- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേലക്കരയില്‍ ആരുടെ ചേല്? വീണ്ടും ചുവക്കുമോ അതോ കാല്‍നൂറ്റാണ്ടിന്റെ ഇടതുകോട്ട രമ്യാ ഹരിദാസിലുടെ യുഡിഎഫ് തകര്‍ക്കുമോ? ഭരണവിരുദ്ധ വികാരം ശക്തമോ? ബിജെപി വോട്ടുയര്‍ത്തുമോ? പി വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥി ക്ലച്ച് പിടിക്കുമോ? മറുനാടന്‍ സര്‍വേ ഫലം അറിയാം
മറുനാടന്‍ സര്‍വേ ഫലം അറിയാം
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരമായി മാറിയിക്കയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ ചെങ്കോട്ടായി അറിയപ്പെടുന്ന ചേലക്കരയില്‍ ഒരു അട്ടിമറിയുണ്ടായാല്‍ അത് വരുകാല രാഷ്ട്രീയത്തിന്റെ ലിറ്റ്മസ് ടെസ്റ്റു കൂടി ആയിരിക്കും. സിറ്റിങ് എംഎല്‍എയും മന്ത്രിയുമായിരുന്ന, സിപിഎം നേതാവ് കെ രാധാകൃഷ്ണന്‍, ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് മത്സരിച്ചു വിജയിച്ച് എം പിയായതിനെ തുടര്‍ന്നാണ്, ചേലക്കര മണ്ഡലത്തില്‍ ഉപ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ അവസരത്തിലാണ്, ചേലക്കരയുടെ ജനഹിതം അറിയാന്‍ അഭിപ്രായ സര്‍വേയുമായി മറുനാടന്‍ മലയാളി എത്തുന്നത്.
യങ്ങ് ഇന്ത്യ കോഴിക്കോട് പി ആര്‍ എജന്‍സിയുമായി സഹകരിച്ച് ഈ മാസം 7,8,9 തീയതികളിലായി നടത്തിയ റാന്‍ഡം ഫീല്‍സ് സര്‍വേയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവിടുന്നത്. വിദേശ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന രീതിയായ, ഡബിള്‍ ബ്ലൈന്‍ഡ് റാന്‍ഡം സ്റ്റാറ്റിസ്റ്റിക്കല്‍ മെത്തേഡു തന്നെയാണ് മറുനാടന്‍ ടീമും അവലംബിക്കുന്നത്.
ബസ് സ്റ്റാന്‍ഡുകളിലും, റെയില്‍വേ സ്റ്റേഷനിലും, ചന്തകളിലും, പാര്‍ക്കുകളിലും, ബീച്ചിലും, നഗരചത്വരങ്ങളിലും, ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തില്‍ പെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സര്‍വേ പൂര്‍ത്തീകരിച്ചത്. ഓണ്‍ലൈന്‍ -ഓഫ് ലൈന്‍ സര്‍വേകളുടെ ഭാഗമായി ഒരു നിയമസഭാ മണ്ഡലത്തിലെ രണ്ടായിരം വോട്ടര്‍മാരിലേക്ക് മറുനാടന്‍ ജനഹിതം ആരാഞ്ഞിട്ടുണ്ട്.
മലയാളത്തിലെ മറ്റൊരു മാധ്യമത്തിനുമില്ലാത്ത കൃത്യതയാണ് മറുനാടന്‍ സര്‍വേയെ വേറിട്ട് നിര്‍ത്തുന്നത്. കഴിഞ്ഞ എട്ടു തിരഞ്ഞെടുപ്പിലും മറുനാടന്റെ പ്രവചനം ഏറെക്കുറെ കൃത്യമായിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയവും, 2021-ലെ തുടര്‍ ഭരണവും മറുനാടന്‍ സര്‍വേയിലൂടെ കൃതമായി പ്രവചിച്ചതാണ്. അതുപോലെ 2019-ലെയും 2024-ലെയും ലോക്‌സഭാ ഇലക്ഷനിലെ യുഡിഎഫിന്റെ കുതിപ്പും, മറുനാടന്‍ സര്‍വേകളില്‍ വ്യക്തമായി പ്രതിഫലിച്ചിരുന്നു. പാല, തൃക്കാക്കര അടക്കമുള്ള നിരവധി ഉപതിരഞ്ഞെടുപ്പിലും മറുനാടന്‍ സര്‍വേ ഫലം കൃത്യമായിരുന്നു. ഇതേതുടര്‍ന്നാണ്, ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ മറുനാടന്‍ മലയാളി അഭിപ്രായ സര്‍വേയുമായി എത്തുന്നത്.
ഫോട്ടോ ഫിനീഷ്; രമ്യ മുന്നില്‍
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കെ.രാധാകൃഷ്ണന്‍ 39,400 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലം. 91-നുശേഷം നടന്ന ആറു തിരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ച മണ്ഡലം. അങ്ങനെ സിപിഎമ്മിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന, തൃശൂര്‍ ജില്ലയിലെ ചേലക്കരയില്‍ ഇത്തരവണ ഫോട്ടോ ഫിനീഷിന് സമാനമായ കടുത്ത മത്സരമാണ്. മറുനാടന്‍ സര്‍വേയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനാണ്, രണ്ട് ശതമാനം വോട്ടിന്റെ നേരിയ മൂന്‍തൂക്കമുള്ളത്.
ചേലക്കര- സര്‍വേ ഫലം ഒറ്റനോട്ടത്തില്‍
രമ്യാ ഹരിദാസ്- യുഡിഎഫ്- 37
യു ആര്‍ പ്രദീപ്- എല്‍ഡിഎഫ്- 35
കെ ബാലകൃഷണന്‍- എന്‍ഡിഎ- 16
മറ്റുള്ളവര്‍- 3
നോട്ട-9
രണ്ട് ശതമാനം വോട്ടിലെ ലീഡ് എന്നത് ഏത് സമയത്തും മാറാവുന്ന ഒന്നാണ്. ഒന്നരലക്ഷത്തിലേറെ വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്ന ഒരു മണ്ഡലത്തില്‍ വെറും, 1,500 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത് സൂചിപ്പിക്കുന്നത്. ചേലക്കരയെന്ന ചെങ്കോട്ട നിലനിര്‍ത്താന്‍ സിപിഎം ഏറെ അധ്വാനിക്കേണ്ടി വരും എന്നാണ് മറുനാടന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ കോണ്‍ഗ്രസ് മണ്ഡലമായിരുന്ന ഇവിടെ, 91-മുതല്‍ കെ രാധാകൃഷ്ണനെ ഇറക്കിയാണ് സിപിഎം പിടിച്ചത്. അതിനുശഷം നടന്ന ആറ് ഇലക്ഷനുകളില്‍ അഞ്ചിലും, രാധാകൃഷ്ണന്‍ തന്നെയാണ് ഇവിടെ ജനപ്രതിധിനിയായത്. 2016-ല്‍ രാധാകൃഷ്ണന്‍ മാറിനിന്നപ്പോള്‍, പകരക്കാരനെത്തിയ സിപിഎമ്മിലെ യു ആര്‍ പ്രദീപ് പതിനായിരത്തില്‍പ്പരം വോട്ടിന് ജയിച്ചിരുന്നു. അതേ പ്രദീപ് ഇപ്പോള്‍ വീണ്ടും കളത്തിലിറങ്ങുകയാണ്. പക്ഷേ യുഡിഎഫിന് ബാലികേറാ മലയുമല്ല ചേലക്കര. 2019-ലെ ലോകസ്ഭാ തിരഞ്ഞെടുപ്പില്‍, ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ ചേലക്കരയില്‍ 23,000 വോട്ടുകളുടെ വന്‍ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് ലഭിച്ചത്. 2024-ല്‍ ചേലക്കരയില്‍ നിന്ന് 5000-ലധികം വോട്ടുകളുടെ ലീഡ് മാത്രമേ എം.പിയായി മത്സരിച്ച രാധാകൃഷ്ണന് ലഭിച്ചിട്ടുള്ളൂ. ആഞ്ഞുപിടിച്ചാല്‍ മണ്ഡലം വലത്തോട്ട് ചായുമെന്നതിന്റെ തെളിവായിരുന്നു ഇത്. അത് സാധൂകരിക്കുന്ന സൂചനകളാണ് മറുനാടന്‍ സര്‍വേയിലും തെളിയുന്നത്.
നോട്ടയുടെ ആധിക്യം സൂചിപ്പിക്കുന്നതെന്ത്?
അതി ശക്തമായ ഭരണവിരുദ്ധ വികാരം മണ്ഡലത്തില്‍ നിലനില്‍ക്കുന്നതായി സര്‍വേയുടെ അനുബന്ധ ചോദ്യങ്ങള്‍ക്ക് വോട്ടര്‍മാര്‍ നല്‍കിയ മറുപടിയില്‍ നിന്ന് വ്യക്തമാണ്. സര്‍വേയുടെ അനുബന്ധ ചോദ്യങ്ങളില്‍ ഭരണവിരുദ്ധ വികാരം ഉണ്ടോ എന്ന ചോദ്യത്തിന് 60 ശതമാനം പേരും ഉണ്ട് എന്നുതന്നെയാണ് വിലയിരുത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ മോശമാണെന്നാണ് കൂടുതല്‍ പേരും വിലയിരുത്തിയത്. അടിക്കടിയുണ്ടാവുന്ന വിവാദങ്ങളും ആരോപണങ്ങളും സര്‍ക്കാറിന്റെ ഇമേജിനെ ബാധിക്കുന്നുവെന്ന വ്യക്തമാണ്.
നോട്ട 9 ശതമാനത്തിലേക്ക് ഉയരുക എന്നുപറയുന്നത് ഒരു അഭിപ്രായ സര്‍വേയിലും സാധാരണ ഉണ്ടാവാറില്ല. പക്ഷേ ഇത് കൃത്യമായ ഒരു ജനവികാരത്തിന്റെ സൂചകമായും കണക്കാക്കാം. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഭരണത്തില്‍ മനം മടുത്ത വലിയൊരു വിഭാഗം സിപിഎം വോട്ടുകള്‍, പോള്‍ ചെയ്യാതെ പോവുകയോ, നോട്ടയിലേക്ക് മാറുകയോ ചെയ്യുമെന്ന് ഊഹിക്കാം. പക്ഷേ ഇത് അതുപോലെ യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കണമെന്നില്ല. ബൂത്തിലെത്തുമ്പോള്‍ ചിലര്‍ മനസ്സുമാറ്റാം. പക്ഷേ ഒരു കാര്യം ഉറപ്പാണ്. മണ്ഡലത്തിലെ ഒരു വിഭാഗം വോട്ടര്‍മാരുടെ മനസ്സില്‍ കടുത്ത അസംതൃപ്തിയുണ്ട്. പോളിങ്് ശതമാനം കുറയാനുള്ള സാധ്യതയും, നോട്ടക്ക്് കിട്ടിയ വോട്ടിന്റെ വര്‍ധന സൂചിപ്പിക്കുന്നുണ്ട്.
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയടക്കമുള്ള ഒട്ടനധി വിവാദങ്ങള്‍ തുടര്‍ച്ചായി ഉണ്ടായത് ഭരണകക്ഷിയെ ബാധിക്കുന്നുണ്ട്. വികസന പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളും മണ്ഡലത്തില്‍ പ്രധാന ചര്‍ച്ചയാണ്. അന്തിമഹാകാളന്‍ കാവ് വേലയുടെ വെടിക്കെട്ട് കഴിഞ്ഞ വര്‍ഷം മുടങ്ങിയത് ബി.ജെ.പി ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തിയിരുന്നെങ്കിലും തൃശ്ശൂര്‍ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട വിഷയത്തിലേക്ക് പിന്നീട് ചര്‍ച്ചകള്‍ മാറിയത്. ഇതൊക്കെ ആത്യന്തികമായി ബാധിച്ചത് ഭരണക്ഷിയായ ഇടതുമുന്നണിയെ തന്നെയാണ്.
അന്‍വര്‍ ചിത്രത്തിലില്ല
1987 മുതല്‍ ഓരോ തിരഞ്ഞെടുപ്പിലും ചേലക്കരയില്‍ ബി.ജെ.പി ഗണ്യമായി വോട്ട് വര്‍ധിപ്പിക്കയാണ് 2011- ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം മാത്രമാണ് പാര്‍ട്ടിയുടെ വോട്ടെങ്കില്‍ 2016-ല്‍ അത് പതിനഞ്ച് ശതമാനമായി ഉയര്‍ന്നു. അന്ന് ബി.ജെ.പിക്കായി മത്സരിച്ച ഷാജുമോന്‍ പി.പി 23,845 വോട്ടുകള്‍ നേടി. ആ തിരഞ്ഞെടുപ്പില്‍ യു.ആര്‍ പ്രദീപ് വിജയിച്ചത് 10,200 വോട്ടുകള്‍ക്കാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2021-ല്‍ ബി.ജെ.പിയിലെ ഷാജുമോന്‍ വട്ടേക്കാട് 24,045 വോട്ടുകളും നേടി. ഇത്തവണ തിരുവില്വാമല പഞ്ചായത്തംഗവും മുന്‍ വൈസ് പ്രസിഡന്റുമായ കെ.ബാലകൃഷ്ണനെയാണ് ബി.ജെ.പി കളത്തിലിറക്കിയിരിക്കുന്നത്. മറുനാടന്‍ സര്‍വേ പ്രകാരം കഴിഞ്ഞ തവണത്തെ വോട്ടുകള്‍ ബിജെപി നിലനിര്‍ത്താനാണ് സാധ്യത കാണുന്നത്. ഒരു ഉപതിരഞ്ഞെടുപ്പില്‍, രണ്ടുമുന്നണികള്‍ക്ക് ഇടയില്‍നില്‍ക്കുന്ന കക്ഷിക്ക് 16 ശതമാനം വോട്ടുകള്‍ കിട്ടുക എന്നത്, മോശം കാര്യമല്ല.
തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ജയം ബി.ജെ.പി ക്യാമ്പിന് വന്‍ ആത്മവിശ്വാസമാണ് നല്‍കുന്നത്. ജില്ലയിലെ നിയമസഭാ മണ്ഡലമെന്ന നിലയില്‍ ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ പാര്‍ട്ടി വലിയ രീതിയില്‍ ഉറ്റുനോക്കുന്നുണ്ട്. ജില്ലയില്‍ ബി.ജെ.പിക്ക് ശക്തമായ സംഘടനാസംവിധാനമുള്ള മേഖല കൂടിയാണ് ചേലക്കര. മണ്ഡലത്തിലെ പിന്നാക്കാവസ്ഥയും കുടിവെള്ള പ്രശ്‌നങ്ങളും ഊന്നിക്കൊണ്ടാണ് ബി.ജെ.പിയുടെ പ്രചാരണം.
പി വി അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള(ഡി.എം.കെ) പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി, മുന്‍ ഐഐസിസി അംഗം എന്‍ കെ സുധീറും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. പക്ഷേ മറുനാടന്‍ സര്‍വേ പ്രകാരം മറ്റുള്ളവര്‍ എന്ന ഓപ്ഷനില്‍ വെറും 3 ശതമാനം വോട്ട് മാത്രമാണ് ഉള്ളത്. അന്‍വറിന്റെ സ്ഥാനാര്‍ത്ഥി എവിടെയും എത്തില്ല എന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.