- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഷ്ടപ്പെടുത്തിയത് നീണ്ട 35 വര്‍ഷങ്ങള്‍; കലിപ്പിളകി ഐ കെ ഗുജ്‌റാള്‍ പറഞ്ഞത് ബ്രിട്ടന് മൂന്നാം ലോക ശക്തിയെന്ന്; ലേബര്‍ സര്‍ക്കാരുകള്‍ അയിത്തം നല്കിയ ഇന്ത്യ ബന്ധം വളര്‍ത്തിയെടുത്ത ക്രെഡിറ്റ് കാമറോണും ബോറിസിനും; പക്ഷെ നേട്ടമെടുക്കാന്‍ അവസരം ലഭിക്കുന്നത് സ്റ്റാര്‍മര്‍ക്കും; മോദി വീണ്ടും വന്നപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത് 14 വട്ടം നടത്തിയ ചര്‍ച്ചകള്‍; അമ്മ മഹാറാണിക്ക് സാധിക്കാതെ പോയത് മകന് രാജാവായപ്പോള്‍ സാധിച്ചേക്കുമോ?
അമ്മ മഹാറാണിക്ക് സാധിക്കാതെ പോയത് മകന് രാജാവായപ്പോള്‍ സാധിച്ചേക്കുമോ?
ലണ്ടന്‍: 1997 ഒക്ടോബര്‍. ഡല്‍ഹിയില്‍ ഏറ്റവും സുഖകരമായ കാലാവസ്ഥ രേഖപ്പെടുത്തിയ സമയം. പരമാവധി താപനില 30 ഡിഗ്രിയും ഏറ്റവും കുറഞ്ഞ താപനില 20 ഡിഗ്രിയുമാണ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സുഖകരമായ കാലാവസ്ഥയിലേക്കാണ് ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഫിലിപ്പ് രാജകുമാരനും വിമാനം ഇറങ്ങുന്നത്. ഇന്ത്യയുടെ സ്വതന്ത്ര സുവര്‍ണ ജൂബിലി ആഘോഷ ഭാഗമായിട്ടാണ് അന്ന് രാജ്ഞിയും സംഘവും ഇന്ത്യയില്‍ എത്തുന്നത്. ഡല്‍ഹിയും മുംബൈയും മദ്രാസും കല്‍ക്കട്ടയും മാത്രമല്ല ആഗ്രയും ജയ്പ്പൂരും വരാണസിയും അമൃത്‌സറും ഒക്കെ സന്ദര്‍ശിച്ചാണ് രാജ്ഞി ഇന്ത്യയില്‍ നിന്നും മടങ്ങുന്നത്. കമലഹാസന്റെ മരുതനായകം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനും കൊച്ചിയില്‍ തയ്യാറാക്കിയ മുരിങ്ങയ്ക്ക തോരനും ഒക്കെ സന്ദര്‍ശന പട്ടികയില്‍ ഇടംപിടിച്ച വിഭവങ്ങളാണ്. ഡല്‍ഹിയിലെ രാം ലീല മൈതാനത്തു വലിയൊരു ജനക്കൂട്ടത്തെയും രാജ്ഞി അഭിസംബോധന ചെയ്തു.
ബ്രിട്ടനെ മുഖം നോക്കാതെ ആക്ഷേപിക്കാന്‍ തയ്യാറായത് ഇന്ത്യന്‍ പ്രധാനമന്ത്രി ഐ കെ ഗുജ്‌റാള്‍, കാരണമുണ്ട്
1990ല്‍ ജോണ്‍ മേജറിന്റെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉള്ള ശ്രമം നടക്കുന്ന കാലവും കൂടി ആയിരുന്നത്. എന്നാല്‍ രാജ്ഞിക്ക് ഒപ്പം സംഘത്തില്‍ ഉണ്ടായിരുന്ന വിദേശ കാര്യ സെക്രട്ടറി റോബിന്‍ കുക്കിന്റെ കാശ്മീര്‍ പ്രസ്താവനകള്‍ ഇന്ത്യയില്‍ വലിയ ബഹളമായി മാറി. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ഐ കെ ഗുജ്‌റാള്‍ ബ്രിട്ടന്‍ ലോക സമ്പദ് ശക്തികളില്‍ അഞ്ചില്‍ ഒന്നാണ് എന്ന കാര്യമൊക്കെ അവഗണിച്ചു ബ്രിട്ടന്‍ എന്ന മൂന്നാം ലോക രാജ്യമായി മാറിക്കൊണ്ടിരിക്കുന്ന നാടിനെ ആര് ഗൗരവത്തില്‍ എടുക്കുന്നു എന്ന മട്ടില്‍ അതി ശക്തമായ ആക്ഷേപമാണ് പകരം നല്‍കിയത്. നീണ്ട കാലം വിദേശകാര്യം കൈകാര്യം ചെയ്തിട്ടുള്ള, ബ്രിട്ടന് എതിരെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കടുത്തിട്ടുള്ള, വിദ്യാര്‍ത്ഥി കാലത്തില്‍ എസ്എഫ്‌ഐയിലും പിന്നീട് കമ്യുണിസ്റ്റ് പാര്‍ട്ടിയിലും ആകൃഷ്ടനായി ബ്രിട്ടീഷ് സാമ്രാജ്യത്തിനു എതിരെ മുദ്രാവാക്യം വിളിച്ചിട്ടുള്ള ഐ കെ ഗുജ്‌റാള്‍ അതേ ആവേശത്തില്‍ തന്നെയാണ് ബ്രിട്ടീഷ് മന്ത്രിയുടെ അസ്ഥാനത്തെ പ്രയോഗത്തിന് അന്ന് ചുട്ട മറുപടി നല്‍കിയത്.
ഒപ്പം ജാലിയന്‍ വാല ബാഗില്‍ നടന്ന കൂട്ടക്കൊലയില്‍ രാജ്ഞി മാപ്പു പറയാന്‍ തയ്യാറാകാതിരുന്നതും അന്നത്തെ കൂട്ടക്കൊലയുടെ കണക്കുകള്‍ ഒക്കെ പെരുപ്പിച്ചു പറഞ്ഞതാണ് എന്ന ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ പ്രസ്താവനയും ഒക്കെ മലിനപ്പെടുത്തിയത് ജോണ്‍ മേജര്‍ ഏഴു വര്‍ഷം കൊണ്ട് മെച്ചപ്പെടുത്തി എടുത്ത ഇന്ത്യ - ബ്രിട്ടീഷ് ബന്ധമാണ്. അനാവശ്യ വിവാദത്തില്‍ ഇന്ത്യ ബ്രിട്ടന് എതിരെ സാമ്രാജ്യത്വ നിലപാടിലേക്ക് നീങ്ങിയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിനു പോലും ബ്രിട്ടീഷ് കൊട്ടാരവുമായി നീരസത്തില്‍ ഏര്‍പ്പെടേണ്ടി വന്നു എന്നതും ചരിത്രം. പിന്നീടുള്ള 13 വര്‍ഷത്തെ ലേബര്‍ ഭരണത്തിലും ബ്രിട്ടന് ഇന്ത്യയുമായുള്ള വിശ്വാസം പരിധി വിട്ടു നേടിയെടുക്കാനായില്ല. ചുരുക്കത്തില്‍ ഇരു രാജ്യങ്ങള്‍ക്കും നഷ്ടമായത് വിലയേറിയ 20 വര്‍ഷമാണ്.
ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകള്‍, നേട്ടം കൊയ്യാന്‍ യോഗം സ്റ്റാര്‍മര്‍ക്ക്
പിന്നീട് ഈ രാഷ്ട്രീയ സാഹചര്യം മാറുന്നത് 2010 ല്‍ വീണ്ടും കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ യുകെയില്‍ അധികാരത്തില്‍ എത്തുമ്പോഴാണ്. അന്ന് പ്രധാനമന്ത്രിയായ ഡേവിഡ് കാമറോണ്‍ ഇന്ത്യന്‍ സന്ദര്ശനത്തില്‍ മുന്‍കാല പിഴവുകള്‍ മനസിലാക്കി അതില്‍ നിലപാട് മാറ്റി ഇന്ത്യയുടെ വിശ്വാസം നേടിയെടുത്തതാണ് മടങ്ങിയത്. ജാലിയന്‍ വാല ബാഗിലും സുവര്‍ണ ക്ഷേത്രത്തിലും ഒക്കെ എത്തിയ അദ്ദേഹത്തിന് പക്ഷെ ഇന്ത്യയില്‍ നിന്നും രണ്ടാം മന്‍മോഹന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ അസ്ഥിരതകളിലും മുന്‍ഗണന പട്ടികയിലും ഇടം പിടിക്കാനായില്ല എന്നത് ഇന്ത്യ - യുകെ ബന്ധങ്ങളില്‍ വീണ്ടും വര്‍ഷങ്ങളുടെ നഷ്ടക്കണക്കുകള്‍ രേഖപെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ 2014 മോഡി ഇന്ത്യയില്‍ ഭരണത്തില്‍ എത്തുകയും തുടര്‍ന്ന് കാമറോണിന് ശേഷം ഇന്ത്യന്‍ ആരാധകന്‍ കൂടിയായ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുകയും ചെയ്ത സമീപ കാല ചരിത്രമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വര്ഷങ്ങളായി ഘനീഭവിച്ചു കിടന്ന മഞ്ഞുരുക്കി യഥാര്‍ത്ഥ സൗഹൃദത്തില്‍ എത്തിക്കാന്‍ സാഹചര്യം സൃഷ്ടിച്ചത്.
നീണ്ട കാലം ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സഹോദരന്‍ ജോ ജോണ്‍സന്റെ ബന്ധങ്ങളും മുന്‍ ഭാര്യമാരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജ ആയതുമൊക്കെ ബോറിസിന് ഇന്ത്യയെ സ്‌നേഹിക്കാന്‍ വ്യക്തിപരമായ കാരണങ്ങള്‍ കൂടി ആയിരുന്നു. ബ്രക്‌സിറ്റ് സംഭവിക്കുമ്പോള്‍ യൂറോപ്പില്‍ നഷ്ടമാകുന്ന ബിസിനസ് ഇന്ത്യയില്‍ കണ്ടെത്താം എന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ കണക്കുകൂട്ടലും. എന്നാല്‍ മറ്റെല്ലാത്തിനേയും പോലെ കോവിഡ് മഹാമാരിയും തുടര്‍ന്ന് ബോറിസിന്റെ സ്ഥാനചലനവും ഒക്കെ കൂടി ഏറെ ചരിത്ര പ്രാധാന്യമുള്ള ഇന്ത്യ - യുകെ വ്യാപാര കരാര്‍ സംബന്ധിച്ച അന്തിമ രൂപം 2025 വരെ കൊണ്ടെത്തിക്കുക ആയിരുന്നു. ഇതിനിടയില്‍ 14 വട്ടമാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്. ബ്രിട്ടീഷ് വിദേശകര്യ സെക്രട്ടറിമാരും വാണിജ്യ സെക്രട്ടറിമാരും കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കൂടുതല്‍ കാലം ഡല്‍ഹിയില്‍ ആയിരുന്നു എന്ന തമാശ പോലും ഇതിനിടയില്‍ പരുവപ്പെടുത്തിയിരുന്നു.
ഡല്‍ഹിയും ലണ്ടനും സംശയത്തോടെ നോക്കിയ നാളുകള്‍, ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വളരുന്നത് സൗഹൃദ പാലം തന്നെ
പലപ്പോഴും ഡല്‍ഹിയും ലണ്ടനും പരസ്പരം സംശയിക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തത് കരാര്‍ വൈകാന്‍ ഇടയാക്കിയ ഘടകങ്ങളാണ്. കോവിഡില്‍ തകര്‍ന്ന ബ്രിട്ടീഷ് സാമ്പത്തിക സ്ഥിതി തിരികെ കരകയറാന്‍ വൈകിയതും ബോറിസിന് പിന്നാലെ പ്രധാനമന്ത്രിമാര്‍ കൂടെ കൂടെ മാറിക്കൊണ്ടിരുന്നതും ഒക്കെ ബ്രക്‌സിറ്റിനെ തുടര്‍ന്നുള്ള വ്യാപാര കരാര്‍ വൈകാന്‍ കരണമാക്കിയ ഘടകങ്ങളാണ്.
ചുരുക്കത്തില്‍ 1990ല്‍ ജോണ്‍ മേജര്‍ തുടങ്ങി വച്ച ഇന്ത്യയുമായുള്ള സൗഹൃദ നീക്കങ്ങളുടെ വിളവെടുപ്പ് നടക്കുന്നത് 2025ല്‍ ആണെന്ന് കൂടി വ്യക്തമാക്കുകയാണ് മോദിയുടെ നാലാം യുകെ സന്ദര്‍ശനം. വെറും രണ്ടു നാളത്തേക്കുള്ള സന്ദര്‍ശനം ആണെങ്കിലും മോദി ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനെയും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിനെയും കണ്ടുമടങ്ങുമ്പോള്‍ അതില്‍ ചരിത്രം അതിന്റെ കയ്യൊപ്പ് ചാര്‍ത്തിയിരിക്കും എന്ന് വ്യക്തമാണ്. നീണ്ട 35 വര്‍ഷങ്ങളുടെ കാത്തിരിപ്പ് കൂടിയാണ് ഈ സന്ദര്‍ശന വേളയില്‍ ഒരു സ്വപ്നം പോലെ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ യാഥാര്‍ത്ഥ്യമാകുന്നതും.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പലപ്പോഴും ഇത്തരത്തില്‍ നീണ്ട കാലത്തെ കാത്തിരിപ്പ് അനിവാര്യം ആണെങ്കിലും പഴയ കാല അനുഭവങ്ങള്‍ പിന്തുടര്‍ന്ന് എത്തുന്ന ഭരണാധികാരികളെ ഓര്‍മ്മിപ്പിക്കുന്ന ബ്യുറോക്രാറ്റുകള്‍ക്ക് അപ്പുറം വളരാന്‍ രാഷ്ട്ര നേതാക്കള്‍ക്ക് കഴിയുമ്പോഴാണ് പലപ്പോഴും ലോക ക്രമം തന്നെ മാറുന്ന രാഷ്ട്രീയ സമവാക്യങ്ങള്‍ ഉരുത്തിരിയുന്നത്. ഇപ്പോള്‍ ചാള്‍സ് രാജാവിന്റെ വിരുന്നു ഉണ്ണുന്ന മോദിയും പഴയകാല സംഭവങ്ങള്‍ എണ്ണിപ്പറഞ്ഞു കണക്ക് തീര്‍ക്കാന്‍ ശ്രമിക്കില്ല എന്നതാണ് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്.
തന്റെ അമ്മ രാജ്ഞിയുടെ അവസാന ഇന്ത്യന്‍ സന്ദര്‍ശനവും തുടര്‍ന്നുള്ള വിവാദവും ഒക്കെ ചാള്‍സ് രാജാവിന്റെ മനസിലും മിന്നലായി എത്തുമെങ്കിലും അന്ന് ഭാര്യ ഡയാനയുടെ മരണം സൃഷ്ടിച്ച വിവാദങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് എലിസബത്ത് രാജ്ഞി ഇന്ത്യയില്‍ എത്തിയതെന്നതും ആ സന്ദര്‍ശനം പോലും വിവാദമായി മാറാന്‍ ഡയാനയുടെ മരണമടക്കമുള്ള പാര്‍ശ്വ ഘടകങ്ങളും കാരണമായിരിക്കാം എന്ന സ്വയം സമാധാനവും ഒക്കെ ചേര്‍ത്താകും പഴയതൊക്കെ മറക്കാന്‍ ചാള്‍സ് രാജാവ് തന്നെ മുന്‍കൈ എടുത്ത് ഇന്ത്യന്‍ ഭരണാധികാരിക്ക് വിരുന്നു ഒരുക്കാന്‍ തയ്യാറാകുന്നതും. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ യമുനയിലും ലണ്ടനിലെ തെയിംസിലും ഒരുപാട് വെള്ളം ഒഴുകി പോയിട്ടുണ്ട് എന്നതും മറക്കേണ്ടതൊക്കെ മറക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും കാരണമായി മാറുകയും ചെയ്യും.