- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിന്നെ കാണിച്ചുതരാമെന്ന് ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തി; പത്തുനാല്‍പ്പതുപേര്‍ ഇരിക്കുന്ന യോഗത്തില്‍ എന്നെ അവഹേളിച്ചു; അതൊരു തരംതാഴ്ത്തലാണ്, കുറെ കാലമായി സെക്രട്ടറി ഇത് തുടരുന്നു': പൊട്ടിക്കരഞ്ഞ് അബ്ദുള്‍ ഷുക്കൂര്‍; സരിനെ കൂടെക്കൂട്ടിയ പാലക്കാട്ടെ സിപിഎമ്മില്‍ പൊട്ടിത്തെറി; ഷുക്കൂറിനെ തല്‍ക്കാലം അനുനയിപ്പിച്ചെങ്കിലും കിട്ടിയെ വടി കൊണ്ട് അടിക്കാന്‍ യുഡിഎഫ്
പാലക്കാട്ടെ സിപിഎമ്മില്‍ പൊട്ടിത്തെറി
പാലക്കാട്: പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടും തന്നെ തരംതാഴ്ത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പൊട്ടിക്കരഞ്ഞതോടെ പാലക്കാട്ടെ സിപിഎമ്മില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍ അവഗണന നേരിടുന്നെന്നും ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഏകാധിപതിയെ പോലെയാണെന്നും അബ്ദുള്‍ ഷുക്കൂര്‍ ആരോപിച്ചു. അതേസമയം, പി സരിനെ ഇടതുപക്ഷത്തേക്ക് കൂട്ടിയതിന് ബദലായി സിപിഎമ്മിലെ പൊട്ടിത്തെറി മുതലാക്കാന്‍ യുഡിഎഫ് നീക്കം തുടങ്ങിയിരിക്കുകയാണ്.
പാലക്കാട് നഗര മേഖലയില്‍ സ്വാധീനമുള്ള നേതാവാണ് അബ്ദുള്‍ ഷുക്കൂര്‍. ഷുക്കൂറിന്റെ സഹോദരി സെലീന സിപിഎം കൗണ്‍സിലറുമാണ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു അധിക്ഷേപിച്ചതാണ് ഷുക്കൂറിനെ ചൊടിപ്പിച്ചത്. പാര്‍ട്ടി തന്നെ അപമാനിച്ചതായും ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് ഷുക്കൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍, പിന്നീട് സിപിഎം നേതൃത്വം ഷുക്കൂറിനെ അനുനയിപ്പിക്കുകയും അദ്ദേഹം പാലക്കാട് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തു.
ഷുക്കൂറിന്റെ വാക്കുകള്‍ ഇങ്ങനെ:
'പാര്‍ട്ടിയില്‍ ഞാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ഒരാളാണ്. ഇപ്പോ... കയ്യില്‍ മുഖമര്‍ത്തി പൊട്ടിക്കരയുന്നു,..ജില്ലാ സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനം സഹിക്കാന്‍ പറ്റിയില്ല. മേഖലാ യോഗവുമായി ബന്ധപ്പെട്ടാണ് വേദനിപ്പിക്കുന്ന അനുഭവം. ബോര്‍ഡുകള്‍ സഥാപിച്ചില്ല, ചുവരെഴുത്ത് നടത്തിയില്ല എന്നൊക്കെയാണ് ആരോപണം. ചെയ്യേണ്ടത് ബൂത്ത് സെക്രട്ടറിമാരാണ്..പക്ഷേ മുഴുവന്‍ കുറ്റവും എന്റെ മേല്‍ ചാര്‍ത്തി കൊണ്ട്, പത്തുനാല്‍പ്പതുപേര്‍ ഇരിക്കുന്ന യോഗത്തില്‍ എന്നെ അവഹേളിക്കുകയാണ്. അപ്പോ അതൊരു തരംതാഴ്്ത്തലാണ്, കുറെ കാലമായി സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനമാണ് അത്.
കഴിഞ്ഞ നാലുദിവസം മുമ്പ് നിന്നെ കാണിച്ചുതരാമെന്ന് സെക്രട്ടറി പറയുന്നു. അതുകഴിഞ്ഞിട്ട് ഈ യോഗത്തില്‍ വന്നിട്ട് ഇത്തരത്തില്‍ അവഹേളിക്കുന്നു. ഇതെങ്ങനെ സഹിച്ചുനില്‍ക്കും, സഹിച്ചുനില്‍ക്കാന്‍ കഴിയാത്തതു കൊണ്ട് പാര്‍ട്ടിയോട് എല്ലാ ബന്ധവും ഉപേക്ഷിക്കുകയാണ്.
ലോക്കല്‍ സമ്മേളനത്തില്‍ ഉണ്ടായ സംഭവങ്ങളാണ് കാരണം. എന്റെ കൂടെ നിന്നയാള് എന്നെ തോല്‍പ്പിച്ച് സെക്രട്ടറിയായി. ആ സെക്രട്ടറി പറയുന്നതാണ് ജില്ലാ സെക്രട്ടറിക്ക് വേദവാക്യം. കഴിഞ്ഞ സമ്മേളനത്തില്‍ അയാള് എനിക്കെതിരെ കുടുംബപരമായി പറഞ്ഞപ്പോള്‍ ഞാനെതിര്‍ത്തു. അതിന് ജില്ലാ സെക്രട്ടറി എന്നെ നേരിട്ടുവിളിച്ചുപറയുകയാണ്..നിന്നെ കാണിച്ചുതരാമെന്ന്.ഈ സരിന്‍ വന്ന ദിവസം. അതുമനസില്‍ വച്ചുകൊണ്ട് ഇന്നലെ എന്നെ യോഗത്തില്‍ അധിക്ഷേപിച്ചു. തനിക്ക് നേരേ ജില്ലാ സെക്രട്ടറി ഭീഷണി ഉയര്‍ത്തിയെന്നും ഇങ്ങനെ സഹിച്ചു നില്‍ക്കാന്‍ ആവാത്തതിനാല്‍ ഇന്നലെ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനപ്പിച്ചുവെന്നും അബ്ദുള്‍ ഷുക്കൂര്‍ വ്യക്തമാക്കി.
ആരും പാര്‍ട്ടി വിട്ടിട്ടില്ലെന്ന് എം വി ഗോവിന്ദന്‍
പാലക്കാട് ആരും പാര്‍ട്ടി വിട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വസ്തുതയില്ലാത്ത വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ അബ്ദുള്‍ ഷുക്കൂര്‍ ഉണ്ടാകും. ചേലക്കരയില്‍ ഇടതുപക്ഷത്തിന് ചരിത്ര വിജയം ഉണ്ടാകുമെന്നും പാലക്കാട് മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പൊട്ടിത്തൈറി മുതലാക്കാന്‍ യുഡിഎഫ്
കോണ്‍ഗ്രസില്‍ വമതശബ്ദം ഉയര്‍ത്തി പുറത്തു വന്ന പി സരിനെ പാലക്കാട് ഇടതുസ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയ സിപിഎമ്മിനെ കിട്ടിയ വടി കൊണ്ട് അടിക്കാന്‍ നീക്കം തുടങ്ങിയിരിക്കുകയാണ് തിരിച്ചടി നല്‍കാന്‍ കോണ്‍ഗ്രസ്. പൊട്ടിത്തെറി പരമാവധി പ്രയോജനപ്പെടുത്താനാണ് ശ്രമം. ഏരിയാ കമ്മറ്റിയംഗം അബ്ദുല്‍ ഷുക്കൂറിനെ കോണ്‍ഗ്രസില്‍ എത്തിക്കാനാണ് ശ്രമം. കോണ്‍ഗ്രസ് മാത്രമല്ല ബിജെപിയും ഷുക്കൂറിനെ ലക്ഷ്യമിട്ട് ഇങ്ങിയിട്ടുണ്ട്. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ ഷുക്കീറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തി.
അതേസമയം, ഷുക്കൂറിനെ സിപിഎം അനുനയിപ്പിച്ചതോടെ തല്‍ക്കാലം ഭീഷണി ഒഴിഞ്ഞെങ്കിലും, തിരഞ്ഞെടുപ്പ് കാലത്തെ കലാപം പാര്‍ട്ടിക്ക് ക്ഷീണമായി.