പമ്പ: ആഗോള അയ്യപ്പ സംഗമത്തിന് ആശംസകള്‍ നേര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥ് അയ്യപ്പ സംഗമത്തിന് ആശംസകളറിയിച്ചിട്ടുണ്ട്. മന്ത്രി വി.എന്‍.വാസവന്‍ യോഗിയെ സംഗമത്തിന് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായുള്ള കത്തിലാണ് യോഗി ആദിത്യനാഥ് ആശംസകളറിയിച്ചത്.

'ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാനുള്ള ക്ഷണത്തിന് നന്ദി. പുരാതന ഇന്ത്യന്‍ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. അഗോള അയ്യപ്പ സംഗമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഈ സമ്മേളനം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' യോഗി ആദിത്യനാഥ് കത്തില്‍ കുറിച്ചു.

ധര്‍മ്മത്തിന്റെ ദിവ്യരക്ഷകനാണ് അയ്യപ്പന്‍. അദ്ദേഹത്തെ ആരാധിക്കുന്നത് ധര്‍മ്മത്തിന്റെ പാതയെ പ്രകാശിപ്പിക്കുകയും സാത്വിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും ഭക്തരെ പ്രചോദിപ്പിക്കുന്നുവെന്നും യോഗി ആദിത്യനാഥ് സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികള്‍ മാത്രമാണുള്ളത്. മറ്റ് സംസ്ഥാന മന്ത്രിമാരൊന്നും എത്തില്ല. കര്‍ണാടക, ഡല്‍ഹി, തെലങ്കാന ആന്ധ്ര സര്‍ക്കാറുകളെയാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായി ക്ഷണിച്ചത്. ഇവരൊന്നും ക്ഷണം സ്വീകരിച്ചില്ല.

ശബരിമലയുടെ വികസനം ലക്ഷ്യമിട്ടെന്ന് അവകാശപ്പെട്ട് ദേവസ്വംബോര്‍ഡ് സംഘടിപ്പിക്കുന്ന സംഗമത്തിലാണ് ഭക്തര്‍ ഏറെയെത്തുന്ന മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാന പ്രതിനിധികളില്ലാത്തത്. സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തില്ലെങ്കിലും ഇവിടെനിന്നെല്ലാം ഭക്തരുണ്ടാകുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ബോര്‍ഡിന് രാഷ്ട്രീയമില്ല. വികസനം മാത്രം ലക്ഷ്യമിട്ടാണ് സംഗമം. അതിനാലാണ് രാഷ്ട്രീയം പരിഗണിക്കാതെ എല്ലാവരെയും ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രി മഹേഷ് മോഹനരര് നിലവിളക്കില്‍ തിരിതെളിയിച്ചതോടൊണ് സംഗമത്തിന് തുടക്കമായത്. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ വാഹനത്തിലാണ് എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിലായിരുന്നു ഇരുവരും വേദിയിലേക്ക് എത്തിയത്. 3500 പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പാസ് മുഖേനയാണ് പ്രവേശനം.

ശബരിമല വികസന മാസ്റ്റര്‍ പ്ലാന്‍, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തീര്‍ഥാടന തിരക്ക് നിയന്ത്രണം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും നടക്കും. മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറും ആധ്യാത്മിക ടൂറിസം ചര്‍ച്ച പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരും തിരക്ക് നിയന്ത്രണത്തെക്കുറിച്ചുള്ള ചര്‍ച്ച റിട്ട. ഡിജിപി ജേക്കബ് പുന്നൂസും നയിക്കും.