കോട്ടയം: കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവുനായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി ആവശ്യം അനവസരത്തിലുള്ളതെന്ന വിലയിരുത്തലില്‍ സിപിഎം. നിയമ നിര്‍മ്മാണം സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന് ശേഷം ഇടതു മുന്നണിയിലെ ഘടക കക്ഷി ഇത്തരമൊ ആവശ്യം ഉന്നയിച്ചത് സിപിഎം സംശയത്തിലാണ് കാണുന്നത്. ഇതിനൊപ്പം മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കള്‍ ജോസ് കെ. മാണി എംപിയുമായി കൂടിക്കാഴ്ച കഴിഞ്ഞ ദിവസം നടത്തിയിരുന്നു. മുനമ്പം വിഷയം അടിയന്തരമായി പരിഹരിക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് എംപി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. ഇതിലും സിപിഎമ്മിനെ കുറ്റപ്പെടുത്തുന്ന നിലപാടുകള്‍ പല കോണില്‍ നിന്നുയരുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് എം മുന്നണി മാറുമെന്ന ചര്‍ച്ചകള്‍ യുഡിഎഫ് സജീവമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജോസ് കെ മാണിയുടെ പരസ്യ നിലപാടുകള്‍ ഇടതുപക്ഷത്തെ അതൃപ്തിയിലാക്കുന്നുണ്ട്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ഇടതു മുന്നണിയോട് ചോദിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു കഴിഞ്ഞു. ഈ സമ്മര്‍ദ്ദം സിപിഐ അനുവദിക്കില്ല. കേരളാ കോണ്‍ഗ്രസിന്റെ ഈ ആവശ്യം സിപിഐ എതിര്‍ക്കും. ഇതോടെ സിപിഎം ഈ ആവശ്യത്തില്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. ഇടതു മുന്നണിയിലെ ഘടകകക്ഷികള്‍ സര്‍ക്കാരിനെ പരസ്യമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നടപടികള്‍ പാടില്ലെന്ന് അടുത്ത ഇടതു മുന്നണി യോഗത്തില്‍ സിപിഎം നിലപാട് എടുക്കും.

ജോസ് കെ മാണിയുടെ അടിയന്തര നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യത്തില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ജോസ് കെ മാണി നേരിട്ട് കണ്ടിരുന്നു. അന്ന് മുഖ്യമന്ത്രിയെ പുകഴ്ത്തുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ചികില്‍സാര്‍ത്ഥം അമേരിക്കയില്‍ പോയ സമയത്ത് വന്യജീവി ശല്യം ഉയര്‍ത്തികാട്ടിയുള്ള ആവശ്യം ഉന്നയിക്കലും അത് മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതിലും അസ്വാഭാവികത ചില സിപിഎം നേതാക്കള്‍ കാണുന്നുണ്ട്. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കാനുളള അവകാശം നേടിയെടുക്കാനുള്ള തന്ത്രമാണ് കേരളാ കോണ്‍ഗ്രസ് എം സമ്മര്‍ദ്ദമെന്ന വിലയിരുത്തലും ഇടതു കേന്ദ്രങ്ങളിലുണ്ട്. ഇതിനെ മുന്നണിയിലെ രണ്ടാം പാര്‍ട്ടിയായ സിപിഐ എതിര്‍ക്കുമെന്ന് സിപിഎമ്മിനും അറിയാം. അതുകൊണ്ട് തന്നെ ജോസ് കെ മാണിയുടെ വിഷയത്തില്‍ കരുതലോടെ മാത്രമേ സിപിഎം പ്രതികരിക്കൂ. നിലമ്പൂരില്‍ അടക്കം വന്യജീവി സംഘര്‍ഷം സിപിഎമ്മിന് വലിയ തിരിച്ചടിയായിരുന്നു. മലയോര ജനത സിപിഎമ്മിനെ കൈവിടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇത് വീണ്ടും ചര്‍ച്ചയാക്കുന്നത് സിപിഎം ആഗ്രഹിക്കുന്നില്ല. ഇത് ഇടത് മുന്നണിയിലെ ഘടകക്ഷികള്‍ക്കും അറിയാം. എന്നിട്ടും ജോസ് കെ മാണി വിഷയം പരസ്യ ചര്‍ച്ചയാക്കിയത് ശരിയായില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാട്.

സംസ്ഥാനത്തെ പലയിടങ്ങളിലും മനുഷ്യര്‍ക്ക് സുരക്ഷിതരായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് വന്യജീവി, തെരുവുനായ ആക്രമണങ്ങള്‍ കാരണം നിലനില്‍ക്കുന്നതെന്ന വാദമാണ് ജോസ് കെ മാണി ഉയര്‍ത്തുന്നത്. മനുഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നിയമ ഭേദഗതിയും നിയമനിര്‍മാണവും നടത്തേണ്ടത് അനിവാര്യമാണെന്നാണ് ജോസ് കെ മാണി പറയുന്നത്. തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ഉണ്ടായപ്പോള്‍ അതിനെ മറികടക്കാന്‍ അവിടത്തെ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നു.ആ മാതൃക സ്വീകരിച്ച് വന്യജീവി, തെരുവുനായ ആക്രമണങ്ങള്‍ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയാറാകണം. തെരുവ്-വളര്‍ത്തു നായ്ക്കളെന്ന വേര്‍തിരിവില്ലാതെ ഉടമസ്ഥരില്ലാത്ത മുഴുവന്‍ നായ്ക്കളെയും കൂട്ടിലാക്കണം. പേവിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തിന് ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ തെരുവുനായ്ക്കളെയും പിടികൂടി കൊല്ലണം. തെരുവുനായ്ക്കള്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ ചുറ്റിക്കറങ്ങുന്നവയാണ്. പക്ഷിപ്പനി, പന്നിപ്പനി ബാധിക്കുമ്പോള്‍ ആ പ്രദേശത്തുള്ള മുഴുവന്‍ പക്ഷികളെയും താറാവുകളെയും പന്നികളെയും കൊന്നുകളയുന്നതുപോലെ ഇക്കാര്യത്തില്‍ മാതൃകയാക്കണം. കേരളത്തില്‍ പിടികൂടുന്ന തെരുവ് നായ്ക്കളെ ഉള്‍ക്കാട്ടില്‍ വിട്ടാല്‍ വന്യമൃഗങ്ങളുടെ ആഹാര ക്ഷാമത്തിന് പരിഹാരമുണ്ടാക്കാനും കഴിയുമെന്നാണ് ജോസ് കെ മാണി പറയുന്നത്.

വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ മാത്രം സംരക്ഷണം നല്‍കിയാല്‍ മതിയെന്ന കര്‍ശന നിലപാട് കേരളം കൈക്കൊണ്ടില്ലെങ്കില്‍ ദൂരവ്യാപകമായ ഭവിഷ്യത്തുകളുണ്ടാവും. ജനവാസ മേഖലകളില്‍ മനുഷ്യര്‍ക്ക് സുരക്ഷ നല്‍കാന്‍ വനംവകുപ്പിന് ഒരിക്കലും സാധിക്കില്ല. അവര്‍ക്ക് അതിനുള്ള സംവിധാനങ്ങളുമില്ല. മനുഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ പിടികൂടി തിരികെ കാട്ടില്‍ കൊണ്ടുവിടുന്ന അശാസ്ത്രീയമായ രീതികള്‍ ഉപേക്ഷിക്കണം.ഇതിനായി നിലവിലെ മൃഗസംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തണമെന്നും ജോസ് കെ. മാണി പറഞ്ഞു. ഇതിനൊപ്പമാണ് മുനമ്പത്തെ ജോസ് കെ മാണിയുടെ ഇടപെടല്‍. മുനമ്പത്തെ സര്‍ക്കാര്‍ ഇടപെടലുകളില്‍ കേരളാ കോണ്‍ഗ്രസ് പൂര്‍ണ്ണ തൃപ്തരല്ല. 1902ല്‍ 404 ഏക്കറുണ്ടായിരുന്ന മുനമ്പം തീരം 1948ല്‍ സിദ്ദിഖ് സേട്ടു മുനമ്പത്ത് വരുമ്പോള്‍ കടല്‍ കയറ്റത്തെ തുടര്‍ന്ന് വെറും 114 ഏക്കറായി ചുരുങ്ങിയെന്നും അന്നുണ്ടായിരുന്ന 114 ഏക്കറും 60 ഏക്കര്‍ ചിറയും താമസക്കാരായ 218 കുടുംബങ്ങള്‍ക്ക് ഫറൂഖ് കോളജ് വില വാങ്ങി വില്‍പന നടത്തിയെന്നും ഇപ്പോള്‍ ജുഡീഷല്‍ കമ്മീഷന്‍ വ്യക്തമാക്കിയെന്നും സമരസമിതി നേതാക്കള്‍ ജോസ് കെ. മാണിയെ ധരിപ്പിച്ചു.

മുനമ്പം ഭൂസംരക്ഷണ സമിതി രക്ഷാധികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍, ചെയര്‍മാന്‍ ജോസഫ് റോക്കി പാലക്കല്‍, സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശേരി, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി കെ. തോമസ്, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോയ് മുളവരിക്കല്‍ തുടങ്ങിയവരാണ് എംപിയുമായി കൂടിക്കാഴ്ച നടത്തിയത്.