മലപ്പുറം: മുസ്ലീം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഇടപെട്ടുകൊണ്ട് കെ.പി.സി.സി മുന്‍ സെക്രട്ടറി അഡ്വ. ഡി.വി. വിനോദ് കൃഷ്ണ എഴുതിയ തുറന്ന കത്ത് യു.ഡി.എഫിനുള്ളില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. ലീഗ് സീറ്റുകളില്‍ 25 ശതമാനം ഇതര സമുദായങ്ങള്‍ക്ക് നല്‍കണമെന്ന വിനോദ് കൃഷ്ണയുടെ നിര്‍ദ്ദേശം എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണെന്ന നിലപാടിലാണ് മുസ്ലീം ലീഗ് നേതൃത്വം. വിഷയത്തിലുള്ള കടുത്ത അതൃപ്തി കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിക്കാന്‍ ലീഗ് തീരുമാനിച്ചു.

മുസ്ലീം ലീഗിനെ ഒരു വര്‍ഗ്ഗീയ പാര്‍ട്ടിയായി ചിത്രീകരിക്കാനും അതിന്റെ മതേതര പ്രതിച്ഛായയെ ചോദ്യം ചെയ്യാനുമാണ് വിനോദ് കൃഷ്ണ ശ്രമിച്ചതെന്നാണ് ലീഗിന്റെ പ്രധാന ആക്ഷേപം. ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നൂറ് ശതമാനവും മുസ്ലീങ്ങള്‍ മാത്രമാണെന്നും ഇത് കോണ്‍ഗ്രസിലെ മുസ്ലീം യുവാക്കളുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്നുമുള്ള പരാമര്‍ശം ബോധപൂര്‍വ്വം വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണെന്ന് ലീഗ് നേതാക്കള്‍ കരുതുന്നു. ലീഗ് മതാധിഷ്ഠിത പാര്‍ട്ടിയാണെന്ന സംഘപരിവാര്‍ ആരോപണങ്ങള്‍ക്ക് വിനോദ് കൃഷ്ണയുടെ കത്ത് കരുത്തുപകരുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ ഇതര മതസ്ഥരെ മത്സരിപ്പിക്കുന്നത് സീറ്റ് നിലനിര്‍ത്താനുള്ള കപടതയാണെന്ന വിനോദ് കൃഷ്ണയുടെ പ്രസ്താവന ലീഗ് അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മുന്നണി മര്യാദകള്‍ ലംഘിച്ച് ഘടകകക്ഷിയുടെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നേതാവിനെതിരെ നടപടി വേണമെന്നാണ് ലീഗിന്റെ ആവശ്യം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കിടെ ഉയര്‍ന്ന ഈ വിവാദം യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കെ.പി.സി.സി നേതൃത്വം വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം മുന്നണി ബന്ധത്തെ ഇത് ബാധിക്കുമെന്നും ലീഗ് മുന്നറിയിപ്പ് നല്‍കി.

വിനോദ് കൃഷ്ണയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ബഹുമാന്യ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നേതൃത്വത്തിനു മുന്‍പാകെ,

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ സെക്രട്ടറി അഡ്വ. ഡി വി വിനോദ്കൃഷ്ണ സമര്‍പ്പിക്കുന്ന തുറന്ന കത്ത്,

കേരള രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന രാഷ്ട്രീയ സംഘടനാ സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് യു.ഡി.എഫിന്റെ പ്രധാന ഘടകകക്ഷി ആണല്ലോ ? കേരളത്തിന്റെ ഭരണചരിത്രത്തില്‍ മുഖ്യമന്ത്രി പദം വരെ അലങ്കരിക്കുവാന്‍ അവസരം കിട്ടിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. നിരവധി യു.ഡി.എഫ്. സര്‍ക്കാരുകളില്‍ പ്രധാനപെട്ട മന്ത്രി സ്ഥാനങ്ങള്‍ അലങ്കരിക്കുകയും, കേന്ദ്രത്തില്‍ യു പി എ സഖ്യത്തില്‍ മന്ത്രി സ്ഥാനം വരെ അലങ്കരിക്കുകയും ചെയ്ത മഹത്തായ പ്രസ്ഥാനം പലപ്പോഴും രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് വിസ്മയം തീര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസിനകത്ത് ആഭ്യന്തരകലാപം മൂര്‍ച്ഛിച്ച് ലീഡര്‍ ശ്രീ. കെ. കരുണാകരന്‍ നേതൃസ്ഥാനം മാറി ബഹു. എ.കെ. ആന്റണി സാര്‍ നേതൃസ്ഥാനത്ത് വന്ന് കേരള മുഖ്യമന്ത്രിയായി വന്നപ്പോള്‍ ലീഗ് സുരക്ഷിത സീറ്റ് നല്‍കി ജയിപ്പിച്ചതും മറക്കുവാന്‍ കഴിയുന്നതല്ല. വയനാട്ടില്‍ ശ്രീ. രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴും, പ്രിയങ്ക ഗാന്ധി മത്സരിച്ചപ്പോഴും നല്‍കിയ പിന്തുണയും വിസ്മരിക്കുവാന്‍ കഴിയുന്നതല്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഇതൊക്കെ ചെയ്യുന്നത് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് ജനം പറയാതിരിക്കാന്‍ കാലഘട്ടത്തിനനുസരിച്ച് ലീഗും മാറണം ലീഗിന്റെ ചിന്തകളും മാറണം.

അത്തരമൊരു പ്രസ്ഥാനം വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യം മനസിലാക്കി കേരളത്തില്‍ മറ്റ് വര്‍ഗ്ഗീയ ശക്തികള്‍ക്ക് പ്രചോദനം ആകാതെയും, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനും മറ്റൊരു ചരിത്രപരമായ തീരുമാനം കൂടി എടുക്കുവാന്‍ മനസ്സ് കാട്ടണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.

യു ഡി എഫ് സംവിധാനത്തില്‍ മുസ്ലിംലീഗിന് കിട്ടുന്ന സീറ്റുകളില്‍ 25 % സീറ്റുകള്‍ മറ്റ് സമുദായങ്ങളില്‍ നിന്നുമുള്ള നിങ്ങളുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാനുള്ള മഹാമനസ്‌കത കാട്ടി കേരള രാഷ്ട്രീയത്തില്‍ ലീഗ് മാതൃകയാകണം.

ലീഗിന് കിട്ടുന്ന സീറ്റുകളില്‍ നൂറ് ശതമാനവും മുസ്ലിം സ്ഥാനാര്‍ത്ഥികളെ മാത്രം പരിഗണിക്കുമ്പോള്‍ യു ഡി എഫ് സംവിധാനം എന്ന നിലയില്‍ കോണ്‍ഗ്രസില്‍ നിന്നും കഴിവുറ്റ മുസ്ലിം ചെറുപ്പക്കാരുടെ അവസരം നിഷേധിക്കപ്പെടുന്നു. അതായത് 95-നും 100-നും ഇടയ്ക്ക് സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന് കേരളത്തിലെ ആകെ ജനസംഖ്യയില്‍ 27% വരുന്ന മുസ്ലിം സമുദായത്തില്‍ നിന്നും കേവലം 10 സീറ്റുകളില്‍ താഴെ മാത്രമേ മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കാന്‍ കഴിയുന്നുള്ളു. ആയതിനാല്‍ 25% സ്ഥാനാര്‍ഥികളെ മറ്റ് സമുദായങ്ങളില്‍ നിന്ന് ലീഗ് ഉള്‍പ്പെടുത്തിയാല്‍ കോണ്‍ഗ്രസിലെ കഴിവുറ്റ മുസ്ലിം ചെറുപ്പക്കാര്‍ക്ക് കൂടി അവസരം ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകും.

ലീഗ് മതാധിഷ്ട്ടിത പാര്‍ട്ടി എന്ന ചട്ടക്കൂട്ടില്‍ നിന്നും മതേതര പാര്‍ട്ടി എന്ന ചട്ടക്കൂട്ടിലേയ്ക്ക് മാറാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. തദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകളില്‍ മറ്റു മതസ്ഥരെ മത്സരിപ്പിക്കുന്നത് പ്രസ്തുത സീറ്റുകള്‍ അടുത്ത ഇലക്ഷന്‍ വരുമ്പോള്‍ ജനറല്‍ സീറ്റുകളായി മാറുമ്പോള്‍ ലീഗിന് തന്നെ കൈവശപ്പെടുത്താനാണെന്ന് രാഷ്ട്രീയ ബോധമുള്ള എല്ലാവര്‍ക്കും അറിയാം. ഇത്തരം കപടത ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന രീതിയില്‍ ലീഗിന് ഉചിതമല്ല. ആയതിനാല്‍ അസംബ്ലി സീറ്റുകളിലാണ് പ്രധാനമായും മറ്റ് മതവിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കേണ്ടത്. മറ്റു മതവിഭാഗങ്ങളുടെ വോട്ടും കൂടി വാങ്ങിയാണ് നിങ്ങള്‍ മത്സരിച്ചു ജയിച്ചു വരുന്നത് എന്ന വസ്തുത മറക്കരുത്. ആയതിനാല്‍ മറ്റു മതവിഭാഗങ്ങളില്‍ നിന്ന് വോട്ടു വാങ്ങുന്ന രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ ആ വിഭാഗങ്ങളെ കൂടി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടതാണ്.

മതേതര സങ്കല്പം വാക്കുകളില്‍ കൂടി മാത്രമല്ല പ്രവൃത്തിയില്‍ക്കൂടി നടപ്പിലാക്കിയാല്‍ മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന് മതേതരത്വത്തിന്റെ ഔന്നത്യത്തില്‍ എക്കാലവും നിലനില്‍ക്കുവാന്‍ സാധിക്കും. മാത്രമല്ല എസ് എന്‍ ഡി പി യും സംഘപരിവാര്‍ ശക്തികളും ഉയര്‍ത്തുന്ന വര്‍ഗ്ഗീയ ആക്ഷേപങ്ങളില്‍ നന്നും രക്ഷനേടുവാനും ഈ മഹത്തായ പ്രവൃത്തിയിലൂടെ ലീഗിന് കഴിയുകയും ചെയ്യും.

എന്ന്

വിനയത്തോടെ

അഡ്വ. ഡി വി വിനോദ്കൃഷ്ണ

മുന്‍ സെക്രട്ടറി,

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി

തിരുവനന്തപുരം

04/02/2026

പകര്‍പ്പ്:

1. ബഹു: പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ്.

2. സംസ്ഥാന ഭാരവാഹികള്‍, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി

3. എം.പി. മാര്‍ (മുസ്ലിം ലീഗ്)

4. പ്രസിഡന്റ് (കെ.പി.സി.സി.)

5. പ്രതിപക്ഷ നേതാവ്