- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരൊറ്റ ദേശീയ നേതാവ് പോലും എത്തിയില്ല; സംസ്ഥാന നേതാക്കളും അവഗണിച്ചു; പ്രചാരണത്തിന് ആവശ്യമായ ഫണ്ടും നല്‍കിയില്ല; എന്നിട്ടും സുരേന്ദ്രന് ശേഷം വയനാട്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ബിജെപി സ്ഥാനാര്‍ഥിയായി; പ്രൊഫഷണല്‍ മികവിന്റെ ബലത്തില്‍ പ്രിയങ്കയോട് ഏറ്റുമുട്ടിയ നവ്യ ഹരിദാസിന് എങ്ങും കയ്യടി
നവ്യ ഹരിദാസിന് എങ്ങും കയ്യടി
കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പു ഫലങ്ങള്‍ വന്നതിന് ശേഷം കേരളത്തില്‍ ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നത് പാലക്കാട് മണ്ഡലത്തിലെ ബിജെപിയുടെ തോല്‍വിയാണ്. പതിനായിരത്തോളം വോട്ടുകളാണ് മണ്ഡലത്തില്‍ ബിജെപിക്ക് നഷ്ടമായത്. ഇതോടെ കെ സുരേന്ദ്രനെതിരെ അടക്കം പടയൊരുക്കം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരിക്കയാണ്. പാലക്കാട്ടെ നിരാശക്കിടയിലും വയനാട്ടിലെ ബിജെപിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. നവ്യ ഹരിദാസ് എന്ന യുവ സ്ഥാനാര്‍ഥിയെ കളത്തില്‍ ഇറക്കിയ ബിജെപിക്ക് അവരുടെ പ്രതീക്ഷ തെറ്റിയില്ല. പ്രിയങ്ക ഗാന്ധിയോട് ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ നവ്യക്ക് സാധിച്ചു. സൗമ്യമായ ഇടപെടലുകളുമായി വോട്ടര്‍മാരെ കൈയിലെടുക്കാന്‍ നവ്യക്ക് സാധിച്ചു.
കഴിഞ്ഞ തവണ രാഹുലിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ 13 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ 12 ശതമാനം വോട്ടുകള്‍ നിലനിര്‍ത്താന്‍ സാധിച്ചു. ഒരു ശതമാനം വോട്ടുകള്‍ മാത്രമാണ് കുറഞ്ഞത്. ഇത് നവ്യയുടെ നേട്ടമായാണ് കണക്കിലാക്കുന്നത്. നവ്യയെ സ്ഥാനാര്‍ഥിയാക്കിയ ശേഷം സംസ്ഥാന നേതാക്കളെല്ലാം അവരെ അവഗണിച്ചിരുന്നു. പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ടും നല്‍കിയില്ല. എന്നിട്ടു കൂടി കെ സുരേന്ദ്രന് ശേഷം ഏറ്റവും കൂടുതല്‍ വോട്ടു നേടുന്ന ബിജെപി സ്ഥാനാര്‍ഥിയായി അവര്‍ മാറി.
ഐടി പ്രൊഫഷണല്‍ എന്ന നിലയില്‍ നിന്നും ബിജെപി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ നവ്യക്ക് യുവാക്കള്‍ക്കിടയില്‍ നല്ല സ്വീകാര്യത തന്നെ ലഭിച്ചുവെന്നതാണ് അവര്‍ക്ക് കിട്ടിയ വോട്ടു വിഹിതത്തില്‍ നിന്നും വ്യക്തമാകുന്നത്. തനിക്ക് വോട്ടു ചെയ്തവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടാണ് നവ്യ വയനാട് ചുരം ഇറങ്ങിയുതം. രാഷ്ട്രീയ നേതാവായും സഹോദരിയായും മകളായും ഒപ്പം നിന്ന് സംരക്ഷിച്ചവര്‍ക്ക് നന്ദി അറിയിച്ച് കൊണ്ട് അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് നവ്യ വയനാട്ടിലെ പ്രിയപ്പെട്ട ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും നന്ദി അറിയിച്ചത്.
'വിജയം അന്തിമമല്ല.. പരാജയം മാരകമല്ല.. അത് തുടരാനുള്ള ധൈര്യമാണ്' എന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വാക്കുകള്‍ കടമെടുത്താല്‍ അതായിരിക്കും യാഥാര്‍ത്ഥ്യമെന്ന് പറഞ്ഞുകൊണ്ടാണ് നവ്യ ഹരിദാസിന്റെ വാക്കുകള്‍ തുടങ്ങിയത്. പേരുകേട്ട എതിരാളികളെ പരാജയപ്പെടുത്താന്‍ ഇറങ്ങുമ്പോള്‍ നേതൃത്വം എന്നിലര്‍പ്പിച്ച വിശ്വാസം, അത് കൈവിടാതെ, വയനാട്ടുകാരിയായി ശക്തമായ മത്സരം കാഴ്ചവെക്കാന്‍ സാധിച്ചുവെന്ന് അവര്‍ കുറിച്ചു. നല്ല മത്സരം കാഴ്ചവെച്ചുവെന്ന് മുതിര്‍ന്ന നേതാക്കളും സഹപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും അഭിപ്രായം പങ്കിടുമ്പോള്‍.. അതിയായ സന്തോഷമുണ്ടെന്നും നവ്യ ഹരിദാസ് പറയുന്നു.
622338 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിന് അത്രയും വോട്ടുകള്‍ അവര്‍ക്ക് നേരിടാന്‍ സാധിച്ചില്ല. മഹിളാ മോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ നവ്യ ഹരിദാസ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കോര്‍പ്പറേഷനില്‍ വിജയിക്കുന്നത്. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെയാണ് നേതൃത്വം നവ്യയെ വയനാട്ടിലേക്ക് നിയോഗിച്ചത്. പ്രചാരണത്തിലുടനീളം സാധാരണക്കാരിയായി വയനാട്ടുകാരുടെ പ്രശ്നങ്ങള്‍ മനസിലാക്കിയുളള ഇടപെടലുകളിലൂടെ അവരില്‍ ഒരാളായി നവ്യ മാറിയിരുന്നു.
പ്രിയങ്കയ്‌ക്കെതിരെ മത്സരിച്ച നവ്യയ്ക്ക് 109,939 വോട്ടുകളാണ് ലഭിച്ചത്. 31,106 വോട്ടിന്റെ കുറവുണ്ടായി. എന്നാല്‍, സുരേന്ദ്രന് വേണ്ടി ആളും അര്‍ത്ഥവും കിറ്റും എത്തിച്ചിരുന്നു. എന്നാല്‍, നവ്യക്ക് വേണ്ടി അതൊന്നും ഉണ്ടായില്ല. എന്നിട്ടും പുതുമുഖ സ്ഥാനാര്‍ഥിയെന്ന നിലയില്‍ മികച്ച പ്രകടനമാണ് അവര്‍ കാഴ്ച്ചവെച്ചത്.
കോണ്‍ഗ്രസ് കുടുംബാധിപത്യം പുലര്‍ത്തനാണ് വയനാട്ടില്‍ ശ്രമിക്കുന്നതെന്നും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന എംപിയെയാണു ജനങ്ങള്‍ക്ക് ആവശ്യമെന്നുമായിരുന്നു എന്‍ഡിഎ പ്രചാരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള്‍ നവ്യ ഹരിദാസ് വയനാട്ടുകാര്‍ക്ക് അത്ര പരിചിതയല്ല. ആ പരിചയക്കുറവ് മറികടക്കാന്‍ അവര്‍ക്ക് അതിവേഗം സ്ാധിച്ചു. ഏപ്രിലില്‍ സുരേന്ദ്രനു വേണ്ടി നടത്തിയ രീതിയിലുള്ള വമ്പന്‍ പ്രചാരണങ്ങള്‍ നടത്താനും ബിജെപി തയാറായിരില്ല. ഇതാണ് മുപ്പതിനായിരം വോട്ടുകളുടെ കുറവിന് ഇടയാക്കിയത്. എങ്കിലും നിയമസഭയിലേക്കുള്ള കന്നി പോരാട്ടത്തില്‍ വന്‍ വിജയമായി വിലയിരുത്തണം അവരുടെ വോട്ടുനേട്ടം.
വേഗത്തില്‍ വയനാട്ടുകാര്‍ക്ക് സുപരിചിതയാകാന്‍ നവ്യയ്ക്കു സാധിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത പ്രിയങ്ക ഗാന്ധിയെക്കാള്‍ എന്തുകൊണ്ടും ജനങ്ങള്‍ക്കുേവണ്ടി പ്രവര്‍ത്തിക്കാന്‍ യോഗ്യയായത് നവ്യ ഹരിദാസാണെന്ന് എന്‍ഡിഎ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നതിന് എന്‍ഡിഎ സ്ഥാനാര്‍ഥി ജയിച്ചേ മതിയാകൂ എന്നതാണു നവ്യയുടെ നിലപാട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിനോദ സഞ്ചാരത്തിനാണ് വയനാട്ടില്‍ എത്തുന്നതെന്നും നവ്യ ആരോപിച്ചു.
മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്തി നവ്യ, ആരാധനാലയങ്ങളും തുടര്‍ച്ചയായി സന്ദര്‍ശിച്ചു. ആദിവാസി വോട്ടര്‍മാെരയും ചേര്‍ത്തു പിടിക്കാനുള്ള ശ്രമമാണു നടത്തി. ഇതെല്ലാം അവരുടെ നില മെച്ചപ്പെടുത്തുന്നതിന് വഴിയൊരുക്കി.
നവ്യയുടെ പ്രചാരണത്തിന് മോദി വന്നിരുന്നില്ല. സുരേന്ദ്രനു വേണ്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ വന്നിരുന്നു. നവ്യയ്ക്കു വേണ്ടി മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മാത്രമാണ് പ്രചാരണം നടത്തിയത്. മറ്റ് സംസ്ഥാന നേതാക്കള്‍ എത്തിയതുമില്ല. ബിജെപിയുടെ ശക്തികേന്ദ്രമായ ബത്തേരിയിലും എന്‍ഡിഎയ്ക്ക് വോട്ടു ചോര്‍ച്ചയുണ്ടായെന്ന് വിലയിരുത്തുന്നുണ്ട്. കെ. സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ 35709 വോട്ട് നേടിയിരുന്നു. എന്നാല്‍ ഇത്തവണ ബത്തേരിയില്‍ 26,762 വോട്ടായി കുറഞ്ഞു. അത് പ്രവര്‍ത്തനത്തിലെ പോരായ്മയാമ് വിലയിരുത്തന്നത്.
എങ്കിലും മെച്ചപ്പെട്ട പ്രകടനം നടത്തിയത നവ്യ ബിജെപിയിലെ പുതിയ താരമായാണ് അറിയപ്പെടുന്നത്. കെ.സുരേന്ദ്രനുശേഷം ഒരു ലക്ഷത്തില്‍ കൂടുതല്‍ വോട്ടു നേടുന്ന സ്ഥാനാര്‍ഥിയായി നവ്യ ഹരിദാസ് മാറി. 2009ല്‍ 31,687 വോട്ടുകള്‍ മാത്രം ലഭിച്ചിടത്തുനിന്നു തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍പരം വോട്ടു ലഭിച്ചത് മികച്ച േനട്ടമായാണ് ബിജെപി പ്രവര്‍ത്തകര്‍ കരുതുന്നത്.