തിരുവനന്തപുരം: നിയമസഭയില്‍ ശബരിമല സ്വര്‍ണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബാനറുകളുമായി നടുത്തളത്തിലിറങ്ങി. സ്പീക്കറെ മറച്ച് ബാനറുകള്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തരവേള തടസ്സപ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതോടെ സഭാനടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു.

ചര്‍ച്ചയ്ക്ക് നോട്ടീസ് പോലും നല്‍കാതെയുള്ള പ്രതിഷേധത്തെ ഭരണപക്ഷവും കളിയാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ അനുമതി നിഷേധിച്ച കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ഇതോടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു. അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു സ്പീക്കര്‍.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. 'കാട്ടുകള്ളന്മാര്‍, അമ്പലം വിഴുങ്ങികള്‍', ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവെയ്ക്കുക എന്നടക്കം എഴുതിയ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇത് സഭാമര്യാദയ്‌ക്കെതിരാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീറും ധനമന്ത്രി കെ.എന്‍. ബാലഗോപാലും പലയാവര്‍ത്തി പറഞ്ഞെങ്കിലും പ്രതിപക്ഷം വകവെച്ചില്ല. സഭയിലെ പുതിയ അംഗങ്ങളായ ആര്യാടന്‍ ഷൗക്കത്തിനോടും ചാണ്ടി ഉമ്മനോടുമൊക്കെ ബാനര്‍ പിടിപ്പിക്കുന്നത് ശരിയാണോ എന്ന് ബാലഗോപാല്‍ ചോദിച്ചു.

സ്പീക്കറുടെ ഡയസിലേക്ക് കയറാനുള്ള ശ്രമവും പ്രതിപക്ഷാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഇതോടെ സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സഭാനടപടികള്‍ കുറച്ചുനേരത്തേക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് സഭ തുടങ്ങിയപ്പോഴും പ്രതിപക്ഷം ബഹിഷ്‌കരണം തുടര്‍ന്നു. സ്വര്‍ണപ്പാളി വിഷയം ഗൗരവമായിത്തന്നെ സഭയില്‍ ഉന്നയിക്കാനുറച്ചാണ് പ്രതിപക്ഷം തിങ്കളാഴ്ച സഭയിലെത്തിയത്. അടിയന്തരപ്രമേയമായി നോട്ടീസ് നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അടിയന്തരപ്രമേയമായി ഉന്നയിക്കുന്നതിനു മുന്നേതന്നെ ചോദ്യോത്തരവേളയില്‍ വിഷയം അവതരിപ്പിക്കാം എന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുത്തു. ഇതിന് കാരണം കോടതി കാര്യം ചൂണ്ടികാട്ടി തള്ളുമെന്ന വിലയിരുത്തലായിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഈ വിഷയം സഭയില്‍ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്. ഇടവേളയ്ക്കുശേഷം ഇന്നാണ് (തിങ്കളാഴ്ച) സഭാസമ്മേളനം വീണ്ടും ആരംഭിച്ചത്. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. സ്വര്‍ണം നഷ്ടമായത് ദേവസ്വം ബോര്‍ഡിന്റെ തലയില്‍വെച്ച് സര്‍ക്കാര്‍ മാറിനില്‍ക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതാണ് ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്.

ശബരിമലയിലെ സ്വര്‍ണ്ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ശബരിമല പ്രശ്‌നം സഭയില്‍ കൊണ്ട് വരാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി. ചോദ്യോത്തര വേളയിലേക്ക് സ്പീക്കര്‍ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനര്‍ കെട്ടിയ പ്രതിപക്ഷം സഭയില്‍ ശരണം വിളിച്ചു കൊണ്ടാണ് പിന്നീട് പ്രതിഷേധിച്ചത്. പ്രതിപക്ഷം സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്.

ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിഷയം ഉന്നയിച്ചു. സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍, അംഗങ്ങളെ സ്പീക്കര്‍ ചോദ്യം ഉന്നയിക്കാനായി ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറും ബോര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറെ മറച്ച് ബാനര്‍ പിടിച്ചു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഭരണപക്ഷവും കസേരകളില്‍നിന്ന് എഴുന്നേറ്റു. ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന പ്രവണത രാജ്യത്ത് ഒരിടത്തും ഇല്ലെന്നും ഇത് ശരിയായ രീതിയല്ലെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് അംഗങ്ങളെ നിയന്ത്രിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ബാനര്‍ താഴ്ത്തി പിടിക്കണമെന്നും ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നത് ജനങ്ങളോടുള്ള അനാദരവാണെന്നും സ്പീക്കര്‍ എ.എന്‍.ഷംസീറും പറഞ്ഞു.ബഹളം കൂടിയതോടെ ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കി. സഭ അല്‍പനേരത്തേക്ക് നിര്‍ത്തി. ഒരിക്കല്‍ അടിയന്തരപ്രമേയമായി പ്രതിപക്ഷം വിഷയം ഉന്നയിച്ചെങ്കിലും ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെയും സര്‍ക്കാരിന്റെയും നിലപാട്. ശബരിമല വിഷയത്തില്‍ വലിയ പ്രതിഷേധത്തിലേക്ക് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.