ഇറാന് സേനയിലെ ചിലരെ മൊസാദ് വിലയ്ക്കെടുത്തു; കൊല ഹ്രസ്വദൂര മിസൈലിനാല്‍; പിന്നില്‍ ഇന്ത്യന്‍ മൊസാദ് ഏജന്റോ? ഉത്തരം കിട്ടാതെ ഹനിയയുടെ മരണം
- Share
- Tweet
- Telegram
- LinkedIniiiii
ഹമാസ് നേതാവ് ഇസ്മായീല്‍ ഹനിയയുടെ കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും, എങ്ങനെ കൊന്നു എന്നതിനുപോലും വ്യക്തതയില്ല. വിവിധ മാധ്യമങ്ങളും ഏജന്‍സികളും വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ഇക്കാര്യത്തില്‍ പുറത്തുവിടുന്നത്. നേരത്തെ, ടെഹ്റാന് ഗസ്റ്റ് ഹൗസിലെ മുറിയില്‍ വച്ച അത്യാധുനികവും റിമോട്ട് നിയന്ത്രിതവുമായ ബോംബാണ്, ഹമാസ് ഭീകരന്റെ ജീവനെടുത്തതെന്ന്, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇപ്പോള്‍ 7 കിലോഗ്രാം ഭാരമുള്ള ഹ്രസ്വദൂര മിസൈല്‍ ഉപയോഗിച്ചാണ് ഹനിയയെ കൊലപ്പെടുത്തിയത് എന്നാണ് വാര്‍ത്തകള്‍ വരുന്നത്. ഇറാനില്‍ നിന്ന് കിട്ടുന്ന വിവരവും ഇത്തരത്തിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസും, ദ ടെലിഗ്രാഫും റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരു രാജ്യത്തില്‍ നുഴഞ്ഞുകയറുക. എന്നിട്ട് ആരുമാറിയാതെ കൊന്ന് തള്ളുക. കൊല നടന്നിടത്ത് ഒരു തെളിവുണ്ടാവില്ല. ഒരാള്‍ പോലും പിടിക്കപ്പെടില്ല. മൊസദിന്റെ രീതി അങ്ങനെയാണ്. ഇപ്പോള്‍ ഇറാനിലെത്തി ഹമാസിന്റെ തലവന്‍ ഇസ്മായില്‍ ഹനിയയെ കൊന്നുതള്ളിയ മോഡസ് ഓപ്പറാന്ഡിയും ഇങ്ങനെ തന്നെയാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. ഇറാന് സേനയിലെ ചിലരെ, ഇസ്രയേലി ചാരസംഘടനയായ മൊസാദ് വിലക്കെടുത്തുവെന്നും, അവരാണ് കൊലക്കുള്ള ഒത്താശ നടത്തിയതെന്നുമാണ് പറയപ്പെടുന്നത്.
ഇറാന് സേനയിലെ ചിലരെ വിലക്കെടുത്തു
കോടിക്കണക്കിന് ഡോളര്‍ കൊടുത്ത് മൊസാദ് വളര്‍ത്തുന്ന പെയ്ഡ് ചാരന്മാരും, ലോകത്തിന്റെ വിവിധ കോണുകളിലുണ്ട്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് നാസറിന്റെ മരുമകനെപ്പോലും പണം നല്കി അവര്‍ കൂറുമാറ്റിയിരുന്നു. വെറും പണം മാത്രമല്ല, ആജീവനാന്ത സംരക്ഷണവും മൊസാദ് നല്‍കും. ഇതേ തന്ത്രമാണ് ഹനിയയെ കൊല്ലാനും മൊസാദ് എടുത്തത് എന്നാണ് പറയപ്പെടുന്നത്.
മൊസാദ് ഇറാനിയന്‍ സുരക്ഷാ ഏജന്റുമാരെ വിലക്കെടുത്താണ് ഹനിയയെ വധിച്ചതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നതരുടെ സംരക്ഷണച്ചുമതലയുള്ള ഇറാന് സുരക്ഷ സേനയിലെ അന്‍സാര്‍-അല്‍-മഹ്ദി പ്രൊട്ടക്ഷന്‍ യൂനിറ്റിലെ ഏജന്റുമാരെയാണ് മൊസാദ് സ്വാധീനിച്ചതെന്നാണ് വിവരം. മുന്‍ ഇറാന് പ്രസിഡന്റ് ഇബ്രാഹിം റയീസിയുടെ സംസ്കാര ചടങ്ങുകള്‍ക്കായി ഹനിയ ടെഹ്റാന് സന്ദര്‍ശിക്കുമ്പോള്‍ വധിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. ജനക്കൂട്ടം കാരണം അന്നത്തെ ഓപറേഷന് ഉപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് മൊസാദ് വിലക്കെടുത്ത ഈ ചാരന്മാര്, വടക്കന്‍ ടെഹ്റാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐ.ആര്.ജി.സി) ഗസ്റ്റ് ഹൗസിലെ മൂന്ന് മുറികളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കുകയായിരുന്നു. ഹനിയ അവിടെ താമസിക്കാന്‍ സാധ്യതയുള്ളതിനാലാണ് തന്ത്രപരമായി ഈ സ്ഥലം തിരഞ്ഞെടുത്തത്. കൊലപാതകം നടന്ന ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടേക്ക് ഇരച്ചെത്തുകയും എല്ലാ ജീവനക്കാരെയും പിടികൂടുകയും ചെയ്തിരുന്നു. ഇതില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും ഫോണുകള്‍ ഉള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ചിലരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ടൈം ബോംബോ, മിസൈലോ?
പക്ഷേ കൊലക്ക് ഉപയോഗിച്ചത് ടൈംബോംബോ, ഹ്രസ്വദൂര മിസൈലോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കമുണ്ട്. ദി ടെലിഗ്രാഫ് നേരത്തെ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ കൈവശമുള്ള നിരീക്ഷണ ഫൂട്ടേജില്‍, ഏജന്റുമാര്‍ രഹസ്യമായി നീങ്ങുന്നതും ഒന്നിലധികം മുറികളില്‍ പ്രവേശിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പുറത്തുപോകുന്നതും കാണിക്കുന്നു. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഹനിയയെ താമസിച്ചിരുന്ന മുറിയില്‍ റിമോട്ട് ഉപയോഗിച്ച് ഇവര്‍ സ്ഫോടനം നടത്തുകയാണെന്നാണ് ആദ്യം വന്ന വാര്‍ത്തകള്‍.
എന്നാല്‍ ഇപ്പോള്‍ ഹനിയയുടെ ജീവനെടുത്തത്, 7 കിലോഗ്രാം ഭാരം മാത്രമുള്ള ചെറുമിസൈല്‍ ആണെന്നാണ് പറയുന്നത്. ദൃക്സാക്ഷികളും ഇക്കാര്യം സ്ഥിരീകരിക്കയാണ്. തെഹ്റാനിലെ ഗസ്റ്റ് ഹൗസില്‍ ഹനിയ്യയുടെ അടുത്ത മുറികളില്‍ താമസിച്ചവരാണ് അന്താരാഷ്ട്ര മാധ്യമമായ 'മിഡിലീസ്റ്റ് ഐ'യോട് സംഭവത്തെ കുറിച്ചു വിവരിച്ചത്. വന്‍ സ്ഫോടനത്തില്‍ കെട്ടിടം കിടുങ്ങുകയായിരുന്നുവെന്ന് ഹനിയയുടെ മുറിക്കു തൊട്ടരികില്‍ താമസിക്കുന്ന ഒരാള്‍ പറഞ്ഞു. 'മിസൈല്‍ ശബ്ദം പോലെയായിരുന്നു അത്. ബോംബ് പൊട്ടിത്തെറിച്ചതല്ല'- അദ്ദേഹം പറയുന്നു. സ്ഫോടനത്തിനു പിന്നാലെ ഹനിയ്യയുടെ മുറിയുടെ മേല്‍ക്കൂരയും പുറത്തുനിന്നുള്ള ചുമരും തകര്‍ന്നിരുന്നതായി, ഇതേ കെട്ടിടത്തില്‍ മറ്റു നിലകളില്‍ താമസിക്കുന്ന രണ്ടുപേര്‍ ചൂണ്ടിക്കാട്ടി. ടൈം ബോംബ് ആയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.
മിസൈല്‍ ആക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന് സംഭവത്തിനു പിന്നാലെ മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യ തെഹ്റാനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ദൃക്സാക്ഷികളുടെ മൊഴികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ഇറാന് വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസും മിസൈല്‍ ആക്രമണമാണെന്നാണ് പറയുന്നത്.
പിന്നില്‍ ഇന്ത്യന്‍ മൊസാദ് ഏജന്റ്?
ഹനിയയയുടെ മരണത്തിനുപിന്നില്‍ അതിവിചിത്രമായ ചില ഗുഢാലോചനാ സിദ്ധാന്തങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനം, അമിത് നാകേഷ് എന്ന ഇന്ത്യന്‍ മൊസാദ് ഏജന്റാണ് ഹനിയയെ കൊന്നത് എന്നാണ്. ഒരു ടര്‍ക്കിഷ് മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ സീക്രട്ട് ഇന്റലിജന്‍സ് യൂണിറ്റില്‍ ജോലിചെയ്ത് പരിചയമുള്ള മുന്‍ ഐഡിഎഫ് ഓഫീസറാണ്, അമിത് നാകേഷ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹീബ്രുവില്‍ 'ഹമിത് നാകേഷ്' എന്ന വാക്കിനര്‍ത്ഥം, കൊലയാളി എന്നാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ടെഹ്റാന്റെ വടക്കന്‍ മേഖലയിലെ ഒരു മലയോരത്ത് സ്ഥിതി ചെയ്യുന്ന ഗസ്റ്റ് ഹൗസിലാണ് അംഗരക്ഷകനൊപ്പം ഇസ്മായില്‍ ഹനിയ താമസിച്ചിരുന്നത്. പഹ്ലവി രാജാക്കന്മാര് നിര്‍മിച്ച സദാബാദ് കൊട്ടാരത്തിനു തൊട്ടരികെയാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ഗസ്റ്റ് ഹൗസില്‍ ഹനിയയ്ക്കു പുറമെ പ്രത്യേക ക്ഷണിതാക്കളായി എത്തിയ വേറെയും ഫലസ്തീന് അതിഥികളുണ്ടായിരുന്നുവെന്ന് ഇറാന് വൃത്തങ്ങളെ ഉദ്ധരിച്ച് മിഡിലീസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. അസര്ബൈജാന് അതിര്‍ത്തിയോട് ചേര്‍ന്നുള്ള അല്‍ബോര്‍സ് പര്‍വതനിരയുടെ താഴ്വാരത്താണ് ഗസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഈ കോമ്പൗണ്ടിന്റെ തൊട്ടടുത്തൊന്നും മറ്റ് വീടുകളോ താമസകേന്ദ്രങ്ങളോ ഇല്ലെന്നാണ് ഗൂഗിള്‍ എര്‍ത്തിലെ ത്രീഡി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നെ എവിടെ നിന്നാണ് ഹനിയയെ ലക്ഷ്യമിട്ട് കൊച്ചു മിസൈല്‍ എത്തിയെന്നതും ആര്‍ക്കും പിടിയില്ല.
പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്റാനിലെത്തിയ ഹനിനയായണ് സ്ഫോടനത്തില്‍ മരിച്ചത്. തങ്ങളുടെ അതിഥിയുടെ കൊലപാതകത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാന് മുന്നറിയിപ്പ് നല്കി. ഹനിയയെ വധിക്കാന്‍ ഇസ്രായേലിന് യു.എസ് പിന്തുണ നല്‍കിയെന്നും ഇറാന് റെവല്യൂഷണറി ഗാര്‍ഡ്സ് ആരോപിക്കുന്നു. ഇസ്രായേലി ചാരസംഘടനയുടെ ഏജന്റുമാരെന്ന് കരുതുന്നവര്‍ക്കായി വിമാനത്താവളങ്ങളിലടക്കം കടുത്ത നിരീക്ഷണമാണ് ഇറാന് നടത്തുന്നത്. എന്നിട്ടും ഈ രീതിയില്‍ സംഭവിച്ചത് രാജ്യത്തിന് വലിയ നാണക്കേടാവുകയാണ്.
'ഇത് ഇറാനെ സംബന്ധിച്ചിടത്തോളം അപമാനവും വലിയ സുരക്ഷാ വീഴ്ചയുമാണ്,' ഐആര്‍ജിസി ഉദ്യോഗസ്ഥന് ദി ടെലിഗ്രാഫിനോട് പറഞ്ഞു. മേഖലയെ ഒരു യുദ്ധത്തിലേക്കു കൊണ്ടുപോകാന്‍ ഹമാസും ഇറാനും ലക്ഷ്യമിടുന്നില്ലെങ്കിലും ഹനിയയുടെ കൊലയ്ക്കു പകരംവീട്ടുമെന്നും മത നേതാവും ഇറാന്റെ പരമോന്നത നേതാവുമായ ആയത്തുള്ള ഖാമനേയി പറഞ്ഞിട്ടുണ്ട്.