വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കിക്കൊണ്ട്, അദ്ദേഹം ഏര്‍പ്പെടുത്തിയ ആഗോള ഇറക്കുമതി തീരുവകള്‍ യുഎസ് സുപ്രീം കോടതി വെള്ളിയാഴ്ച റദ്ദാക്കി. വ്യാപകമായ രീതിയില്‍ തീരുവകള്‍ ചുമത്തിയതിലൂടെ ട്രംപ് തന്റെ അധികാരപരിധി ലംഘിച്ചുവെന്ന് കോടതി വിധിച്ചു. ദേശീയ അടിയന്തരാവസ്ഥാ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട നിയമം ദുരുപയോഗം ചെയ്താണ് ട്രംപ് തീരുവകള്‍ നടപ്പിലാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.

രണ്ടാം തവണ അധികാരമേറ്റ ശേഷം ട്രംപ് ശക്തമാക്കിയ ആഗോള വ്യാപാര യുദ്ധത്തിന് ഈ വിധി കനത്ത തിരിച്ചടിയാണ്.

വിധിയുടെ പ്രധാന ഭാഗങ്ങള്‍:

അധികാര ലംഘനം

1977-ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) പ്രകാരം ഇത്തരം നികുതികള്‍ ചുമത്താന്‍ അനുമതിയില്ലെന്ന് 6-3 ഭൂരിപക്ഷത്തോടെ കോടതി വിധിച്ചു. നികുതികളും തീരുവകളും ചുമത്താനുള്ള അധികാരം അമേരിക്കന്‍ ഭരണഘടന നല്‍കുന്നത് കോണ്‍ഗ്രസിനാണ് (പാര്‍ലമെന്റ്), പ്രസിഡന്റിനല്ല. എന്നാല്‍ ട്രംപ് ഈ അധികാരം സ്വന്തം നിലയ്ക്ക് പ്രയോഗിക്കുകയായിരുന്നു.

അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് ഈ തീരുവകള്‍ അത്യന്താപേക്ഷിതമാണെന്നായിരുന്നു ട്രംപിന്റെ നിലപാട്. ഇവയില്ലാതെ രാജ്യം സാമ്പത്തികമായി തകരുമെന്നും പ്രതിരോധമില്ലാത്ത അവസ്ഥയിലാകുമെന്നും അദ്ദേഹം വാദിച്ചിരുന്നു. എങ്കിലും, തന്റെ സാമ്പത്തിക-വിദേശ നയങ്ങളിലെ പ്രധാന ആയുധമായി ട്രംപ് ഉപയോഗിച്ചിരുന്ന ഈ നീക്കത്തിനാണ് ഇപ്പോള്‍ സുപ്രീം കോടതി തടയിട്ടിരിക്കുന്നത്.

1977-ല്‍ പ്രാബല്യത്തില്‍ വന്ന ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് അടിയന്തരാവസ്ഥാ ഘട്ടത്തില്‍ വാണിജ്യം നിയന്ത്രിക്കാന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നുണ്ടെങ്കിലും, തീരുവകള്‍ ചുമത്തുന്നതിനെക്കുറിച്ച് ഇതില്‍ വ്യക്തമായി പരാമര്‍ശിക്കുന്നില്ല.

നികുതിയും തീരുവയും ചുമത്താനുള്ള അധികാരം ഭരണഘടനാപരമായി യുഎസ് കോണ്‍ഗ്രസിനാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. 'തീരുവ ചുമത്താനുള്ള അസാധാരണമായ അധികാരം പ്രയോഗിക്കാന്‍ കോണ്‍ഗ്രസിന്റെ വ്യക്തമായ അനുമതി പ്രസിഡന്റ് കാണിക്കണം, എന്നാല്‍ അതിന് അദ്ദേഹത്തിന് കഴിയില്ല,' എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

പ്രത്യാഘാതങ്ങള്‍:

ട്രംപിന്റെ രണ്ടാം ഊഴത്തിലെ സാമ്പത്തിക അജണ്ടയുടെ നട്ടെല്ലായിരുന്നു ഈ ഇറക്കുമതി തീരുവകള്‍. വ്യാപാരക്കമ്മി കുറയ്ക്കാനും വ്യാപാര പങ്കാളികളെ സമ്മര്‍ദ്ദത്തിലാക്കാനും ഫെഡറല്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുമാണ് ട്രംപ് ഈ തന്ത്രം ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ നടപടികള്‍ ഓഹരി വിപണിയില്‍ അസ്ഥിരതയുണ്ടാക്കുകയും നയതന്ത്ര ബന്ധങ്ങള്‍ വഷളാക്കുകയും ചെയ്തിരുന്നു.

ചെറുകിട വ്യവസായികളും ഡെമോക്രാറ്റിക് ഭരണത്തിന് കീഴിലുള്ള 12 സംസ്ഥാനങ്ങളുമാണ് ഈ നിയമപോരാട്ടം നടത്തിയത്. ഐഇഇപിഎ (IEEPA) നിയമം ഉപയോഗിച്ച് മിക്കവാറും എല്ലാ പ്രധാന വ്യാപാര പങ്കാളികള്‍ക്കുമേല്‍ നികുതി ചുമത്തിയ ആദ്യ പ്രസിഡന്റാണ് ട്രംപ്. ഈ അധികാരം അനിയന്ത്രിതമല്ലെന്ന് പ്രഖ്യാപിച്ചതിലൂടെ പ്രസിഡന്റിന്റെ സാമ്പത്തിക നയങ്ങള്‍ക്കുമേല്‍ സുപ്രീം കോടതി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.