തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ ആഴവും കാരണങ്ങളും കണ്ടെത്താന്‍ താഴേത്തട്ടില്‍ കര്‍ശന പരിശോധനയ്ക്ക് സി.പി.എം. പ്രാദേശിക സംഘടനാ പ്രശ്‌നങ്ങളാണ് തോല്‍വിക്ക് കാരണമെന്ന് വരുത്താനാണ് ശ്രമം. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിയായോ എന്ന് പരിശോധിക്കുന്നുമില്ല. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തത് മുതല്‍ വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തിച്ചവരുടെ എണ്ണം വരെ പരിശോധിക്കുന്ന എട്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ബൂത്ത് തലത്തില്‍ പാര്‍ട്ടി തേടുന്നത്. എന്നാല്‍ ഭരണവിരുദ്ധ വികാരവും അയ്യപ്പ തരംഗവും പാര്‍ട്ടി പരിശോധിക്കുന്നതുമില്ല. താഴെ തട്ടില്‍ അനിഷ്ടക്കാര്‍ക്കെതിരെ നടപടികളും വന്നേക്കാം.

തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി നല്‍കിയ ചിട്ടയായ നിര്‍ദേശങ്ങള്‍ പ്രാദേശിക തലത്തില്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച പറ്റിയോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് തന്നെ വോട്ടില്ലാത്തവരെ കണ്ടെത്തി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇത്തരത്തില്‍ എത്രപേരെ പുതുതായി ചേര്‍ക്കാന്‍ കഴിഞ്ഞെന്നും അവര്‍ കൃത്യമായി വോട്ട് രേഖപ്പെടുത്തിയോ എന്നും പാര്‍ട്ടി കണക്കെടുക്കും. വാര്‍ഡ്-ബൂത്ത് തലങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ശില്പശാലകള്‍ എത്രത്തോളം ഫലപ്രദമായി എന്നതും പരിശോധനയുടെ പരിധിയില്‍ വരും. എന്നാല്‍ സംഘടനാ വീഴ്ചയ്ക്ക് അപ്പുറം ഭരണത്തിലെ അതൃപ്തിയാണ് പ്രതിഫലിച്ചതെന്ന് പ്രാദേശിക നേതൃത്വം വിലയിരുത്തുന്നുണ്ട്.

തിരിച്ചടിയെ കേവലം രാഷ്ട്രീയ പരാജയമായി കാണാതെ സംഘടനാപരമായ വീഴ്ചയായി കണ്ട് തിരുത്താനാണ് സി.പി.എം സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. ഇത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിരല്‍ ചൂണ്ടാതിരിക്കാനുള്ള തന്ത്രമാണ്. ഓരോ ജില്ലയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. പലയിടങ്ങളിലും ശില്പശാലകള്‍ നടക്കാത്തത് ഏരിയ കമ്മിറ്റികളുടെ വീഴ്ചയായി കണക്കാക്കാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനാണ് പാര്‍ട്ടി നീക്കം. നിര്‍ദ്ദേശം ലംഘിച്ച് മത്സരരംഗത്തിറങ്ങുകയും പരാജയപ്പെടുകയും ചെയ്ത പാര്‍ട്ടി ഭാരവാഹികളെ ഉടന്‍ സ്ഥാനങ്ങളിലേക്ക് തിരിച്ചെടുക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് നേതൃത്വം. ബ്രാഞ്ച് സെക്രട്ടറി മുതല്‍ ഏരിയ സെക്രട്ടറി വരെയുള്ളവര്‍ ഇത്തരത്തില്‍ മത്സരിച്ച് തോറ്റത് ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്.

പരിശോധനയുടെ ഭാഗമായി പ്രധാനമായും നാല് കാര്യങ്ങളിലാണ് ബൂത്ത് തലത്തില്‍ വ്യക്തത വരുത്തേണ്ടത്. ആകെ ചേര്‍ക്കാനുണ്ടായിരുന്ന വോട്ടുകള്‍ എത്രയായിരുന്നു, അതില്‍ എത്രയെണ്ണം വിജയകരമായി ചേര്‍ക്കാന്‍ കഴിഞ്ഞു, തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ലഭിക്കുമെന്ന് കരുതിയ വോട്ടുകളുടെ എണ്ണം എത്രയായിരുന്നു, ഉറപ്പിച്ച വോട്ടുകളില്‍ എത്രയെണ്ണം പോളിംഗ് ദിവസം പെട്ടിയിലായില്ല എന്നിവ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കണക്കുകളിലെ പൊരുത്തക്കേടുകള്‍ വഴി എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് വ്യക്തമാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. ഓരോ ഏരിയ കമ്മിറ്റിക്കും കീഴിലുള്ള ബൂത്തുകളിലെ പങ്കാളിത്തവും വീഴ്ചകളും ഇതോടെ പുറത്തുവരും. എന്നാല്‍ ഭരണ പരാജയങ്ങളില്‍ പരിശോധന നടത്താത്ത് നിയമസഭാ തിരഞ്ഞെടുപ്പിനേയും ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്.