- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കഴുത്തിനേറ്റ ക്ഷതം കാരണം കൈകള്‍ക്കും വേദന; ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇന്നും ആശുപത്രിയില്‍ തുടര്‍ന്നേക്കും; ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും; മന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രമെന്ന് കെ.എസ്.യു; വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു
കഴുത്തിനേറ്റ ക്ഷതം കാരണം കൈകള്‍ക്കും വേദന

കണ്ണൂര്‍: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്നും ആശുപത്രിയില്‍ തുടര്‍ന്നേക്കുമെന്ന് സൂചന. എംആര്‍ഐ പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ല. എന്നാല്‍ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നും മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനുശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. കഴുത്തിനേറ്റ ക്ഷതം കാരണം കൈകള്‍ക്ക് വേദനയുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവുണ്ടെങ്കിലും വേദന നിലനില്‍ക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രി ഇന്നും ആശുപത്രിയില്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന. മന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഉച്ചയ്ക്ക് ശേഷം പുറത്തിറക്കും.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെ.എസ്.യു. പ്രവര്‍ത്തകരുടെ കരിങ്കൊടിപ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റത്. ആദ്യം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ ണ്ടകോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളെന്ന തരത്തില്‍ സിപിഎം പ്രചരിപ്പിച്ച വീഡിയോയില്‍ പ്രതികരണവുമായി കെഎസ്യു. മന്ത്രിയുടെ കഴുത്തില്‍ കരിങ്കൊടി തട്ടുന്നു എന്ന തരത്തിലാണ് സിപിഎം ഹാന്‍ഡിലുകള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, മന്ത്രിയുടെ കഴുത്തിന് സമീപം എത്തിയത് കരിങ്കൊടിയല്ലെന്നും മന്ത്രിയുടെതന്നെ ഗണ്‍മാന്റെ കറുത്ത വസ്ത്രമാണെന്നുമാണ് കെ.എസ്.യു വിശദീകരിക്കുന്നത്. ഇതിന്റെ ദൃശ്യവും അവര്‍ പുറത്തുവിട്ടിട്ടുണ്ട്.
പ്രതിഷേധക്കാര്‍ മന്ത്രിയെ മര്‍ദിച്ചുവെന്ന് സ്ഥാപിക്കാന്‍ ഇടതുപക്ഷ സൈബര്‍ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ച വീഡിയോയിലെ കറുത്ത വസ്ത്രം ധരിച്ച കൈ തങ്ങളുടെ പ്രവര്‍ത്തകന്റേതല്ലെന്ന് കെ.എസ്.യു വാദിക്കുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിയെ സംരക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന ഗണ്‍മാന്റെ വസ്ത്രമാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നാണ് വാദം.
എഡിറ്റ് ചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിച്ച് സിപിഎം തെറ്റായ പ്രചാരണം നടത്തുകയാണെന്നും ആരോപിച്ചിട്ടുണ്ട്. മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഗണ്‍മാന്റെ കൈ കഴുത്തിന് സമീപം വന്നതെന്നും ഈ ദൃശ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് കെ.എസ്.യു വ്യക്തമാക്കുന്നു.
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ബുധനാഴ്ച രാവിലെമുതല്‍ ജില്ലയില്‍ വിവിധസ്ഥലങ്ങളില്‍ ആരോഗ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടികാണിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനുമുന്നില്‍ പ്രതിഷേധിക്കാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കള്‍ മന്ത്രിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കണ്ടു. മന്ത്രിക്കെതിരായ അക്രമത്തിനെതിരേ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.


