ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ടു തോറ്റുവെന്ന് സിപിഎം കേന്ദ്രകമ്മറ്റിക്ക് പിടികിട്ടി. മോദി തരംഗമോ രാഹുല്‍ തരംഗമോ ശബരിമലയോ ഒന്നും ഇത്തവണ കേരളത്തിലുണ്ടായിരുന്നില്ല. ജാതിയും മതവും ഒന്നും ജയപരാജയങ്ങള്‍ക്ക് കാരണമായതുമില്ല. സിപിഎമ്മിന് തിരിച്ചടിയായത് പാര്‍ട്ടിയുടെ അഹങ്കാരമാണെന്നാണ് കേന്ദ്ര കമ്മറ്റി പറയുന്നത്. കണ്ണൂരിലെ 'രക്ഷാപ്രവര്‍ത്തനം' മുതല്‍ അഴിമതി കേസുകളിലെ മൗനം വരെ അതിന് കാരണമായി. ഈ അഹങ്കാരത്തില്‍ കേന്ദ്ര നിരീക്ഷണമെത്തിയിട്ടും 'രക്ഷാപ്രവര്‍ത്തനം' തുടരുകയാണ് എസ് എഫ് ഐ. ഇതില്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ അമര്‍ഷത്തിലുമാണ്.

മുകള്‍ത്തട്ടു മുതല്‍ താഴെവരെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള അഹങ്കാരം കേരളത്തില്‍ സിപിഎമ്മിനെ ജനങ്ങളില്‍നിന്ന് അകറ്റുകയാണെന്നു പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. തെറ്റായ പ്രവണതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രകടനം സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ട് നിര്‍ദേശിച്ചുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് സമാനമായ വസ്തുതകളാണ് കേന്ദ്ര കമ്മറ്റിക്ക് ശേഷം പുറത്തു വന്നത്. കരുവന്നൂരും സിദ്ധാര്‍ത്ഥന്‍ മരണവുമെല്ലാം സിപിഎമ്മിന് തിരിച്ചടിയായി. ഈ മനോഭാവങ്ങള്‍ മാറ്റണമെന്ന സന്ദേശമാണ് സിപിഎം കേന്ദ്ര കമ്മറ്റി നടത്തിയത്. പക്ഷേ തിരുത്തല്‍ ആരും നടത്തുന്നില്ല

കഴിഞ്ഞ ദിവസം വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ 'രക്ഷാപ്രവര്‍ത്തനം' ആവര്‍ത്തിച്ചു. പാര്‍ട്ടി യോഗങ്ങളില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടും നവകേരള ബസിനു മുന്നില്‍ പ്രതിഷേധിച്ചവരെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനം തന്നെയായിരുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആവര്‍ത്തിച്ചു. "ഞാന്‍ കണ്ട കാര്യമാണു പറഞ്ഞത്. അന്നും പറഞ്ഞു. ഇന്നും പറയുന്നു. നാളെയും പറയും" രോഷത്തോടെ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സംഭവിച്ചതിന്റെ വീഡിയോ പുറത്തു വന്നതാണ്. ഇത് എന്തുകൊണ്ട് ഇതുവരെ മുഖ്യമന്ത്രി കണ്ടില്ലെന്ന ചോദ്യം പൊതു സമൂഹത്തെ ഞെട്ടിപ്പിക്കുന്നുണ്ട്.

സഹകരണ സ്ഥാപനങ്ങളിലും പഞ്ചായത്തുകളിലും വര്‍ധിച്ചുവരുന്ന അഴിമതി തടയാന്‍ കര്‍ശന നടപടി വേണമെന്നു കരുവന്നൂര്‍ സഹകരണബാങ്കിലെ ക്രമക്കേടുള്‍പ്പെടെ സൂചിപ്പിച്ച് കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂരില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുകയാണെന്ന് സംസ്ഥാന നേതൃത്വം നിലപാടെടുക്കുമ്പോഴാണ്, സഹകരണ സ്ഥാപനങ്ങളില്‍ അഴിമതി വര്‍ധിക്കുന്നുവെന്ന കേന്ദ്ര നേതൃത്വത്തിന്റെ വിമര്‍ശനം. ഏതായാലും ഈ കേസിലെ ഇഡി അന്വേഷണം പുതിയ തലത്തിലേക്ക് എത്തുകയാണ്. കൂടുതല്‍ നേതാക്കള്‍ അറസ്റ്റിലാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

തിരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടി നടത്തിയ വിലയിരുത്തലും യഥാര്‍ഥ ഫലവും തമ്മില്‍ വലിയ അന്തരമുണ്ടായി. ജനങ്ങളുടെ രാഷ്ട്രീയ താല്‍പര്യം കൃത്യമായി അളക്കാന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്കു സാധിക്കുന്നില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്നു കേന്ദ്ര കമ്മിറ്റി വിലയിരുത്തി. എന്നാല്‍ തിരുത്തലിന് തയ്യാറല്ലെന്ന സൂചനയാണ് ഇപ്പോഴും സിപിഎമ്മിലെ ഒരു വിഭാഗം നല്‍കുന്നത്. എസ് എഫ് ഐയുടെ അക്രമങ്ങള്‍ വീണ്ടും കൂടുന്നു. ഇതെല്ലാം പൊതു സമൂഹത്തില്‍ സിപിഎമ്മിന് ഇനിയും തലവേദനയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര നേതൃത്വം സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്.

കേരളത്തിലെ സിപിഎം വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് കേന്ദ്ര കമ്മറ്റിക്ക് അറിയാം. ഭരണം നഷ്ടമായാല്‍ ബംഗാളിലേയും ത്രിപുരയിലേയും അവസ്ഥ വരുമെന്നും തിരിച്ചറിയുന്നു. എന്നാല്‍ തിരുത്തലിന് പിണറായിയും കൂട്ടരും എന്തെങ്കിലും ചെയ്യുമോ എന്നതില്‍ കേന്ദ്ര കമ്മറ്റിക്ക് ഒരുറപ്പുമില്ല.