തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ക്രെഡിറ്റിനെ ചൊല്ലിയുള്ള വിവാദം അവസാന നിമിഷവും തുടരുന്നു. ഉദ്ഘാടന വേദിയിലും വിവാദം തുടരുകയാണ്. മുന്‍ മന്ത്രി രാജീവ് ചന്ദ്രശേഖറിനെ പദ്ധതിയുടെ സമര്‍പ്പണ വേദിയില്‍ ക്ഷണം ഉണ്ടായിരുന്നു. ഇത് പ്രകാരം അദ്ദേഹ നേരത്തെ വേദിയിലെത്തി ഇറുപ്പുറപ്പിച്ചു. ബിജെപി അണികള്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചപ്പോള്‍ രാജീവും അതേറ്റു വിളിച്ചു. എന്നാല്‍, ഇത് കണ്ട മന്ത്രി മുഹമ്മദ് റിയാസിന് ശരിക്കും അസ്വസ്തനായി.

ഇതോടെ രാജീവിനെ പരിഹസിക്കുകയാണ് ചെയ്തത്. ഏതാണ്ട് പത്തുമണിയോടെ തന്നെ രാജീവ് ചന്ദ്രശേഖര്‍ സ്ഥലത്തെത്തി വേദിയില്‍ ഇരുപ്പുറപ്പിച്ചു. ഈ സമയം വേദിയില്‍ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല. സദസ്സിലിരുന്ന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇക്കാര്യം ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍ പലരും സദസ്സിലാണ് ഇരിക്കുന്നത്. എല്ലാവരും വേദിയില്‍ ഇരിക്കേണ്ടതില്ല. പക്ഷെ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പോലും സദസ്സിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് സര്‍ക്കാര്‍ പടിപാടിക്ക് ഇരിക്കുന്നത്. സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അല്‍പ്പത്തരമല്ലേയെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഇത്തരമൊരു അവസരം നല്‍കിയിട്ടുള്ളത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഇരിക്കുന്ന വ്യക്തിയെങ്കിലും ഇതില്‍ അല്പം മാന്യത കാണിക്കണ്ടേ. എന്നിട്ട് സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അല്പത്തരമല്ലേ. ഇതൊന്നും മലയാളി പൊറുക്കില്ല. ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് സ്വീകരിക്കുന്ന നിലപാടിന് ഉദാഹരണമാണ് ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ വേദിയിലിരുത്തിയതിലൂടെ പ്രകടമാകുന്നതെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു.

അതേസമയം മുഹമ്മദ് റിയാസിനെ പരിഹസിച്ചു കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നു. നിങ്ങളുടെ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കണ്‍വീനര്‍ സ്റ്റേജില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ എന്നാണ് രാഹുലിന്റെ പരിഹാസം. പദ്ധതിയുടെ നടത്തിപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളെ പോലും അവഗണിക്കുന്ന സര്‍ക്കാര്‍ നയത്തെ പരിഹസിച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വാക്കുകള്‍.

അതേസമയം, വിഴിഞ്ഞം പദ്ധതിയും ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി പി. രാജീവ് രംഗത്തെത്തി. ഒരു കല്ലിന്റെ സംഭാവന ആരും മറക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം പൊതുമധ്യത്തില്‍ ഉണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛശക്തിയിലാണ് പദ്ധതി നടപ്പിലായത്. കേരളം ഇന്ത്യക്കും ലോകത്തിനും നല്‍കുന്ന സംഭാവനയാണ് വിഴിഞ്ഞം പദ്ധതിയെന്നും രാജീവ് ചൂണ്ടിക്കാട്ടി.

വിഴിഞ്ഞത്തില്‍ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ടത് കെ.കരുണാകരന്‍. വിഴിഞ്ഞം വെല്ലുവിളികള്‍ മറികടന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവന്നത് ഉമ്മന്‍ചാണ്ടി. അതിനെ എല്‍ഡിഎഫിന്റെ കുഞ്ഞാക്കി മാറ്റുന്നത് ശരിയല്ല എന്നും ചെന്നിത്തല പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് പറ്റിയ കൂട്ടാണ് കേരളത്തിലെന്ന് കെ.മുരളീധരന്‍ പരിഹസിച്ചു.

അതേസമയം വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍ സ്വാഗതം പറഞ്ഞു.

കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗത്തില്‍ പറഞ്ഞു. ലോകത്തിലെ തന്നെ ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറും. പദ്ധതിയുമായി സഹകരിച്ച എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഇച്ഛാശക്തിയാണ് തുറമുഖം യാഥാര്‍ഥ്യമാകാന്‍ കാരണമെന്ന് സ്വാഗത പ്രസംഗത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ ഒന്നും നടക്കില്ല എന്നു പറഞ്ഞിടത്ത് എല്ലാം സാധ്യമാക്കും എന്ന വാക്ക് അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ഇടതു സര്‍ക്കാരും പദ്ധതിയില്‍ പങ്കുവഹിച്ചതെന്നും മന്ത്രി പറഞ്ഞു.