കണ്ണൂര്‍ : കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടു അതികായനായ ഒരു പാര്‍ട്ടി നേതാവ് കൂടി പടിയിറങ്ങിയിരിക്കുകയാണ്. അണികളും നേതാക്കളും ടി.കെ യെന്ന് വിളിക്കുന്ന ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍ വെറുമൊരു നേതാവല്ല, അസാമാന്യ സംഘാടകനും മികച്ച സഹകാരിയും പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്നും പ്രവര്‍ത്തിച്ചു വളര്‍ന്ന നേതാവ് കൂടിയാണ്. കര്‍ഷക സമരങ്ങളുടെയും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലൂടെയും ചുവന്ന കാവുമ്പായിയും പാടിക്കുന്നും അടങ്ങിയ മയ്യില്‍, ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ടി.കെ ഈ മേഖലയില്‍ പാര്‍ട്ടിയെ കരുത്തുറ്റതാക്കുന്നതില്‍ ഏറെ വിയര്‍പ്പൊഴുക്കിയിരുന്നു.

അന്ന് ഇന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി. തളിപറമ്പ് മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനറായിരുന്ന ടി.കെ തന്നെയായിരുന്നു സി.കെ പി പത്മനാഭന്‍, ജയിംസ് മാത്യു, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മണ്ഡലത്തിലെ ഓരോ ബുത്തും പാര്‍ട്ടിയുടെ ഓരോ പ്രവര്‍ത്തകനെയും പേരെടുത്തു വിളിക്കാവുന്ന വിധത്തിലുള്ള വ്യക്തിബന്ധവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ മര്‍മ്മമറിയുന്ന ടി.കെ അപ്രതീക്ഷിത എതിരാളിയായി വരുമ്പോള്‍ സി.പി.എം അതിന്റെ സംഘടനാ മെഷിനറിയുടെ മുനകള്‍ കൊണ്ടു തച്ചുടയ്ക്കാന്‍ ശ്രമിക്കുമെങ്കിലും അതത്ര എളുപ്പമാകണമെന്നില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22,000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ എല്‍.ഡി.എഫിനുള്ളു. ഇതില്‍ ആന്തൂര്‍ നഗരസഭയും മലപ്പട്ടം, മയ്യില്‍ പഞ്ചായത്തുകളുമാണ് നിര്‍ണായക ലീഡ് സമ്മാനിക്കാറുള്ളത്. എന്നാല്‍ തളിപറമ്പ് നഗരസഭയും കൊളച്ചേരി പഞ്ചായത്തും യുഡിഎഫ് ഭരിക്കുന്നവയാണ്. പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും വോട്ടു ചോരുകയും യു.ഡി എഫ് വോട്ടുകള്‍ നിര്‍ലോഭം ലഭിക്കുകയും ചെയ്താല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ടി.കെ ഗോവിന്ദന് തിരുവനന്തപുരത്തേക്ക് വണ്ടി പിടിക്കാം.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി ടി.കെയുടെ ദൂതന്‍ ഈ കാര്യത്തില്‍ അതീവ രഹസ്യമായി ചര്‍ച്ച നടത്തി തളിപറമ്പ് മണ്ഡലത്തിലെ പിന്തുണയില്‍ ഉറപ്പു വാങ്ങിയിട്ടുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയപ്പോള്‍ ഇതു സംബന്ധിച്ചു അന്തിമ കൂടിക്കാഴ്ച്ചയും നടത്തി. ഇതിനു ശേഷമാണ് പി.കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.

പാര്‍ട്ടിക്കുള്ളിലെ പ്രാദേശികവാദവും ടി.കെയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമായിട്ടുണ്ട്. ആന്തൂര്‍ , മയ്യില്‍ മലപ്പട്ടം ഭാഗങ്ങള്‍ ചേര്‍ന്നാണ് തളിപറമ്പ് മണ്ഡലം എന്നാല്‍ സ്ഥിരമായി സ്ഥാനാര്‍ത്ഥികളുണ്ടാവാറുള്ളത് ആന്തൂരില്‍ നിന്നു മാത്രമാണ്. രണ്ടുതവണ ആന്തൂരിനെ പ്രതിനിധീകരിച്ച് മോറാഴക്കാരനായ എം.വി ഗോവിന്ദന്‍ സ്ഥാനാര്‍ത്ഥിയായി. എന്നാല്‍ ഇത്തവണ മലപ്പട്ടത്തുകാരനായ ടി.കെ ഗോവിന്ദന് അവസരം നല്‍കണമെന്ന ആവശ്യം പ്രദേശിക നേതൃത്വം ഉയര്‍ത്തിയിരുന്നു.

70 വയസു പിന്നിട്ട ടി.കെ ഗോവിന്ദന്‍ മാസ്റ്ററെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല ഇതിനുപകരം വീണ്ടും മോറാഴക്കാരിയായ പി.കെ ശ്യാമള പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തിയത്.

പാര്‍ട്ടി നേതാക്കളായ പിണറായി വിജയന്‍, ഇപി ജയരാജന്‍, പി. ജയരാജന്‍, എം.വി ജയരാജന്‍ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം 60 വര്‍ഷത്തെ രാഷ്ട്രീയ ജീവിതമുള്ള ടി.കെ പുലര്‍ത്തിയിരുന്നു. ആന്തൂര്‍ പാര്‍ത്ഥസ് കണ്‍വെന്‍ഷന്‍ സെന്റര്‍ വിഷയത്തില്‍ നിലപാട് ശരിയല്ലെന്ന് പി.കെ ശ്യാമളയ്‌കെതിരെ വിമര്‍ശനമുന്നയിച്ച നേതാവായിരുന്നു ടി.കെ ഗോവിന്ദന്‍. ഇതോടെ എം.വി ഗോവിന്ദന്റെ കണ്ണിലെ കരടായി മാറി.

തളിപറമ്പ് നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ കോമത്ത് മുരളിധരനും സംഘവും പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വന്നത് ഇതേ വിഷയത്തില്‍ പി.കെ. ശ്യാമളയെ വിമര്‍ശിച്ചതിനാണ്. മികച്ച സഹകാരി കൂടിയായ ടി.കെ ഗോവിന്ദന്‍, കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്, പരിയാരം സഹകരണാശുപത്രി ചെയര്‍മാന്‍, ക്‌ളേ ആന്‍ഡ് സെറാമിക്‌സ് ചെയര്‍മാന്‍, ഹാന്‍ വീവ് ചെയര്‍മാന്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.