തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ 1990-ല്‍ മയക്കുമരുന്നുമായി പിടിയിലായ ഓസ്ട്രേലിയന്‍ സ്വദേശി ആന്‍ഡ്രൂ സാല്‍വത്തോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ തിരിമറി നടത്തിയ കേസില്‍ ആന്റണി രാജു എംഎല്‍എ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുമ്പോള്‍ ഇടതു മുന്നണിയിലെ ചതിയും ചര്‍ച്ചകളില്‍. അതിവേഗ വിചരാണ നടത്തി ആന്റണി രാജുവിന് ശിക്ഷ ഉറപ്പാക്കിയത് പ്രോസിക്യൂഷനാണ്. ഇതിനു പിന്നില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ നിന്നും ആന്റണി രാജുവിനെ മാറ്റാനുള്ള നീക്കമാണെന്നാണ് വിലയിരുത്തല്‍.

തൊണ്ടിമുതല്‍ തിരിമറി കേസില്‍ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചതിനെത്തുടര്‍ന്ന് ആന്റണി രാജു എം.എല്‍.എ രാജിവച്ചേക്കും. നിയമസഭാ സെക്രട്ടറി അയോഗ്യതാ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ഒഴിയാനാണ് നീക്കം. മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. സര്‍ക്കാരിനും ആന്റണി രാജുവിനും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അയോഗ്യനാക്കപ്പെടും മുമ്പുള്ള ഈ നീക്കം. കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി ഔദ്യോഗികമായി അയോഗ്യനാക്കുന്നതോടെയാണ് അംഗത്വം റദ്ദാകുക. ഇത് ഒഴിവാക്കാനാണ് സ്വയം രാജി വയ്ക്കുന്നത്. ഉടന്‍ സ്പീക്കറെ നേരില്‍ കണ്ട് രാജിക്കത്ത് നല്‍കാനാണ് സാദ്ധ്യത. ഇമെയില്‍ വഴി രാജിക്കത്ത് കൈമാറുന്നതും പരിഗണനയിലുണ്ട്.

ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കിയ തിരുവനന്തപുരം സീറ്റ് സി.പി.എം തിരിച്ചെടുത്തേക്കും. വിവിധ കുറ്റങ്ങള്‍ക്ക് മൊത്തം ആറര വര്‍ഷത്തെ തടവാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് റൂബി ഇസ്മയില്‍ വിധിച്ചത്. ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന വ്യവസ്ഥയിലാണ് മൂന്നുവര്‍ഷത്തെ തടവായി ചുരുങ്ങിയത്. ശിക്ഷാകാലയളവ് മൂന്നുവര്‍ഷമായതിനാല്‍ ഒരു മാസത്തെ ജാമ്യം ലഭിച്ചു. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശമാണിത്. ഒന്നാം പ്രതിയായ തിരുവനന്തപുരം സെഷന്‍സ് കോടതിയിലെ ക്ലാര്‍ക്കായിരുന്ന കെ.എ.ജോസിനും കുറ്റകൃത്യത്തില്‍ തുല്യപങ്കാളിത്തം കണ്ടെത്തിയ കോടതി സമാനശിക്ഷ വിധിച്ചു.

മൂന്നരപ്പതിറ്റാണ്ട് നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഈ വിധി. 61 ഗ്രാം ഹാഷിഷുമായി പിടിയിലായ സാല്‍വത്തോറിനെ ജില്ലാക്കോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ചെങ്കിലും, 1992-ല്‍ ഹൈക്കോടതി ഇയാളെ വെറുതേവിട്ടു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകുന്നില്ലെന്നും കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നുമുള്ള പ്രതിഭാഗം അഭിഭാഷകരുടെ വാദം അംഗീകരിച്ചായിരുന്നു അന്നത്തെ വിധി. ആനാവാല്‍ മോതിരം എന്ന സിനിമയില്‍ ഈ കേസിന് സമാനമായ രംഗമുണ്ടായിരുന്നു.

പ്രോസിക്യൂഷന്‍ എല്ലാ അര്‍ത്ഥത്തിലും ആന്റണി രാജുവിനെതിരെ കടുത്ത നിലപാട് എടുത്തു. അടിവസ്ത്രം കോടതി ക്ലാര്‍ക്കിന്റെ സഹായത്തോടെ ആന്റണി രാജു വാങ്ങി വെട്ടിച്ചുരുക്കി തുന്നി മാറ്റം വരുത്തിയതാണെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. ഓസ്ട്രേലിയയില്‍ മറ്റൊരു കേസില്‍ ജയിലിലായ സാല്‍വത്തോര്‍ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തല്‍ ഇന്റര്‍പോള്‍ വഴി കേരള പോലീസിലെത്തിയതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്.

അടിവസ്ത്രത്തിലെ തുന്നല്‍ പുതിയതാണെന്നും അതില്‍ കൃത്രിമം നടന്നുവെന്നുമുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ആന്റണി രാജുവിന് തിരിച്ചടിയായി. ഇടക്കാലത്ത് ഹൈക്കോടതി ഈ കേസ് റദ്ദാക്കിയെങ്കിലും സുപ്രീം കോടതി ഇടപെട്ട് വിചാരണ തുടരാന്‍ ഉത്തരവിടുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും തെളിയിക്കപ്പെട്ടതോടെയാണ് മുന്‍ മന്ത്രി കൂടിയായ ആന്റണി രാജു ശിക്ഷിക്കപ്പെടുന്നത്.

കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്.