കല്‍പ്പറ്റ: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് സതീശന്‍ പറഞ്ഞു. ഭൂമി വഖഫായി നല്‍കുന്നതിന് മുമ്പും സ്ഥലത്ത് ആള്‍ത്താമസം ഉണ്ടായിരുന്നു. കൂടാതെ പലരം ഭൂമി പണം കൊടുത്തു വാങ്ങിയവരുമുണ്ട്. ആ രേഖകളില്‍ കണ്ടിഷന്‍സ് ഉണ്ട്. വഖഫിന് കണ്ടീഷന്‍സ് പാടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് പണം വാങ്ങി ഭൂമി മുനമ്പം പ്രദേശത്തുള്ളവര്‍ക്ക് വിറ്റിട്ടുണ്ട്. പണം കൊടുത്തു മേടിച്ച വസ്തു എങ്ങനെ വഖഫാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് വഖഫ് ആക്ടുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത നിസാര്‍ കമ്മീഷനെ നിയോഗിച്ചതോടെയാണ് മുനമ്പത്തെ ഭൂമി വഖഖാണെന്ന് അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ പറഞ്ഞത് മറിച്ചായിരുന്നു.

സംസ്ഥാന സര്‍ക്കാറിന് പത്ത് മിനിറ്റ് കൊണ്ട് തീര്‍ക്കാന്‍ കഴിയുന്ന വിഷയമാണ് ഇതെന്നും സതീശന്‍ വ്യക്തമാക്കി. കേരളത്തില്‍ വര്‍ഗീയമായി ഭിന്നിപ്പുണ്ടാകാനും ഇടവരരുത് എന്നാണ് യുഡിഎഫിന് പറയാനുള്ളത്. അവിടെ താമസിക്കുന്നവര്‍ക്ക് ഭൂമി കൊടുക്കണം. വഖഫ് ബോര്‍ഡ് കോടതിയില്‍ കൊടുത്ത കേസ് പിന്‍വലിക്കുണം, ക്ലെയിം ചെയ്യാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇത് വഖഫ് ഭൂമിയല്ല എന്ന നിലപാടാണുള്ളത് ഞങ്ങള്‍ക്കുള്ളതെന്നും സതീശന്‍ പറഞ്ഞു. ഞാനാണ് അവിടെ ആദ്യം പോയത്. മുനമ്പത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സതീശന്‍ വ്യക്തമാക്കിയിരുന്നു. മുനമ്പം ചെറായി തീരദേശങ്ങളിലെ 600ല്‍പ്പരം കുടുംബങ്ങളുടെ കിടപ്പാടം സംരക്ഷിക്കുന്നതിന് മുന്‍ഗണനയെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു.

കത്തോലിക്കാ സഭ അടക്കം കടുത്ത നിലപാടുമായി രംഗത്തുവന്നതോടെ വിഷയത്തില്‍ യുഡിഎഫും എല്‍ഡിഎഫും വെട്ടിലായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവര്‍ സമരക്കാരെ പിന്തുണച്ച് രംഗത്തുവരികയുണ്ടായി. അതേസമയം കേന്ദ്ര വഖഫ് നിയമത്തിലെ വിവിധ വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും എത്തിയിട്ടുണ്ട്. കൈവശാവകാശക്കാരായ മുനമ്പം സ്വദേശി ജോസഫ് ബെന്നി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എതിര്‍കക്ഷികളായ കോഴിക്കോട് ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റിക്കും ഭൂമിയുടെ മുന്‍ ഉടമകളുടെ പിന്തുടര്‍ച്ചക്കാരായ നസീര്‍ സേട്ട് ഉള്‍പ്പെടെയുള്ളവര്‍ക്കും നോട്ടിസിന് നിര്‍ദേശിച്ചിരുന്നു.

1954ലെ വഖഫ് നിയമം വരുന്നതിനു മുന്‍പ് ഫാറൂഖ് കോളജ് മാനേജ്‌മെന്റില്‍ നിന്ന് 1950 കാലഘട്ടത്തിലാണ് ഹര്‍ജിക്കാരുടെ പൂര്‍വികര്‍ മുനമ്പത്തെ ഭൂമി വാങ്ങിയത്. 1995ല്‍ പുതിയ നിയമം വന്നു. 2013ല്‍ ഭേദഗതി ചെയ്തു. വഖഫ് സ്വത്തല്ലാതിരുന്ന കാലഘട്ടത്തിലാണു ഹര്‍ജിക്കാര്‍ സ്വത്ത് വാങ്ങിയത്. എന്നാല്‍ ഹര്‍ജിക്കാരനെയും 600 കുടുംബങ്ങളെയും ഒഴിപ്പിക്കാന്‍ വഖഫ് ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചിരിക്കുകയാണെന്നു ഹര്‍ജിയില്‍ അറിയിച്ചു.

വഖഫ് നിയമത്തിന്റെ ഭരണഘടനാ സാധുതയാണു ഹര്‍ജിക്കാര്‍ ചോദ്യം ചെയ്യുന്നത്. വഖഫ് സ്വത്തിനു പ്രത്യേക പദവിയാണ് നിയമം നല്‍കുന്നതെന്നും എന്നാലിത് മറ്റ് ട്രസറ്റുകള്‍ക്കൊന്നും നല്‍കുന്നില്ലെന്നും ഹര്‍ജിയില്‍ അറിയിച്ചു. ഏതു വസ്തുവകകളും വഖഫില്‍ റജിസ്റ്റര്‍ ചെയ്യാവുന്നവിധം അനിയന്ത്രിത അധികാരങ്ങളാണ് ഇതുവഴി നല്‍കുന്നതെന്നു ഹര്‍ജിയില്‍ പറയുന്നു. ട്രസ്റ്റുകള്‍ക്കോ മഠങ്ങള്‍ക്കോ ഇല്ലാത്ത അധികാരമാണിത്. വഖഫ് ബോര്‍ഡോ സര്‍ക്കാരോ പുറപ്പെടുവിക്കുന്ന വഖഫിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് മതപരമായിട്ടുള്ളതോ, സ്വകാര്യമായിട്ടുള്ളതോ സ്വത്ത് സംരക്ഷിക്കാനുള്ള വ്യവസ്ഥയില്ല. പരാതികള്‍ കൃത്യമായി പരിശോധിക്കുന്നതിനും വ്യവസ്ഥയില്ല.

വഖഫ് ബോര്‍ഡ് സിഇഒയുടെയും റവന്യു വകുപ്പിന്റെയും ഉത്തരവ് പ്രകാരം പോക്കുവരവ് രേഖകളടക്കം അനുവദിക്കുന്നില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനവും സ്വാഭാവിക നീതി നിഷേധവുമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമത്തിലെ 4,5,36,40 വകുപ്പുകള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരുടെ സ്വത്തുക്കള്‍ വഖഫില്‍ റജിസ്റ്റര്‍ ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യം.