- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇറാനിലേക്ക് ആയുധം എത്തിച്ചാൽ ചൈനയ്ക്ക് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും'; സമാധാന ചർച്ചകൾക്കിടെ മുന്നറിയിപ്പുമായി ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കാൻ അമേരിക്ക; മൈനുകൾ നീക്കിത്തുടങ്ങി; നാറ്റോയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ്

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ സമാധാന ചർച്ചകൾ പുരോഗമിക്കവെ, ഇറാനിലേക്ക് ചൈന ആയുധങ്ങൾ അയക്കുന്നുവെന്ന റിപ്പോർട്ടുകളിൽ കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ചൈന അത്തരമൊരു നീക്കം നടത്തിയാൽ അവർ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും," ശനിയാഴ്ച വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് വ്യക്തമാക്കിയതിനൊപ്പം നാറ്റോ സഖ്യത്തെ പരിഹസിക്കാനും ട്രംപ് മറന്നില്ല.
"ഞങ്ങൾ അവരുടെ നേതാക്കളെ പരാജയപ്പെടുത്തി. ആ നേതാക്കളെല്ലാം ഇപ്പോൾ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇനി ഞങ്ങൾക്ക് ചെയ്യാനുള്ളത് കടലിടുക്ക് തുറന്നുകൊടുക്കുക എന്നതാണ്. യഥാർത്ഥത്തിൽ ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല. പക്ഷേ ലോകത്തെ മറ്റു പല രാജ്യങ്ങളും അത് ഉപയോഗിക്കുന്നുണ്ട്. അവരാകട്ടെ ഒന്നുകിൽ ഭീരുക്കളോ, അല്ലെങ്കിൽ ദുർബലരോ അതുമല്ലെങ്കിൽ പിശുക്കന്മാരോ ആണ്. അതെന്താണെന്ന് എനിക്കറിയില്ല, പക്ഷേ ഒന്നുമാത്രം എനിക്ക് പറയാൻ കഴിയും- നാറ്റോയുടെ ഭാഗത്തുനിന്നും ഞങ്ങൾക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല." ട്രംപ് പറഞ്ഞു.
അടുത്ത ആഴ്ചകളിൽ ഇറാനിലേക്ക് ചൈന വിമാന വിരുദ്ധ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ഒരുങ്ങുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തോളിൽ വെച്ച് തൊടുക്കാവുന്ന വിമാന വിരുദ്ധ മിസൈലുകൾ ചൈന മൂന്നാം രാജ്യങ്ങൾ വഴി ഇറാനിലേക്ക് എത്തിക്കുന്നുവെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസും സിഎൻഎന്നും റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ ആരോപണങ്ങൾ വാഷിംഗ്ടണിലെ ചൈനീസ് എംബസി നിഷേധിച്ചു. തങ്ങൾ ഒരു പക്ഷത്തേക്കും ആയുധങ്ങൾ നൽകുന്നില്ലെന്നും സമാധാനത്തിനാണ് മുൻഗണന നൽകുന്നതെന്നുമാണ് ചൈനയുടെ വിശദീകരണം.
ആറാഴ്ചത്തെ പോരാട്ടത്തിന് ശേഷം ബുധനാഴ്ച പ്രഖ്യാപിച്ച വെടിനിർത്തലിന്റെ തുടർച്ചയായി ഇസ്ലാമാബാദിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ജാരെദ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. ചർച്ചയുടെ ഫലം എന്തുതന്നെയായാലും അമേരിക്ക വിജയിച്ചു കഴിഞ്ഞുവെന്നും ഇറാനെ പൂർണ്ണമായി പരാജയപ്പെടുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ യുദ്ധക്കപ്പലുകൾ കടന്നുപോയത് ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. കപ്പലുകൾ ഇനിയും മുന്നോട്ട് നീങ്ങിയാൽ 30 മിനിറ്റിനുള്ളിൽ തകർക്കുമെന്നും ചർച്ചകൾ തടസ്സപ്പെടുമെന്നും ഇറാൻ വക്താക്കൾ മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങൾ കടലിടുക്ക് തുറക്കുകയാണെന്നും അവിടെ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യുന്ന നടപടികൾ തുടങ്ങിയെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
"പുതിയൊരു കപ്പൽ പാതയൊരുക്കുന്നതിനുള്ള നടപടികൾ ഇന്ന് ഞങ്ങൾ ആരംഭിച്ചു. വാണിജ്യ വ്യാപാരം തടസ്സമില്ലാതെ നടക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സുരക്ഷിത പാതയെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ സമുദ്ര വ്യാപാര മേഖലയുമായി പങ്കുവെക്കും," യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എക്സിൽ കുറിച്ചു. മൈനുകൾ നീക്കം ചെയ്യുന്ന ദൗത്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ യുഎസ് സൈനികരും വെള്ളത്തിനടിയിൽ പ്രവർത്തിക്കുന്ന ഡ്രോണുകളും പങ്കുചേരുമെന്നും കൂപ്പർ വെളിപ്പെടുത്തി.


