- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരൂരിനൊപ്പം ഇരുന്ന സംഘടനാ ജനറല്‍ സെക്രട്ടറി; നയം പറഞ്ഞതും ഹൈക്കമാണ്ടിലെ പ്രധാനി; കെപിസിസി കോണ്‍ക്ലേവില്‍ അജണ്ട നിശ്ചയിച്ച് കെസിയുടെ കരുത്ത്; വയനാട് കോണ്‍ക്ലേവില്‍ നിറയുന്നത് കോണ്‍ഗ്രസില്‍ അച്ചടക്കം അനിവാര്യതയെന്ന സന്ദേശം
വയനാട്: കെപിസിസി ദ്വിദിന ലക്ഷ്യ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ കളം നിറഞ്ഞത് കെസി വേണുഗോപാല്‍ എംപി. തന്നെ. ദേശീയതലത്തിലെ ജയ പരാജയങ്ങളില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടുള്ള കരുത്തുമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയ നയതന്ത്ര രൂപീകരണത്തില്‍ നിര്‍ണ്ണായക ഇടപെടലാണ് കെസി ദ്വിദിന ക്യാമ്പില്‍ നടത്തിയത്. ക്യാമ്പിന്റെ ദിശയും അജണ്ടയും നിര്‍ണ്ണയിച്ചത് കെസിയുടെ ഉദ്ഘാടനം പ്രസംഗമാണ്. നൂറ്റ് സീറ്റെന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുദിവസത്തെ ക്യാമ്പിലെ ചര്‍ച്ചകള്‍ പുരോഗമിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിലെ ഒന്നാമന്‍ കെസിയാണെന്ന് പറയുന്നത് കൂടിയാണ് വയനാട്ടിലെ ലക്ഷ്യ കോണ്‍ക്ലേവ്. ശശി തരൂരിനൊപ്പം മുന്‍നിരയിലാണ് കെസിയും ഇരുന്നത്. ഇതും ചില ഒരുമയുടെ സന്ദേശം നല്‍കലായി.
കേരളത്തില്‍ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി ദേശീയതലത്തിലെ മുഴുവന്‍ തിരക്കുകളും മാറ്റിവെച്ച് അദ്ദേഹം രണ്ടു ദിവസത്തെ ക്യാമ്പില്‍ മുഴുവന്‍ സമയവും ചെലവൊഴിച്ചു. കൂടാതെ ദക്ഷിണ,മധ്യ,ഉത്തരമേഖലകള്‍ തിരിച്ച് നടന്ന സംഘടനാ ചര്‍ച്ചകളിലും അദ്ദേഹം പങ്കാളിയായി വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട കര്‍മ്മ പരിപാടികള്‍, ജയസാധ്യത കുറഞ്ഞ സീറ്റുകള്‍ എങ്ങെനെ പിടിക്കാം, ജനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ഇടപെടലുകള്‍ എന്നിവ സംബന്ധിച്ച നയതന്ത്രം അദ്ദേഹം വിശദീകരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പായി സപ്തയില്‍ ചേര്‍ന്ന ലീഡര്‍ഷിപ്പ് ക്യാമ്പിലും അദ്ദേഹം മുന്നോട്ട് വെച്ച, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വാര്‍ഡ് തലത്തില്‍ വേണമെന്നതും മുകളില്‍ നിന്നുള്ള ഇടപെടല്‍ അതിലുണ്ടാകരുതെന്ന ഉള്‍പ്പെടെയുള്ള കെസിയുടെ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി അക്ഷരംപ്രതി നടപ്പാക്കിയതാണ് യുഡിഎഫ് മുന്നേറ്റത്തിന് കരുത്ത് പകര്‍ന്നത്.
കൂടാതെ സമ്മിറ്റിനിടെ നടന്ന രാഷ്ട്രീയകാര്യ സമിതി, കോര്‍കമ്മറ്റി തുടങ്ങിയ നിര്‍ണ്ണായതക യോഗങ്ങളിലും കെസി പങ്കെടുത്തു. സംഘടനയുടെയും മുന്നണിയുടേയും കെട്ടുറപ്പ്, ഐക്യം എന്നിവ സംബന്ധിച്ചും സീറ്റുവിഭജന ചര്‍ച്ചകളില്‍ സ്വീകരിക്കേണ്ട നിലപാടും എന്നിവ സംബന്ധിച്ചും നേതാക്കളുമായി കെസി വേണുഗോപാല്‍ ചര്‍ച്ച നടത്തി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആലസ്യം ഉപേക്ഷിച്ച് നൂറ് സീറ്റെന്ന ദൗത്യമാണ് ഇത്തവണ പാര്‍ട്ടി സംസ്ഥാന ഘടകത്തിന് മുന്നിലേക്ക് വെച്ച ടാര്‍ഗറ്റ്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന കൃത്യമായ സന്ദേശം നേതാക്കള്‍ക്ക് കെസി നല്‍കി. വിജയസാധ്യതയാണ് പ്രധാന മാനദണ്ഡം എന്ന് വ്യക്തമാക്കിയ വേണുഗോപാല്‍ ചെറുപ്പക്കാര്‍, വനിതകള്‍, മുതിര്‍ന്നവര്‍ എന്നിവരെ അത്തരത്തില്‍ കണ്ടെത്തുമെന്നും വ്യക്തമാക്കി. സാമുദായിക സന്തുലിതാവസ്ഥയും സൗഹാര്‍ദ്ദവും നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം സംസ്ഥാന നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു.
പരസ്പരം പടവെട്ടാതെയും ചെളിവാരിയെറിയാതെയും പൊതസമൂഹത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കെസി പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളും തമ്മിത്തല്ലുമാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനുള്ള ആയുധം കൊടുക്കരുതെന്ന മുന്നറിയിപ്പ് നല്‍കുക വഴി അദ്ദേഹത്തിന്റെ രാഷ്ട്രീയ നിരീക്ഷണം നേതാക്കള്‍ക്കുള്ള മുന്നറിയിപ്പുമായി. കൂടാതെ പാര്‍ട്ടിക്കായി പണിയെടുത്ത, കൊടിപിടിച്ച, തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിച്ച, ചുവരെഴുതിയ അണികളെ നിരാശരാക്കുന്ന പ്രവൃത്തികള്‍ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നു ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടി ഒരു തീരുമാനം കൂട്ടായെടുത്താല്‍ അതിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന്റെ പരമ്പരാഗത ശൈലിയ്ക്ക് മാറ്റം വേണമെന്ന കെസി വേണുഗോപാലിന്റെ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ തന്നെ കോണ്‍ഗ്രസിന് അതേറെ ഗുണം ചെയ്യും.
പാര്‍ട്ടിക്കായി പണിയെടുക്കുന്ന പ്രവര്‍ത്തകരെ ചേര്‍ത്ത് നിര്‍ത്തണമെന്നും, അവരാണ് പാര്‍ട്ടിയുടെ വികാരവും മൂലധനവും എന്ന് വ്യക്തമാക്കിയ വേണുഗോപാല്‍ വാര്‍ഡ് തലത്തില്‍ വോട്ട് വര്‍ധിപ്പിക്കുന്ന നേതാക്കള്‍ക്കും പാരിതോഷികവും അംഗീകാരവും നല്‍കുമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസിലെ താഴെത്തട്ടില്‍ പ്രവര്‍ത്തകരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്നതാണ്. വിജയിച്ച വാര്‍ഡ് മെമ്പര്‍, സ്ഥാനാര്‍ത്ഥികള്‍, ബൂത്ത്, മണ്ഡലം,ബ്ലോക്ക് ഭാരവാഹികള്‍ എന്നിവര്‍ അവരവരുടെ വാര്‍ഡുകളില്‍ 100 വോട്ട് അധികം വര്‍ധിപ്പിക്കണമെന്ന ടാര്‍ഗറ്റ് നല്‍കാനാണ് അദ്ദേഹം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനം.




