തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നടന്ന അതിക്രമ സംഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്. കെ കെ രമയായിരുന്നു ചോദ്യങ്ങളുമായി രംഗത്തുവന്നത്. എ്ന്നാല്‍, രമയ്ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ എത്തിയില്ല എന്നത് ശ്രദ്ധേയമായി.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ സര്‍ക്കാര്‍ ലാഘവത്തോടെ എടുക്കുന്നുവെന്ന് കെ കെ രമ എംഎല്‍എ സഭയില്‍ അടിയന്തയര പ്രമേയ നോട്ടീസില്‍ ആരോപിച്ചു. മുഖ്യമന്ത്രിയില്‍ നിന്നാണ് പ്രതിപക്ഷം മറുപടി തേടിയത്. എന്നാല്‍ കെ കെ രമ അവതരിപ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. നിയമസഭയില്‍ എത്തിയിട്ടും മുഖ്യമന്ത്രി ഫ്‌ലോറില്‍ വന്നില്ല. സഭയില്‍ വരാതെ മുഖ്യമന്ത്രി നിയമസഭയിലെ മുറിയിലിരിക്കുകയായിരുന്നു. ഇതുതന്നെ സര്‍ക്കാരിന്റെ ഉദാസീനതയുടെ ഉദാഹരണമാണ് പ്രതിപക്ഷം ആഞ്ഞടിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രി വീണാ ജോര്‍ജാണ് മുഖ്യമന്ത്രിക്ക് പകരം മറുപടി നല്‍കിയത്. അതേസമയം ചര്‍ച്ചയ്ക്ക് ശേഷം പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

പോക്‌സോ കേസില്‍ പ്രതിയായ ആളെ കെസിഎയുടെ തലപ്പത്തേക്ക് കൊണ്ട് വന്നു. ഇയാളാണ് പെണ്‍കുട്ടികള്‍ക്കെതിരെ മോശമായി പെരുമാറിയത്. ഇടതുപക്ഷം ഭരിക്കുന്ന നാടാണിത്, നമ്പര്‍ വണ്‍ എന്ന് പറയുന്ന കേരളത്തിലാണ് ഇത് നടക്കുന്നതെന്ന് രമ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പോലും പുറത്തുപോയി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പോലും സര്‍ക്കാര്‍ പരസ്യപ്പെടുത്തിയില്ല. ആരോപിതരായ ആളുകളെ രക്ഷിക്കാനുള്ള ശ്രമമാണ് കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ ഇരയുടെ കൂടെനിന്ന നഴ്സിനെതിരെ നടപടി സ്വീകരിച്ചു. ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കുതിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പെണ്‍കുട്ടികള്‍ പോക്‌സോ കോടതികള്‍ കയറിയിറങ്ങുന്നുവെന്നും രമ ആരോപിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമത്തില്‍ സര്‍ക്കാരിന് ഒരു നിലപാട് മാത്രമെ ഉള്ളൂവെന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് മറുപടി നല്‍കി. കാലടി സര്‍വകലാശാലയിലെ അശ്ലീല ചിത്രപ്രചരണത്തിലെ പ്രതിയെ പൂമാലയിട്ട് സ്വീകരിക്കുകയല്ല ചെയ്തത്, പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം നടത്തുന്നവര്‍ ആരായാലും ശക്തമായ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനുണ്ട്. കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ നടത്തുന്ന അതിക്രമങ്ങളില്‍ നേതൃത്വം എന്ത് നിലപാട് സ്വീകരിച്ചിട്ടുണ്ട്? അത്തരം അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ള ആളാണ് താനും. തൃക്കാക്കര, പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഈ ആക്രമണങ്ങള്‍ കണ്ടതാണെന്നും വീണാ ജോര്‍ജ് തിരിച്ചടിച്ചു. ഇതോടെ സഭയില്‍ ഭരണ - പ്രതിപക്ഷ ബഹളം ആരംഭിച്ചു.

മാപ്പ് പറഞ്ഞതും തള്ളിപ്പറഞ്ഞതും കൊണ്ട് മാത്രം കാര്യമില്ല. മനോഭാവമാണ് മാറേണ്ടത്. സ്ത്രീയെന്നു പറഞ്ഞാല്‍ ശരീരം മാത്രമാണോ? വടകര തിരഞ്ഞെടുപ്പ് വേളയില്‍ കെ കെ ശൈലജക്ക് നേരെ നടന്നത് എന്തെന്ന് കേരളം കണ്ടു. തയ്യല്‍ ടീച്ചറുടെ കഷ്ണം കിട്ടിയെങ്കില്‍ തരണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വീണാ ജോര്‍ജ് സഭയില്‍ ചോദിച്ചു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ ചേരിതിരിഞ്ഞുള്ള ചര്‍ച്ചയല്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു.