കൊല്ലം: ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ചു കോടതി. ഒരു ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണമെന്ന് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. ശിക്ഷാവിധിയിന്മേലുള്ള വാദങ്ങള്‍ കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് കോടതി വിധി പ്രസ്താവിച്ചത്.

2023 മേയ് പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്ന കൊലപാതകത്തില്‍ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷാവിധിയില്‍ വാദം നടന്നത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യമായി കണ്ട് പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെടുന്ന നിമിഷംവരെയും മറ്റുള്ളവര്‍ക്ക് വേണ്ടി സേവനം അനുഷ്ഠിച്ച വന്ദന തന്റെ കൊലയാളിയുടെ ശരീരത്തിലെ പരിക്കുകള്‍ ചികിത്സിച്ചുകൊണ്ടിരുന്നതാണ്. അവരെ പ്രതി ബലമായി പിടിച്ചു വലിച്ചു കൊണ്ടുപോയി 23 തവണയാണ് കുത്തിയത്. പ്രതിയുടെ അതിക്രൂര മാനസികാവസ്ഥ വെളിവാക്കുന്നതാണ്. വേദന കൊണ്ട് അലറിക്കരഞ്ഞ വന്ദനയെ പിടിച്ചിരുത്തി തല മുതല്‍ കാല്‍വരെ മാരകമായി ആക്രമിച്ച പ്രതിയുടെ പ്രവൃത്തികള്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വിവരിച്ചു.

എന്നാല്‍, കുറ്റം ചെയ്തത് കരുതികൂട്ടിയല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗവും വാദിച്ചു. പ്രതി ആയുധം പുറത്തു നിന്നും കൊണ്ടുവരികയോ മറ്റോ ചെയ്തിരുന്നില്ല. അപ്പോഴത്തെ മാനസികാവസ്ഥയില്‍ ചെയ്തു പോയതാണെന്നും പ്രതിാഗം വാദിച്ചിരുന്നു. കൊലപാതകം, വധശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെ പൊലീസ് ചുമത്തിയ വകുപ്പുകളിലെല്ലാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സന്ദീപിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് നേരത്തെതന്നെ മെഡിക്കല്‍ ബോര്‍ഡ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

വിശദമായ വാദം കേട്ട ശേഷമാണ് സെഷന്‍സ് ജഡ്ജ് പി എന്‍ വിനോദ് ശിക്ഷ വിധിച്ചത്. വിധി കേള്‍ക്കാന്‍ വന്ദനയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ കോടതിയിലെത്തിയിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് പ്രതാപ് ജി പടിക്കല്‍ ആണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളുമാണ് സ്പെഷ്യല്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.

ആശുപത്രികളിലെ സുരക്ഷയെകുറിച്ച് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കേസായിരുന്നു ഇത്. കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതി സന്ദീപ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 307, 326, 324, 323, 341, 201 എന്നീ വകുപ്പുകള്‍പ്രകാരം കുറ്റം ചെയ്തതായി അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ആശുപത്രിസംരക്ഷണനിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യവും പ്രതി ചെയ്തതായി തെളിഞ്ഞിരുന്നു, ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ശിക്ഷാവിധി.

തനിക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന വാദമുയര്‍ത്തി രക്ഷപ്പെടാനാണ് പ്രതി കോടതിയില്‍ ശ്രമിച്ചത്. എന്നാല്‍ കേസന്വേഷണത്തിലും വിചാരണവേളയിലും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പുലര്‍ത്തിയ നിതാന്തജാഗ്രതമൂലം പ്രതിഭാഗത്തിന്റെ നീക്കങ്ങള്‍ പൊളിയുകയായിരുന്നു. സന്ദീപ് മാനസികരോഗചികിത്സയ്ക്കു വിധേയനാകുന്നയാളാണെന്ന് തെളിയിക്കാന്‍ പ്രതിഭാഗം മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയിരുന്നു. ഇതേപ്പറ്റി വിശദമായ വാദപ്രതിവാദം കോടതിയില്‍ നടന്നു.