- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ലക്ഷ്മണണ്ണന്‍ ഇടപെടണ്ട, പിഷാരടിയെ കയറ്റില്ല!' വടക്കന്തറയില്‍ പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചതോടെ സ്ഥാനാര്‍ത്ഥി വോട്ട് ചോദിക്കാതെ മടങ്ങി; ജനാധിപത്യവിരുദ്ധമെന്ന് പിഷാരടി; ചെറുവത്തൂരില്‍ സന്ദീപ് വാര്യരെ വിരട്ടി സിപിഎം; രാഷ്ട്രീയ ഗോദായിലെ ഗൂണ്ടായിസം ഇങ്ങനെ
വടക്കന്തറയില്‍ പിഷാരടിയെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

പാലക്കാട്: തിരഞ്ഞെടുപ്പ് ചൂടില്‍ തിളയ്ക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ നാടകീയ സംഭവങ്ങള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ ബിജെപിയുടെ ശക്തികേന്ദ്രമായ വടക്കന്തറയില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. വോട്ടര്‍മാരെ കാണാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്തെത്തിയതോടെ മണ്ഡലത്തില്‍ രാഷ്ട്രീയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
വടക്കന്തറയിലെ 'അപ്രഖ്യാപിത വിലക്ക്'
പാലക്കാട് നഗരസഭയിലെ 51-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട വടക്കന്തറയില്‍ പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. ബിജെപിയുടെ ഉറച്ച കോട്ടയായ ഇവിടെ വോട്ട് ചോദിക്കാന്‍ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവരെ ഈ മേഖലയില്‍ പ്രവേശിപ്പിക്കില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ പരസ്യമായി പ്രഖ്യാപിച്ചു. തര്‍ക്കം പരിഹരിക്കാന്‍ ചിലര്‍ ഇടപെട്ടെങ്കിലും 'ലക്ഷ്മണണ്ണന്‍ ഇതില്‍ ഇടപെടേണ്ട, പിഷാരടിയെ ഇവിടെ കയറ്റില്ല' എന്ന് പ്രതിഷേധക്കാര്‍ ആക്രോശിക്കുകയായിരുന്നു. ഇതോടെ പ്രചാരണം പൂര്‍ത്തിയാക്കാനാവാതെ സ്ഥാനാര്‍ത്ഥിയും സംഘവും മടങ്ങി. പ്രതിഷേധം ജനാധിപത്യവിരുദ്ധമെന്ന് പിഷാരടി പ്രതികരിച്ചു.
ശക്തികേന്ദ്രങ്ങളിലെ 'അദൃശ്യ മതിലുകള്‍'
പാലക്കാട് ടൗണ്‍ സൗത്ത് മേഖലയിലെ മൂത്താന്തറ, വടക്കന്തറ തുടങ്ങിയ സ്ഥലങ്ങള്‍ ബിജെപിയുടെ കരുത്തുറ്റ കേന്ദ്രങ്ങളാണ്. ഇവിടെ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ ഫ്‌ലക്‌സുകളോ പോസ്റ്ററുകളോ പോലും അനുവദിക്കാറില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മുന്‍പ് 2016-ല്‍ ഷാഫി പറമ്പില്‍ മത്സരിച്ചപ്പോഴും സമാനമായ തടസ്സങ്ങള്‍ നേരിട്ടിരുന്നു. ജനാധിപത്യപരമായ പ്രചാരണ സ്വാതന്ത്ര്യത്തെ ബിജെപി തടയുകയാണെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
കാസര്‍കോട് സന്ദീപ് വാര്യര്‍ക്ക് നേരെ പ്രതിഷേധം
പാലക്കാടിന് പുറമെ കാസര്‍കോട് ചെറുവത്തൂരിലും യുഡിഎഫ് പ്രചാരണ സംഘത്തിന് നേരെ പ്രതിഷേധമുണ്ടായി. യുഡിഎഫ് സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായാണ് പരാതി. സംഭവസ്ഥലത്തെത്തിയ സന്ദീപ് വാര്യരുമായി സിപിഎം പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. എന്നാല്‍, മണ്ഡലത്തിന് പുറത്തുള്ളവര്‍ പ്രചാരണത്തിനെത്തിയെന്ന് ആരോപിച്ചാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്ന് വ്യക്തമാക്കിയ സിപിഎം, ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.


