തിരുവനന്തപുരം: യു.ഡി.എഫ്. മന്ത്രിയായിരിക്കെ കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ നല്‍കിയ പരാതി സംബന്ധിച്ച് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും യു.ഡി.എഫിനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പിണറായി വിജയന്റെ പ്രസ്താവനകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

'ഗണേഷ് കുമാറിന്റെ ഭാര്യ നല്‍കിയ പരാതി മുഖ്യമന്ത്രി വായിച്ചതിന് ശേഷം ആ പരാതിക്ക് എന്ത് സംഭവിച്ചു എന്നത് അദ്ദേഹം വ്യക്തമാക്കേണ്ടതായിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫും എന്തേ ഇക്കാര്യത്തില്‍ നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കാത്തത്? ആ പരാതിക്ക് എന്ത് സംഭവിച്ചു?' എന്നായിരുന്നു പിണറായി വിജയന്‍ അന്ന് ചോദിച്ചത്. ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്നത്തെ ഈ പ്രതികരണം ചര്‍ച്ചയാകുന്നത്.

2014-ല്‍ വിവാഹം കഴിഞ്ഞതിനുശേഷം തങ്ങളുടെ ദാമ്പത്യത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബിന്ദു മേനോന്‍ വെളിപ്പെടുത്തിയിരുന്നു.

ബിന്ദു മേനോന്റെ വാക്കുകള്‍

'2014ല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഗണേഷുമായി പല പ്രശ്നങ്ങളുണ്ടായിരുന്നു. ഇനിന് മുമ്പും പല സ്ത്രീകളുടെയും പേരില്‍ ഗണേഷുമായി തര്‍ക്കങ്ങളുണ്ടാകാറുണ്ട്. പീന്നീട് ഞാന്‍ ആരൊക്കെ വിളിക്കുന്നുവെന്നറിയാന്‍ എന്റെ ഫോണ്‍ അടക്കം ട്രാക്ക് ചെയ്തു. എനിക്ക് പലരുമായി ബന്ധമുണ്ടെന്നും പറഞ്ഞ് കണ്‍ട്രോള്‍ ചെയ്ത് നിര്‍ത്തും. പലരുടെയും കൂടെ അമേരിക്കയ്ക്ക് പോയി, ദുബൈക്ക് പോയി ഇങ്ങനെ പലതും എനിക്കെതിരെ പറയും. എനിക്ക് സംശയ രോഗമാണെന്ന് എന്റെ വീട്ടുകകാരോടും എല്ലാവരോടും പറയുമെന്നും' ബിന്ദു പറഞ്ഞു.

'മന്ത്രിക്ക് പലരുമായും ബന്ധമുണ്ടെന്ന് അറിയാമായിരുന്നു. ശനിയാഴ്ച ഞാന്‍ ആരോടും പറയാതെ വാളകത്തെ വീട്ടില്‍ പോയി. വാതില്‍ തുറന്നു, ശാന്തന്‍ എന്ന ഡ്രൈവറെ കണ്ടു. ഞാന്‍ ബെഡ്റൂമില്‍ പോയി കണ്ടത് വളരെ മോശം സാഹചര്യമായിരുന്നു. ഞാന്‍ ഫോട്ടോ എടുക്കാന്‍ പോയപ്പോള്‍ ശാന്തന്‍ എന്നെ തടയാന്‍ ശ്രമിച്ചു. എല്ലാത്തിനും ചിത്രങ്ങള്‍ എന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്നും' അവര്‍ പറഞ്ഞു.

'മന്ത്രിയെയും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്ന ആളെയോ ഒന്നും ചെയ്തില്ല. എന്നാല്‍ ഞാന്‍ ഫോട്ടോയെടുക്കാന്‍ ചെന്നപ്പോള്‍ മന്ത്രി, ശാന്ത അവരെ പിടിക്ക് അവരുടെ ഫോണ്‍ മാറ്റാന്‍ പറഞ്ഞു. ശാന്തന്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ സമ്മതിച്ചില്ല, ഞാന്‍ ഉടനെ ലേഖ ചേച്ചിയെ(ആര്‍ ശ്രീലേഖ) വിളിച്ചു. ചേച്ചി ഉടനെ 112ലേക്ക് വിളിക്കാന്‍ പറഞ്ഞു. ഓടി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രദീപ് എന്ന ആള് എന്നെ വാതില്‍ തുറക്കാന്‍ സമ്മതിച്ചില്ല പൊലീസ് വരുന്നതിന് മുമ്പ് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ശാന്തന്‍ കാറില്‍ കയറ്റി, ഗണേഷ് കുമാര്‍ അകത്ത് കയറി വാതില്‍ അടച്ചു ഇതാണ് ഉണ്ടായത്. പൊലീസ് വന്നിട്ട് എന്നോട് ചോദിച്ചു യാമിനി തങ്കച്ചിയാണോ എന്ന് ചോദിച്ചു. അല്ല, എന്റെ പേര് ബിന്ദു എന്നാണെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഇത് ഞങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ഞാന്‍ പിണറായി സാറിനെ വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ ഒന്ന് വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. പിന്നെ മന്ത്രിയുടെ വേറൊരു സ്റ്റാഫായ മനോജ് വന്നു പറഞ്ഞു. ചേച്ചി ഒന്നും ചെയ്യല്ലേ , ഞാന്‍ ഒന്നും ചെയ്യില്ലായെന്ന് പറഞ്ഞു. സാറിന് ഒരു തെറ്റ് പറ്റിപ്പോയി ക്ഷമിക്ക്. അതുകഴിഞ്ഞ് എന്റെ കാലില്‍ മനോജ് വീണു അപേക്ഷിച്ചു. എനിക്ക് ഡോക്യമെന്റ്സ് എടുക്കണം എന്ന് പറഞ്ഞു. അപ്പോള്‍ മനോജ് പറഞ്ഞു മന്ത്രിയുടെ വീട്ടില്‍ പൊലീസ് കയറാന്‍ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ പൊലീസ് പറഞ്ഞതനുസരിച്ച് ഞാന്‍ തന്നെ എന്റെ സാധനങ്ങള്‍ എടുക്കാന്‍ പോയി. ഇതിനിടെ മനോജ് എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ പെട്ടിയെടുത്ത് പുറത്തേക്ക് പോകാന്‍ നേരം പ്രദീപ് എന്നയാള്‍ വാതില്‍ അടച്ചു. പുറത്ത് പിങ്ക് പൊലീസ് നില്‍ക്കുമ്പോര്‍ പ്രദീപ് എന്റെ കൈയ്യില്‍ പിടിച്ച് വലിക്കുകയാണ്. പിന്നെ വാതില്‍ തുറന്ന് നോക്കുമ്പോള്‍ പൊലീസ് ഇല്ല. പിന്നെ ഞാന്‍ ഒരു ടാക്സി പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ കാറില്‍ പെട്ടിവെച്ച് കയറുകയാണുണ്ടായത്.

ബിജെപി കൗണ്‍സിലറായ ആര്‍ ശ്രീലേഖ തന്റെ ബന്ധുവാണെന്നും അവരുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് സഹായം തേടിയതെന്നും ഭാര്യ ബിന്ദു മേനോന്‍ പറഞ്ഞു. തനിക്കുണ്ടായ അനുഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും ബിന്ദു മേനോന്‍ പറഞ്ഞു. ഇക്കാര്യം ഞാന്‍ മുഖ്യമന്ത്രിയുടെ മകളെയും വിളിച്ച് പറഞ്ഞിരുന്നുവെന്നും ബിന്ദു മേനോന്‍ പറഞ്ഞു. വിഷയത്തില്‍ പ്രതികരിക്കേണ്ട എന്നാണ് ആദ്യം കരുതിയതെന്നും മാധ്യമങ്ങളില്‍ മുന്നില്‍ തനിക്ക് എതിരെ പറഞ്ഞത് കൊണ്ട് എല്ലാം തുറന്ന് പറയുകയാണെന്നും ബിന്ദു മേനോന്‍ വ്യക്തമാക്കി.