കോട്ടയം/പുതുപ്പള്ളി: സംസ്ഥാന രാഷ്ട്രീയത്തില്‍, പുതിയൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോട്ടയത്തെ യു.ഡി.എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയ രാഹുല്‍, കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി എന്നത് തന്റെ സ്വപ്നമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. വെറുമൊരു വൈകാരിക പ്രസംഗത്തിനപ്പുറം കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഈ പരാമര്‍ശത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്ത്രീകളാണ് സംസ്ഥാനത്തിന്റെ ഭാവിയെന്നും അടിത്തറയെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. 'വനിതകള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ചിന്തിക്കാന്‍ കഴിയും. ഒരു വനിതാ മുഖ്യമന്ത്രി കേരളത്തില്‍ ചുമതലയേല്‍ക്കുന്നത് ഞാന്‍ സ്വപ്നം കാണാറുണ്ട്,' രാഹുല്‍ പറഞ്ഞു. ഈ പരാമര്‍ശം വേദിയിലുണ്ടായിരുന്ന വനിതാ പ്രവര്‍ത്തകര്‍ ആവേശത്തോടെ സ്വീകരിച്ചപ്പോള്‍, പുരുഷ പ്രവര്‍ത്തകര്‍ക്കിടയില്‍ കാര്യമായ പ്രതികരണം ഉണ്ടാകാതിരുന്നത് രാഹുല്‍ നര്‍മ്മരൂപേണ ചൂണ്ടിക്കാട്ടുകയും ചെയ്തു.

രാഹുലിന്റെ സ്വപ്നത്തിന് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങള്‍

രാഹുല്‍ ഗാന്ധിയുടെ ഈ പ്രഖ്യാപനത്തിന് പിന്നില്‍ മൂന്ന് പ്രധാന രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്:




സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാന്‍

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം മുതല്‍ കെ.കെ. ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടണമെന്ന് ഒരു വിഭാഗം സി.പി.എം അനുകൂലികള്‍ക്കിടയില്‍ ശക്തമായ വാദമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി അതിന് വഴങ്ങിയിരുന്നില്ല. ശൈലജ ടീച്ചറെ തഴഞ്ഞത് ചര്‍ച്ചയാക്കി ഇടതുപക്ഷത്തെ വനിതാ വോട്ടര്‍മാരിലെങ്കിലും ആശയക്കുഴപ്പമുണ്ടാക്കുക എന്ന തന്ത്രമാണ് രാഹുല്‍ ഇതിലൂടെ പയറ്റുന്നത്.

മോദിക്കുള്ള മറുപടി

കഴിഞ്ഞ ദിവസം പാലക്കാട് നടന്ന റാലിയില്‍ കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ മാത്രമല്ല, ഭരണത്തിന്റെ അമരത്തും കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നുവെന്ന് വ്യക്തമാക്കാനാണ് രാഹുല്‍ ഈ വേദി തിരഞ്ഞെടുത്തത്.

വനിതാ വോട്ടര്‍മാരെ സ്വാധീനിക്കാന്‍

കേരളത്തിലെ വോട്ടര്‍മാരില്‍ പകുതിയിലധികവും സ്ത്രീകളാണ്. മഹിളാ ശാക്തീകരണം കോണ്‍ഗ്രസിന്റെ പ്രധാന അജണ്ടയാണെന്ന് ബോധ്യപ്പെടുത്തുന്നതിലൂടെ കുടുംബ വോട്ടുകള്‍ യു.ഡി.എഫ് പാളയത്തിലേക്ക് എത്തിക്കുക എന്നതും രാഹുലിന്റെ ലക്ഷ്യമാണ്.

രാഹുലിന്റെ പ്രഖ്യാപനം ഈ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ചല്ലെങ്കിലും ്‌വനിതാ മുഖ്യമന്ത്രിയുടെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടാനും ചര്‍ച്ചയാക്കാനും കഴിഞ്ഞുവെന്നതാണ് നേട്ടം.