- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെബനോന്‍ പോലുള്ള ചെറിയ രാജ്യങ്ങളോട് ഇടപെടുന്നതുപോലെയാവില്ല; താരിഫ് ഭീഷണിയുമായി മുന്നോട്ടുപോയാല്‍ യു എസ് നേരിടേണ്ടി വരിക വ്യത്യസ്തനായ എതിരാളിയെ; സമ്മര്‍ദ്ദം തുടര്‍ന്നാല്‍ ഇന്ത്യ ബ്രിക്സിനോട് കൂടുതല്‍ അടുക്കും; പാശ്ചാത്യ സഖ്യങ്ങളേക്കാള്‍ മികച്ചതാകും; ട്രംപിന് മുന്നറിയിപ്പുമായി റിച്ചാര്‍ഡ് വോഫ്
വാഷിങ്ടണ്‍: അമേരിക്കയുടെ താത്പര്യങ്ങള്‍ അംഗീകരിക്കാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നികുതികൊണ്ട് വരച്ച വരയില്‍ നിര്‍ത്താനുള്ള നീക്കമായിരുന്നു യു.എസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഡോണാള്‍ഡ് ട്രംപ് നടത്തിയത്. റഷ്യന്‍ ഫെഡറേഷന്‍ ഗവണ്‍മെന്റ് യു.എസിനെതിരെ ഉയര്‍ത്തുന്ന ഭീഷണികള്‍ നേരിടുക എന്ന നയം ചൂണ്ടി ബുധനാഴ്ച മുതല്‍ ഇന്ത്യക്കുമേല്‍ അധിക തീരുവ അടിച്ചേല്‍പ്പിച്ചതും ഈ സാഹചര്യത്തിലാണ്. ചെമ്മീന്‍ മുതല്‍ തുണിത്തരങ്ങള്‍ വരെ ഇന്ത്യയുടെ ഉത്പന്നങ്ങള്‍ അധിക നികുതിയുടെ പട്ടികയില്‍ പെടുത്തി യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി.ബി.പി) പുറപ്പെടുവിച്ച വിജ്ഞാപനം വ്യവസായ ലോകം ആശങ്കയോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ ബദല്‍ നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകാനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുക്കിയതോടെ അധിക തിരുവ നീക്കം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍.
വ്യാപാര കരാറിലേര്‍പ്പെടുന്നതിനായി നിര്‍ബന്ധിക്കാനാണ് യു.എസ് ഇന്ത്യയ്ക്കെതിരെ ആദ്യം 25 ശതമാനം നികുതി ചുമത്തിയത്. ഇതിന് പുറമെ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങി യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നുവെന്നാരോപിച്ച് വീണ്ടും 25 ശതമാനം നികുതി കൂടി ചുമത്തി. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ നയങ്ങള്‍ ഒടുക്കം യു.എസിന് തന്നെ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദര്‍ രംഗത്ത് വരുന്നത്.
മറ്റ് ചെറിയ രാജ്യങ്ങളോട് കാണിക്കുന്നതുപോലെ ഇന്ത്യയോട് പെരുമാറിയാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് യു.എസ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കുകയാണ് സാമ്പത്തിക വിദഗ്ധന്‍ റിച്ചാര്‍ഡ് വോഫ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യയോടുള്ള സമീപനം യു.എസിന് തിരിച്ചടിയുണ്ടാക്കുമെന്നാണ് റിച്ചാര്‍ഡ് വോഫിന്റെ മുന്നറിയിപ്പ്. ന്യൂയോര്‍ക്കിലെ ന്യൂ സ്‌കൂള്‍ യൂണിവേഴ്സിറ്റി പ്രൊഫസറും പ്രമുഖ സാമ്പത്തിക വിദഗ്ധനുമാണ് റിച്ചാര്‍ഡ് വോഫ്. മധ്യേഷ്യയിലെ ലെബനോന്‍ പോലുള്ള ചെറിയ രാജ്യങ്ങളോട് ഇടപെടുന്നതുപോലെയല്ല ഇന്ത്യയോട് പെരുമാറേണ്ടത്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. റഷ്യയുമായി ദീര്‍ഘകാല ബന്ധമുള്ള, ഇന്ത്യയ്ക്കെതിരെ താരിഫ് ഭീഷണിയുമായി മുന്നോട്ടുപോകാനാണ് ട്രംപിന്റെ തീരുമാനമെങ്കില്‍, നിങ്ങള്‍ വ്യത്യസ്തമായൊരു എതിരാളിയെയാണ് നേരിടേണ്ടി വരിക- റിച്ചാര്‍ഡ് വോഫ് പറഞ്ഞു. റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ റിക് സാന്‍ഷെസുമായി നടത്തിയ സംഭാഷണത്തിലാണ് റിച്ചാര്‍ഡ് വോഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഇന്ത്യയ്ക്കെതിരെ സമ്മര്‍ദ്ദം തുടര്‍ന്നാല്‍ അവര്‍ ബ്രിക്സ് ഉള്‍പ്പെടെയുള്ള സമാന്തര സംഘടനകളോട് കൂടുതല്‍ അടുക്കുന്നതിന് കാരണമാകുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. പാശ്ചാത്യ ഉപരോധം വന്നപ്പോള്‍ സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ റഷ്യ പുതിയ രാജ്യങ്ങളെ കണ്ടെത്തിയതുപോലെ ഇന്ത്യയും ശ്രമിക്കും. യു.എസിന് പകരം ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിക്കും. അത് ബ്രിക്സ് കൂട്ടായ്മയെ ശക്തിപ്പെടുത്താനും വളര്‍ത്തുന്നതിലേക്കും നയിക്കും. ട്രംപിന്റെ നയങ്ങള്‍ ബ്രിക്സിനെ കൂടുതല്‍ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ഒന്നിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അങ്ങനെ പാശ്ചാത്യ സഖ്യങ്ങളേക്കാള്‍ വിജയകരമായൊരു സംവിധാനമായി ബ്രിക്സ് മാറുമെന്നും റിച്ചാര്‍ഡിന്റെ മുന്നറിയിപ്പില്‍ നല്‍കുന്നു.
നികുതി ഭീഷണി
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയാണ് യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി.ബി.പി) വിജ്ഞാപനമിറക്കിയത്. റഷ്യന്‍ ഫെഡറേഷന്റെ നടപടികള്‍ യു.എസ് ദേശീയ സുരക്ഷയ്ക്കും വിദേശനയത്തിനും അസാധാരണമായ ഭീഷണിയായി തുടരുകയാണെന്നും ഇന്ത്യ നേരിട്ടും അല്ലാതെയും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് അധിക തീരുവയെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയേക്കാള്‍ കൂടുതല്‍ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയെക്കുറിച്ച് വിജ്ഞാപനത്തില്‍ പരാമര്‍ശമില്ലെന്നതും ശ്രദ്ധേയമാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച യു.എസ് റഷ്യക്കെതിരെയും സമാനമായ നീക്കത്തിന് മുതിരുന്നില്ല. ചൈനയോടും റഷ്യയോടും കാണിക്കുന്ന ഉദാര സമീപനം ട്രംപിന്റെ യു.എസിന് ഇന്ത്യയോട് ഇല്ലെന്ന് വ്യക്തം.
2022 ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്‌നില്‍ അധിനിവേശം നടത്തുമ്പോള്‍, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ മോസ്‌കോയുടെ പങ്ക് രണ്ട് ശതമാനത്തില്‍ താഴെയായിരുന്നു. അധിനിവേശത്തെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ ഭൂരിഭാഗവും റഷ്യന്‍ അസംസ്‌കൃത എണ്ണ (ക്രൂഡ്) ഉപേക്ഷിച്ചതോടെ, റഷ്യ കൂടുതല്‍ കിഴിവുകള്‍ നല്‍കാന്‍ തുടങ്ങി. ഇന്ത്യന്‍ റിഫൈനറികള്‍ ഈ അവസരം പ്രയോജനപ്പെടുത്തി. മാസങ്ങള്‍ക്കകം പരമ്പരാഗത പശ്ചിമേഷ്യന്‍ വിതരണക്കാരെ മറികടന്ന് റഷ്യ ഇന്ത്യയുടെ വലിയ അസംസ്‌കൃത എണ്ണ ദാതാക്കളായി. നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ പങ്ക് റഷ്യയില്‍ നിന്നാണ്.
പുതിയ വിപണികളിലേക്ക് വ്യാപാരം വര്‍ധിപ്പിക്കുന്നതിലൂടെ യു.എസ് പകരച്ചുങ്കത്തിന്റെ ആഘാതം കുറക്കാനാണ് ഇന്ത്യയുടെ നീക്കം. ഓസ്‌ട്രേലിയ, യു.എ.ഇ, യു.കെ എന്നിവയുമായി നിലവില്‍ രാജ്യത്തിന് സ്വതന്ത്ര വ്യാപാര കരാറുകളുണ്ട്. യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഇതിനര്‍ത്ഥം, രാജ്യത്തിന് പുതിയ വിപണികളിലേക്ക് കയറ്റുമതികള്‍ വഴിതിരിച്ചുവിടാനുളള അവസരമുണ്ടെന്നാണ്.
ഇല്ലം ചുടുന്ന ട്രംപ്
നാശനഷ്ടങ്ങള്‍ ഇന്ത്യയില്‍ മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന വിലയുടെയും മന്ദഗതിയിലുള്ള വളര്‍ച്ചയുടെയും രൂപത്തില്‍ നിലവിലെ നടപടികള്‍ യു.എസിനെ തിരിഞ്ഞുകടിക്കും. ഇത് ഇതിനകം ഉയര്‍ന്ന പണപ്പെരുപ്പനിരക്ക് വീണ്ടും വര്‍ധിക്കാന്‍ കാരണമാകും. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കില്‍, യു.എസ് സമ്പദ് വ്യവസ്ഥയ്ക്കും സാധാരണ നിരക്കില്‍ വളരാന്‍ കഴിയില്ല. 2017 മുതല്‍ 2020 വരെ ട്രംപ് ഭരണകാലത്ത് യു.എസിന്റെ സാമ്പത്തിക വളര്‍ച്ച ഏകദേശം 1.4 ശതമാനമായിരുന്നു. പ്രധാന വ്യാപാര പങ്കാളികളുമായുള്ള നികുതി യുദ്ധത്തില്‍ വീണ്ടും യു.എസ് ഇത്തരത്തില്‍ മുരടിച്ച സാമ്പത്തിക വളര്‍ച്ച അഭിമുഖീകരിക്കേണ്ടി വന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇന്ത്യയുടെമേലുള്ള അമേരക്കയുടെ ഇരട്ടി നികുതി ഇന്നലെ മുതല്‍ പ്രബാല്യത്തില്‍ വന്നു. അമേരിക്കയുടെ ഹാര്‍മോണൈസ്ഡ് താരിഫ് ഷെഡ്യൂള്‍ അനുസരിച്ച്, കയറ്റുമതിയില്‍ 50% യുഎസ് താരിഫ് ഏര്‍പ്പെടുത്തിയ മറ്റ് രണ്ട് രാജ്യങ്ങള്‍ ബ്രസീലും ലെസോത്തോയുമാണ്. വിയറ്റ്‌നാമിന് 46 ശതമാനവുമാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് അമേരിക്കയുടെ നികുതി പട്ടികയില്‍ മുന്‍പന്തിയിലുള്ളത്. ടോപ്-10 രാജ്യങ്ങളുടെ പട്ടിക ഇങ്ങനെ: 1 ലെസോത്തോ 50%, 2 ഇന്ത്യ 50%, 3 ബ്രസീല്‍ 50%, 4 കംബോഡിയ 49%, 5 ലാവോസ് 48%, 6. മഡഗാസ്‌കര്‍ 47%, 7 വിയറ്റ്‌നാം 46%, 8 ശ്രീലങ്ക 44%, 9 മ്യാന്‍മര്‍ 44%, 10 ഫോക്ക്ലാന്‍ഡ് ദ്വീപുകള്‍ 42%
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിനാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധിക തീരുവയായ 25% കൂടി ചുമത്തിയത് ഇതോടെ ആകെ 50% തീരുവയായി. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന 55%-ത്തിലധികം ഉല്‍പ്പന്നങ്ങളെ ഈ നികുതികള്‍ ബാധിക്കും തുണിത്തരങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ തൊഴില്‍ പ്രാധാന്യമുള്ള മേഖലകളെ ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയും ചെയ്യും. വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ചെറുകിട ഉല്‍പാദന വസ്തുക്കള്‍ എന്നിവ കയറ്റുമതി ചെയ്യുന്നവര്‍ ഓര്‍ഡറുകള്‍ കുറയുന്നതിനും തൊഴില്‍ വെട്ടിക്കുറയക്കുന്നതിനും തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.