- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലീം-യാദവ വോട്ടര്‍മാരെ മാത്രം ആശ്രയിച്ച മഹാസഖ്യത്തിന്റെ തോല്‍വിയില്‍ അദ്ഭുതമില്ല; എന്‍ഡിഎക്ക് സ്വന്തം വോട്ടുബാങ്കിനൊപ്പം പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് 22 ശതമാനം വരെ പിന്തുണ കിട്ടി; 10000 രൂപ ചെറിയ തുകയല്ലാത്ത ബിഹാറില്‍ സ്ത്രീ വോട്ടര്‍മാര്‍ കൂട്ടത്തോടെ എന്‍ഡിഎയ്ക്ക് വോട്ടു ചെയ്തതിലും ആശ്ചര്യമില്ല; ബിജെപി-ജെഡിയു സഖ്യത്തിന്റെ വിജയ കാരണങ്ങള്‍ നിരത്തി യോഗേന്ദ്ര യാദവ്
ബിജെപി-ജെഡിയു സഖ്യത്തിന്റെ വിജയ കാരണങ്ങള്‍ നിരത്തി യോഗേന്ദ്ര യാദവ്
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശയുണ്ടെങ്കിലും തന്നെ അദഭുതപ്പെടുത്തുന്നില്ലെന്ന് തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും ഭാരത് ജോഡോ അഭിയാന്‍ ദേശീയ കണ്‍വീനറുമായ യോഗേന്ദ്ര യാദവ്. 'ദി വയറി'ന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 200-ല്‍ അധികം സീറ്റുകളുമായി എന്‍ഡിഎ വിജയം ഉറപ്പിച്ചുകഴിഞ്ഞു.
എന്‍ഡിഎയുടെ വിജയത്തിനു പിന്നില്‍ മൂന്നു പ്രധാന കാരണങ്ങളുണ്ടെന്ന് യാദവ് ചൂണ്ടിക്കാട്ടുന്നു. ഒന്നാമതായി, ബിഹാറിലെ ഇന്ത്യാ സഖ്യത്തെക്കാള്‍ വലുതും ശക്തവുമായ സഖ്യമാണ് എന്‍ഡിഎ. ലോക് ജനശക്തി പാര്‍ട്ടിയുടെ (എല്‍ജെപി) ചിരാഗ് പാസ്വാന്റെ പിന്തുണ കൂടിയായതോടെ എന്‍ഡിഎയെ മറികടക്കാന്‍ ഇന്ത്യാ സഖ്യത്തിന് സാധിച്ചില്ല.
രണ്ടാമതായി, എന്‍ഡിയുടെ വിശാലമായ അടിത്തറയാണ് അനുകൂലമാകുന്നത്. സാമൂഹിക-ജാതി സമവാക്യങ്ങളില്‍ എന്‍ഡിഎക്ക് വലിയ വിഭാഗങ്ങളില്‍ നിന്ന് വോട്ട് നേടാന്‍ കഴിഞ്ഞു. മുസ്ലിം, യാദവ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകളാണ് ഇന്ത്യാ സഖ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും, എന്‍ഡിഎക്ക് സ്വന്തം വോട്ടുബാങ്കിനൊപ്പം പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന് 22 ശതമാനം വരെ പിന്തുണ നേടാനായി. മഹാസഖ്യം പ്രധാനമായും മുസ്ലീം-യാദവ വോട്ടര്‍മാരെ മാത്രം ആശ്രയിച്ചാണ് മുന്നോട്ട് പോയത്.
മൂന്നാമത്തെ പ്രധാന കാരണം ബിഹാറിലെ സ്ത്രീ വോട്ടര്‍മാരുടെ നിലപാടാണ്. സ്ത്രീ വോട്ടര്‍മാര്‍ ചിലപ്പോള്‍ കുടുംബപരമോ ജാതി അടിസ്ഥാനത്തിലുള്ളതോ ആയ സഖ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വോട്ട് ചെയ്യുന്നു. അവര്‍ എന്‍ഡിഎയിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
'മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന' പ്രകാരം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം നല്‍കുന്ന തൊഴില്‍ യോജന പദ്ധതി എന്‍ഡിഎക്ക് വന്‍തോതില്‍ വോട്ട് നേടാന്‍ സഹായിച്ചതായി യാദവ് വ്യക്തമാക്കുന്നു. ബിഹാറിനെ സംബന്ധിച്ചിടത്തോളം 10,000 രൂപ എന്നത് ചെറിയ തുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്ക്
എസ് ഐ ആറിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിതെന്ന വസ്തുത ഫലത്തില്‍ പങ്കുവഹിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ (EC) പങ്ക് അവഗണിക്കാനാവില്ലെന്ന് യാദവ് പറഞ്ഞു. എന്നാല്‍, ഈ ഫലത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഇസിക്ക് നല്‍കുന്നത് രാഷ്ട്രീയപരമായ തെറ്റായിരിക്കും. മുസ്ലീം-യാദവ സഖ്യത്തിനപ്പുറത്തേക്ക് തങ്ങളുടെ സാമൂഹിക അടിത്തറ വ്യാപിപ്പിക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് പ്രതിപക്ഷം വിലയിരുത്തണം.
ജെഡിയുവിന്റെ ഭാവി
ബിജെപിയോടും എന്‍ഡിഎയോടുമുള്ള ജെഡിയുവിന്റെ തുടര്‍ച്ചയായ അടുപ്പം അതിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും യാദവ് മുന്നറിയിപ്പ് നല്‍കി. 78 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്ന ജെഡിയുവിന്റെ മികച്ച പ്രകടനം കാരണം നിതീഷ് കുമാറിന്റെ പാര്‍ട്ടി ഒറ്റരാത്രികൊണ്ട് ഇല്ലാതാവില്ല. എങ്കിലും, ജെഡിയുവിന്റെ അടിത്തറ തോണ്ടുന്ന തകര്‍ച്ച ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ബിജെപി നിതീഷിനെ വീണ്ടും മുഖ്യമന്ത്രിയാക്കാന്‍ നിര്‍ബന്ധിതരായാല്‍ പോലും, ശക്തനായ ഒരു ബിജെപി ഉപമുഖ്യമന്ത്രിയെ നിയമിക്കാനും ജെഡിയു നേതാക്കളെ ക്രമേണ ബിജെപിയിലേക്ക് ലയിപ്പിക്കാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.




