വാഷിങ്ടണ്‍: അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകര്‍ന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് വലിയൊരു തീഗോളം രൂപം കൊള്ളുന്നതായിട്ടാണ് ദൃശ്യങ്ങള്‍ കാണുന്നത്. 65 യാത്രക്കാരും ക്യാബിന്‍ക്രൂവും ഉള്‍പ്പെടെ 70 ഓളം പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സൈനിക ഹെലികോപ്ടറില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ഇനിയും വ്യക്തമല്ല.

പറന്നുയര്‍ന്ന ഉടന്‍ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. അപകടത്തില്‍ ആളപായം സംബന്ധിച്ച് സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല. കന്‍സാസിലെ വിചിതയില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 5342 ഫ്‌ളൈറ്റാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേക്ക് ഓഫും ലാന്‍ഡിങ്ങുമെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. വാഷിംഗ്ടണ്‍ ഡി.സിയിലെ റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിലാണ് അപകടം നടന്നത്. അപകടത്തിലായ വിമാനം സമീപത്തുള്ള പോട്ടോമാക് നദിയിലാണ് പതിച്ചത്.

ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നദിയില്‍ നിന്ന് നാല് യാത്രക്കാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി സൂചനയുണ്ട്. അപകടത്തെ തുടര്‍ന്ന് വിമാനം രണ്ടായി പിളര്‍ന്നിരുന്നു. ഹെലികോപ്ടര്‍ ആകട്ടെ തലകീഴായി കിടക്കുകയാണ്. വിമാനത്താവളത്തിലെ

റണ്‍വേയിലേക്ക് ഇറങ്ങുമ്പോഴാണ് ഹെലികോപ്ടറുമായി വിമാനം കൂട്ടിയിടിച്ചത്. മൂന്ന് യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നതാണ് അപകടത്തില്‍ പെട്ട സൈനിക ഹെലികോപ്ടര്‍.

അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ നിന്ന് ഹെലികോപ്ടറിലെ പൈലറ്റിനോട്

എതിര്‍ദിശയില്‍ നിന്ന് വിമാനം വരുന്നത് കാണാന്‍ കഴിയുന്നുണ്ടോ എന്ന് ചോദിക്കുന്നതിന്റെ ഓഡിയോ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടം നടന്ന് സെക്കന്‍ഡുകള്‍ക്കകം മറ്റൊരു വിമാനത്തിന്റ പൈലറ്റ് കണ്‍ട്രോള്‍ ടവറിനോട് നിങ്ങള്‍ ഈ ദൃശ്യങ്ങള്‍ കാണുന്നുണ്ടോ എന്ന് ചോദിക്കുന്നതിന്റെ ഓഡിയോയും പുറത്തു വന്നിട്ടുണ്ട്.




വന്‍ തോതിലുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ ഇവിടെ നടക്കുന്നത്. സെര്‍ച്ച് ലൈറ്റുകള്‍ ഘടിപ്പിച്ച ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനം

നടത്തുന്നതിനായി രംഗത്തുണ്ട്. അതിശൈത്യം കാരണം പോട്ടോമാക്ക് നദിയിലെ വെള്ളം തണുത്ത് കിടക്കുകയാണ്. വിമാനത്തിലെ യാത്രക്കാരില്‍ വെള്ളത്തില്‍ വീണവര്‍ക്ക് ഇത് കൂടുതല്‍ ദുരിതമാകാനും സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 15 മുതല്‍ 20 മിനിട്ടുകള്‍ വരെ മാത്രമേ ഒരാള്‍ക്ക് ഈ വെള്ളത്തില്‍ കഴിയാന്‍ സാധിക്കൂ. കോസ്റ്റ്ഗാര്‍ഡും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.