- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന് മുഹമ്മദ് അനസ് ഗള്‍ഫില്‍; അധ്യാപികയായ അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല; ചിറ്റൂരിനെ കണ്ണീരിലാഴ്ത്തി ആറുവയസ്സുകാരന്റെ മരണം; മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തി; 20 മണിക്കൂര്‍ രക്ഷാ ദൗത്യം വെറുതെയായി; അമ്പാട്ടുപാളയത്തെ സുഹാന്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മ
പാലക്കാട്: ചിറ്റൂര്‍ അമ്പാട്ടുപാളയം എരുമങ്കോട്ടുനിന്ന് കാണാതായ ആറുവയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെ നടന്ന തിരച്ചിലിനിടെ സമീപത്തെ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സുഹാനെ കാണാതായത്. 20 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.
അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും തൗഹിതയുടെയും മകനാണ് സുഹാന്‍. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി വൈകിയും നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. രാത്രി എട്ടു മണിയോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ച തിരച്ചില്‍ ഞായറാഴ്ച രാവിലെ പുനഃരാരംഭിച്ചപ്പോഴാണ് ദുരന്തവാര്‍ത്ത പുറത്തുവരുന്നത്.
ശനിയാഴ്ച വീട്ടിലെ സ്വീകരണമുറിയിലിരുന്ന് സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ടിവി കാണുകയായിരുന്നു സുഹാന്‍. അമ്മയുടെ സഹോദരിയുടെ മക്കളും ഈ സമയം കൂടെയുണ്ടായിരുന്നു. മുത്തശ്ശി അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. സഹോദരനുമായി വഴക്കുകൂടിയതിനെത്തുടര്‍ന്ന് കുട്ടി വീട്ടില്‍ നിന്നിറങ്ങിപ്പോയതായി സംശയിച്ചിരുന്നു.
സമീപത്തെ വീടുകളിലും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മുഹമ്മദ് അനസ് ഗള്‍ഫിലാണ്.
അധ്യാപികയായ തൗഹിത പാലക്കാട്ട് പോയിരുന്ന സമയത്താണ് സംഭവം നടന്നത്. കുട്ടിയുടെ അപ്രതീക്ഷിത മരണം ചിറ്റൂര്‍ ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.




