- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതിവിടെ പറയുന്നത് എന്തിന്? പ്രതിപക്ഷം ഉന്നയിച്ച വിഷയം പ്രാധാന്യം ഇല്ലാത്തതെന്ന് സ്പീക്കര്‍; രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ക്കും എന്ന് ബിജെപി നേതാവ് ഭീഷണി മുഴക്കിയ കേസെന്നും സര്‍ക്കാരിന് ബിജെപിയെ ഭയമെന്നും പ്രതിപക്ഷ നേതാവ്; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ ബഹളം; സഭ പിരിഞ്ഞു
സഭ പിരിഞ്ഞു
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവ് നടത്തിയ വധഭീഷണി ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളിയതിനെത്തുടര്‍ന്ന് നിയമസഭയില്‍ ബഹളം. ഇതേത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി തിങ്കളാഴ്ചയാണ് സഭ ചേരുക.
പ്രതിപക്ഷം ഉന്നയിച്ച വിഷയം പ്രാധാന്യമില്ലാത്തതാണെന്ന് സ്പീക്കര്‍ അറിയിച്ചതോടെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ഡയസിലേക്ക് കയറാനുള്ള പ്രതിപക്ഷാംഗങ്ങളുടെ ശ്രമം വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞു. പ്രതിപക്ഷം ബഹളം ശക്തമാക്കിയതോടെ സ്പീക്കര്‍ സഭാ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി ഉയര്‍ത്തിയ പ്രിന്റു മഹാദേവിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചു. എന്നാല്‍, പ്രതിപക്ഷത്തിന്റെ ഈ ആരോപണങ്ങള്‍ക്ക് സഭയില്‍ മറുപടി ഉണ്ടായില്ല. 'ഗൗരവമുള്ള വിഷയമാണ് പ്രതിപക്ഷം കൊണ്ടുവന്നത്. ഗൗരവമായ നോട്ടീസാണ്. അത് നിസാരമായ വിഷയമല്ല. രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട ഉതിര്‍ക്കും എന്ന് പറഞ്ഞ കേസാണിത്. അതിന് ഗൗരവം ഇല്ല എന്ന് പറഞ്ഞത് ശരിയല്ല. ഭീഷണിപ്പെടുത്തിയ ആളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. അയാളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു'' സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ ഭീഷണിയില്‍ 27നും 28നും പരാതി നല്‍കിയെന്നും എന്നിട്ടും അറസ്റ്റ് ചെയ്തില്ലെന്നും സര്‍ക്കാരിന് ബിജെപിയെ ഭയമാണെന്നും സതീശന്‍ ആരോപിച്ചു.
സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ധര്‍ണ നടത്തി. ഭീഷണിപ്പെടുത്തിയ വ്യക്തിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനറുകളും പ്രതിപക്ഷം ഉയര്‍ത്തി.
കഴിഞ്ഞ 26ന് നടന്ന ഒരു ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെയാണ് ബിജെപി നേതാവ് പ്രിന്റു മഹാദേവ് രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശം പുറത്തുവന്ന് മൂന്നുദിവസത്തിനുശേഷമാണ് പ്രതിപക്ഷം നിയമസഭയില്‍ വിഷയം ഉന്നയിച്ചതെന്ന് മന്ത്രി പി. രാജീവ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാവ് സി.സി. ശ്രീകുമാറിന്റെ പരാതിയില്‍ തൃശൂര്‍ പേരാമംഗലം പോലീസ് പ്രിന്റുവിനെതിരെ കേസെടുത്തിട്ടുണ്ട്.