ആലപ്പുഴ: കേരളത്തിലെ സാമൂഹിക സംരക്ഷണ പദ്ധതികള്‍ തമ്മിലുള്ള സമന്വയക്കുറവ് വായോവൃദ്ധരെ ദുരിതത്തിലാക്കുന്നു. 70 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്മാന്‍ ഭാരത് - പ്രധാനമന്ത്രി ജനാരോഗ്യ യോജന പദ്ധതിയിലേക്ക് പുതിയ അംഗത്വം നേടിയവരെ സംസ്ഥാന സര്‍ക്കാര്‍ നയിക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) നിന്നും ഒഴിവാക്കുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കേണ്ടവര്‍ക്ക് ചികിത്സ ലഭ്യമാകാതെ വരുന്നു.

കേന്ദ്രര്‍ക്കാര്‍ നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായാല്‍ കാസ്പില്‍ നിന്ന് ഒരു വ്യക്തി മാത്രമല്ല, മറിച്ച് കുടുംബാംഗങ്ങള്‍ മുഴുവന്‍ തന്നെ ഒഴിവാക്കപ്പെടുമാന്നാണ് നിബന്ധന. അതേസമയം കേന്ദ്ര പദ്ധതി നിലവില്‍ സംസ്ഥാനത്ത് പൂര്‍ണമായും നടപ്പാക്കിയിട്ടില്ല. കേന്ദ്രനിര്‍ദേശം ലഭിക്കാത്തതും സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ പണം ലഭ്യമല്ലാത്തതുമാണ് ഇതിന് കാരണം.

കേരള സര്‍ക്കാരിന്റെ ഈ നിലപാടില്‍ പലരുടെയും ചികിത്സയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണ്. ഇടത്തരക്കാരായ ഒട്ടുമിക്ക് ആളുകളും സര്‍ക്കാരിന്റെ ഈ പദ്ധതിയില്‍ അംഗത്വം ഉള്ളവരാണ്. അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയാണ് കാസ്പില്‍ പ്രതിവര്‍ഷം ലഭിക്കുന്നത്. എന്നാല്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചേരുമ്പോള്‍ രണ്ട് പദ്ധതിയിലും ഇല്ലാതായി പോകുന്നത് രോഗികളെ വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

കടുത്ത അസുഖങ്ങളാലും സാമ്പത്തിക പ്രതിസദ്ധിയില്‍ നീങ്ങുന്ന പതിനായിരക്കണക്കിനാളുകളാണ് കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ പ്രശ്‌നത്തിലും നിബന്ധനകള്‍ക്കും മുന്നില്‍ ഇരകളാകുന്നത്. വയോവൃദ്ധരായവര്‍ക്കും പിന്നാക്കസമൂഹത്തിലെ ആളുകള്‍ക്കും നൂതനമായ സംരക്ഷണ വാഗ്ദാനവുമായി രൂപീകരിച്ച പദ്ധതി ഇതിനകം ഇവര്‍ക്ക് ശാപമാകുകയാണ്.

ചേര്‍ത്തല പാണാവള്ളിയിലെ പുള്ളൂട്ടിക്കല്‍ ഗംഗാധരന്‍ എന്ന ഹൃദ്രോഗിയുടെ കഥ ഈ പ്രശ്‌നത്തിന്റെ വലിയ ഉദാഹരണമാണ്. രണ്ടാഴ്ച മുമ്പ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ അദ്ദേഹത്തിന് സൗജന്യ ചികിത്സ ലഭിച്ചിരുന്നപ്പോള്‍ കാസ്പിന്റെ ഭാഗമായിരുന്നു. പിന്നീട് വയോവന്ദന കാര്‍ഡ് ലഭിച്ചതോടെ, അദ്ദേഹം വയോവന്ദന കാര്‍ഡ് പദ്ധതിയില്‍ ചേര്‍ന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, നെഞ്ചുവേദന വീണ്ടും ശക്തമായപ്പോള്‍, അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അന്ന് സൗജന്യ ചികിത്സ ലഭിച്ചില്ല; വയോവന്ദന കാര്‍ഡുള്ളതിനാല്‍ കാസ്പില്‍ നിന്ന് അദ്ദേഹം പുറത്തായിരുന്നുവല്ലോ! ഫലത്തില്‍, ചികിത്സക്കായി കുടുംബം പണം അടയ്‌ക്കേണ്ടി വന്നു. ഈ ദുരനുഭവം അവരുടെ ജീവിതത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു.

ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി, സിഎസ്സി ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ക്കും അക്ഷയ കേന്ദ്രങ്ങള്‍ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് പദ്ധതി ഇപ്പോള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധ്യതയില്ലെന്ന് അവരോട് അറിയിച്ചു. എന്നിരുന്നാലും, ചില സേവാ കേന്ദ്രങ്ങള്‍ വയോവന്ദന കാര്‍ഡുകള്‍ നല്‍കാന്‍ മുന്നോട്ട് പോയതാണ് പ്രശ്‌നത്തിന് കാരണം എന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യരംഗത്തെ നയങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍, ഒരു പദ്ധതിയുടെ പ്രയോജനങ്ങള്‍ മറ്റൊരു പദ്ധതിയുടെ അവകാശങ്ങളില്‍ ബാധകമാകാതിരിക്കാന്‍ സുതാര്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. കേന്ദ്രം, സംസ്ഥാനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ തമ്മിലുള്ള കൂടുതല്‍ നയപരമായ ഏകോപനം ഇല്ലാത്തതും വേണ്ടത്ര ധനസഹായം ലഭ്യമാക്കാത്തതും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തെ തകര്‍ക്കുന്നു.

ഗംഗാധരന്റെ ദുരനുഭവം, കേരളത്തിന്റെ ആരോഗ്യരംഗം, സാധാരണ ജനങ്ങളുടെ സദാ വിശ്വാസത്തിന്റെയും പിന്തുണയുടെയും അദ്ധ്വാനത്തില്‍ നില്‍ക്കുന്നു എന്നതില്‍ ഒരു തിരിച്ചടി മാത്രമല്ല, പാഠമായും മാറണം. രാഷ്ട്രീയ നിലപാടുകള്‍ക്ക് അപ്പുറത്ത് നിന്നു, ആരോഗ്യ സംരക്ഷണത്തെയും സാമൂഹിക സുരക്ഷയെയും മുന്‍നിരയില്‍ വെയ്ക്കുന്നത് അനിവാര്യമാണ്.