെപി ആദ്യമായി നിയമസഭയിലെത്തിയ ആ വര്‍ഷം യുഡിഎഫിന് നാല് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. 2021ല്‍ ഭരണത്തുടര്‍ച്ചയുണ്ടായപ്പോള്‍ 13 മണ്ഡലങ്ങളാണ് ഇടതിനൊപ്പം നിന്നത്. നാലുപതിറ്റാണ്ടിന്റെ മാറാത്ത ഈ ചരിത്രം തന്നെ മതിയാകും ഭരണത്തെ നിയന്ത്രിക്കുന്നത് തലസ്ഥാനത്തെ 8 മണ്ഡലങ്ങളാണ് എന്നുറപ്പിക്കാന്‍. ഇക്കുറി എന്‍ഡിഎയും തലസ്ഥാനത്ത് മികച്ച നേട്ടം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 8ന്റെ മാന്ത്രികത മാറാന്‍ ഇടയില്ല. സംസ്ഥാനത്തു തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞു നിന്ന നാലു മണ്ഡലങ്ങള്‍ ജില്ലയിലുണ്ട് നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട. ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതിയുണ്ടായിരുന്നു ഇവയുള്‍പ്പെടെ ഭൂരിഭാഗം മണ്ഡലങ്ങളിലും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സമഗ്രാധിപത്യം കണ്ട ജില്ലയില്‍ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വലിയ മാറ്റമുണ്ടാക്കി. 8 മണ്ഡലങ്ങളില്‍ യുഡിഎഫും അഞ്ചിടത്ത് എന്‍ഡിഎയും മുന്നേറിയപ്പോള്‍ എല്‍ഡിഎഫിന് വര്‍ക്കല മണ്ഡലത്തില്‍ മാത്രമായിരുന്നു ഭൂരിപക്ഷം നേടാനായത്. എന്നാല്‍ നാലു മാസം മുന്‍പു നടന്ന തദ്ദേശ തിരഞ്ഞെടുപ്പായപ്പോള്‍ ചിത്രത്തില്‍ വീണ്ടും മാറ്റമുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം എല്‍ഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുമുണ്ട്. എല്‍ഡിഎഫ് 10 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടിയപ്പോള്‍ യുഡിഎഫും എന്‍ഡിഎയും രണ്ടു വീതം മണ്ഡലങ്ങളില്‍ മുന്നേറ്റമുണ്ടാക്കി. പൂര്‍ണമായും രാഷ്ട്രീയ വോട്ട് ആണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വീഴുക.
തലസ്ഥാനത്തെ സ്ത്രീ കരുത്ത്..ജയം അവര്‍ തീരുമാനിക്കും
സംസ്ഥാനഭരണം തലസ്ഥാന ജില്ലയിലെ സീറ്റ് നില തീരുമാനിക്കുമ്പോള്‍ തലസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ ജേതാക്കളെ തീരുമാനിക്കുന്നതാകട്ടെ സ്ത്രീ വോട്ടര്‍മാരും. തിരുവനന്തപുരത്തെ എല്ലാ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരുടെ എണ്ണമാണ് കൂടുതല്‍. ആകെ 25,44,574 വോട്ടര്‍മാരാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. അതില്‍ 13,30,664 സ്ത്രീ വോട്ടര്‍മാരും 12,13,858 പുരുഷവോട്ടര്‍മാരും 52 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്.മാത്രമല്ല, ഓരോ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരുടെ എണ്ണം തന്നെയാണ് മുന്നില്‍.
വര്‍ക്കലയില്‍ പുരുഷ വോട്ടര്‍മാര്‍ - 86,192 ഉം സ്ത്രീ വോട്ടര്‍മാര്‍ - 97,085 മാണ്.ആറ്റിങ്ങലില്‍ 91,741 പുരുഷ വോട്ടര്‍മാരാണുള്ളത്.സ്ത്രീ വോട്ടര്‍മാരുടെ എണ്ണം 1,06,201 ആണ്.ചിറയന്‍കീഴില്‍ 90,651 പുരുഷ വോട്ടര്‍മാര്‍ക്ക് 1,04,637 സ്ത്രീ വോട്ടര്‍മാരാണുള്ളത്.നെടുമങ്ങാട് 1.03,827 സ്ത്രീ വോട്ടര്‍മാരാണുള്ളത്.പുരുഷന്മാരാകാട്ടെ 94,214.വാമനപുരത്ത് പുരുഷന്‍-88,274,സ്ത്രീ-99,552,കഴക്കൂട്ടത്ത് പുരുഷന്‍-78,687,സ്ത്രീ-85,874,വട്ടിയൂര്‍കാവില്‍ പുരുഷന്‍-78,573, സ്ത്രീ-86,696,തിരുവനന്തപുരത്ത് പുരുഷന്‍-76,234,സ്ത്രീ-82,297,നേമത്ത് പുരുഷന്‍-82,666 സ്ത്രീ-88,564,അരുവിക്കരയില്‍ പുരുഷന്‍ 86,096 സ്ത്രീ-95,210,പാറശ്ശാലയില്‍ പുരുഷന്‍-95,004,സ്ത്രീ-1,00,643,കാട്ടാക്കടയില്‍ പുരുഷന്‍-85,026,സ്ത്രീ-92,064,കോവളത്ത് പുരുഷന്‍-98,323,സ്ത്രീ-1,02,875,നെയ്യാറ്റിന്‍കരയില്‍ പുരുഷന്‍-82,177 സ്ത്രീ-85,199 എന്നിങ്ങനെയാണ് കണക്കുകള്‍.
നിലവിലെ 13 മണ്ഡലങ്ങള്‍ക്കൊപ്പം കോവളം കൂടി പിടിച്ചെടുത്ത് തിരുവനന്തപുരത്തെ പൂര്‍ണമായും ചെങ്കോട്ടയാക്കാനുള്ള പരിശ്രമങ്ങള്‍ ഫലം കാണുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലും അവര്‍ വിജയം പ്രതീക്ഷിക്കുന്നുണ്ട്. കോവളം ഉള്‍പ്പെടെ കുറഞ്ഞത് 10 സീറ്റ് എങ്കിലും പിടിച്ചെടുക്കുകയാണു യുഡിഎഫിന്റെ ലക്ഷ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പല മണ്ഡലങ്ങളിലും അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ട് യുഡിഎഫ്. നഗരസഭ ഭരണനേട്ടത്തിന്റെ പിന്‍ബലത്തില്‍ 2016ല്‍ നേമത്തു വിരിഞ്ഞ താമര വീണ്ടും വിരിയുമെന്ന പ്രതീക്ഷയാണ് എന്‍ഡിഎയ്ക്ക്. ഒപ്പം കഴക്കൂട്ടം ഉള്‍പ്പെടെ ഒന്നിലധികം മണ്ഡലങ്ങള്‍ അധികമായി പിടിച്ചെടുത്ത് സംസ്ഥാന നിയമസഭയില്‍ ശക്തമായ സാന്നിധ്യമാകാന്‍ കഴിയുമെന്ന് എന്‍ഡിഎ കണക്കുകൂട്ടുന്നുണ്ട്.
ഇനി 25 ദിവസത്തെ കാത്തിരിപ്പാണ്..കൂട്ടിയും കിഴിച്ചും മുന്നണികളും ഒരേപോലെ ചിന്തിച്ച മനസ്സുകളെ അറിയാന്‍ ജനങ്ങളും കാത്തിരിക്കുന്ന ദിനങ്ങള്‍.


